മണാലി: ഒരു സ്വപ്നയാത്ര

"എത്രമേൽ സരസമാം ലക്ഷ്യങ്ങൾ,.. അത്രമേൽ കഠിനമോ മാർഗങ്ങൾ.. മണ്ണിലാണ് സ്വർഗം.. ഈ നിമിഷമാണ് നിൻ പറുദീസാ.. മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്.." എന്റെ ഓർമ ശരിയാണെങ്കിൽ ലോക്ക്‌ഡൌൺ കഴിഞ്ഞ ശേഷം ഞാൻ ആദ്യമായി ബസിൽ കയറുന്നത് അന്നാണ്. ഫെബ്രുവരി 28. വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയാണ്. സാധാരണ ബൈക്കിലാണ് പോക്ക്. പക്ഷെ ഇത്തവണ ബൈക്ക് എടുത്തില്ല. അടുത്ത 10-12 ദിവസം ബൈക്ക് ആവശ്യമില്ല. ഒരു യാത്ര പോവുകയാണ്. ഒരു യാത്ര അല്ല ഒരു ഒന്നൊന്നര യാത്ര. ബസിൽ കയറി സൈഡ് സീറ്റ് പിടിച്ചു.. ഇയർഫോൺ വച്ചു.. സാധാരണ ബസിൽ ഇരുന്നു പാട്ട് കേട്ട് ഉറങ്ങലാണ് പതിവ്. പക്ഷെ അന്ന് ഉറക്കം വന്നില്ല. വല്ലാത്ത ഒരു ത്രില്ലിലാണ്. കണ്ണും മിഴിച്ച് സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ് കണ്ടക്ടർ വന്നു ടിക്കറ്റ് എടുക്കാൻ പറയുന്നത്. തളിപ്പറമ്പ് ടിക്കറ്റ് ആയിരുന്നു വേണ്ടത്. പക്ഷെ സ്വപ്നം കണ്ട് കിളി പോയിരുന്ന ഞാൻ പറഞ്ഞത് ആ സ്ഥലത്തിന്റെ പേരാണ്. മൂന്നോ നാലോ ദിവസങ്ങൾക്കു ശേഷം ഞാൻ കീഴടക്കാൻ പോകുന്ന ആ സ്വപ്നഭൂമിയുടെ പേര്.. മണാലി.. കണ്ടക്ടർ ഒരു നോട്ടം.. ചിരിച്ചുകൊണ്ട് ഞാൻ മാറ്റി പറഞ്ഞു. സോറി ചേട്ടാ.. ഒരു തളിപ്പറമ്പ്.. മംഗള ...