മണാലി: ഒരു സ്വപ്നയാത്ര

 "എത്രമേൽ സരസമാം ലക്ഷ്യങ്ങൾ,.. 

അത്രമേൽ കഠിനമോ മാർഗങ്ങൾ.. 

മണ്ണിലാണ് സ്വർഗം.. 

ഈ നിമിഷമാണ്  നിൻ പറുദീസാ..

മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്.."


എന്റെ ഓർമ ശരിയാണെങ്കിൽ ലോക്ക്‌ഡൌൺ കഴിഞ്ഞ ശേഷം ഞാൻ ആദ്യമായി ബസിൽ കയറുന്നത് അന്നാണ്. ഫെബ്രുവരി 28. വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയാണ്. സാധാരണ ബൈക്കിലാണ് പോക്ക്. പക്ഷെ ഇത്തവണ ബൈക്ക് എടുത്തില്ല. അടുത്ത 10-12 ദിവസം ബൈക്ക് ആവശ്യമില്ല. ഒരു യാത്ര പോവുകയാണ്. ഒരു യാത്ര അല്ല ഒരു ഒന്നൊന്നര യാത്ര. ബസിൽ കയറി സൈഡ് സീറ്റ്‌ പിടിച്ചു.. ഇയർഫോൺ വച്ചു.. സാധാരണ ബസിൽ ഇരുന്നു പാട്ട് കേട്ട് ഉറങ്ങലാണ് പതിവ്. പക്ഷെ അന്ന് ഉറക്കം വന്നില്ല. വല്ലാത്ത ഒരു ത്രില്ലിലാണ്. കണ്ണും മിഴിച്ച് സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ് കണ്ടക്ടർ വന്നു ടിക്കറ്റ് എടുക്കാൻ പറയുന്നത്. തളിപ്പറമ്പ് ടിക്കറ്റ് ആയിരുന്നു വേണ്ടത്. പക്ഷെ സ്വപ്നം കണ്ട് കിളി പോയിരുന്ന ഞാൻ പറഞ്ഞത് ആ സ്ഥലത്തിന്റെ പേരാണ്. മൂന്നോ നാലോ ദിവസങ്ങൾക്കു ശേഷം ഞാൻ കീഴടക്കാൻ പോകുന്ന ആ സ്വപ്നഭൂമിയുടെ പേര്.. മണാലി.. കണ്ടക്ടർ ഒരു നോട്ടം.. ചിരിച്ചുകൊണ്ട് ഞാൻ മാറ്റി പറഞ്ഞു. സോറി ചേട്ടാ.. ഒരു തളിപ്പറമ്പ്..

മംഗള ലക്ഷ്വദീപ് എക്സ്പ്രസ്സ്‌.. എന്തോ ഭാഗ്യത്തിന് അന്ന് ഇന്ത്യൻ റെയിൽവേ കൃത്യനിഷ്ഠ പാലിച്ചു. ഞങ്ങൾ 43 പേർ ഉണ്ട്. ടിക്കറ്റ് കിട്ടിയത് 3 കോച്ചിൽ ആയിട്ടാണ്. s3, s4, s6.. ട്രെയിൻ വന്നു നിർത്തിയതും ബാഗും തൂക്കി എല്ലാവരും നാലുപാട് ചിതറി ഓടി. ഞാൻ ചാടി s6 ഇൽ കയറി. കിട്ടിയ സീറ്റിൽ ഇരുന്നു. എല്ലാവരുടെയും സീറ്റൊക്കെ സെറ്റായി വരാൻ കുറച്ചു സമയമെടുത്തു. കോർഡിനേറ്റർ ബാസിക്ക എല്ലാം ഓടി നടന്ന് സെറ്റാക്കി. അല്പനേരത്തെ തിരക്കിനും ബഹളത്തിനും എല്ലാം ശേഷം ആകെ മൊത്തം ഒന്ന് ശാന്തമായി. സൈഡ് സീറ്റ്‌ എനിക്ക് നിർബന്ധമാണ്. ഔട്ട്‌ അടിക്കുന്ന സീൻ ഒന്നുമില്ല. അതൊരു സുഖമാണ്. മുഖത്ത് നല്ല കാറ്റടിച്ച്.. കാഴ്ചയൊക്കെ കണ്ട്.. ആസ്വദിച്ച് അങ്ങനെ ഇരിക്കാൻ. എന്റെ കൂടെ യാത്ര ചെയ്യുന്നവർക്ക്‌ മിക്കവാറും വേഗം ബോറടിക്കും. ഞാൻ അധികം സംസാരിക്കില്ല. ഒഴുകി മറയുന്ന കാഴ്ചകൾ കണ്ട് ഏതോ ലോകത്ത് അങ്ങനെ ഇരിക്കും. എത്ര കണ്ടിട്ടും തീരാത്ത കാഴ്ചകൾ. എത്ര കണ്ടിട്ടും മതിവരാത്ത കാഴ്ചകൾ. ട്രെയിൻ യാത്ര ഒരു പ്രത്യേക അനുഭവം തന്നെ ആണ്. കണ്ണൂർ മുതൽ ആഗ്ര വരെ ആ യാത്ര തന്നത് എണ്ണമറ്റ അനുഭവങ്ങൾ ആണ്. ചില കാഴ്ചകൾ.. ചില മനുഷ്യർ.. അത്രപെട്ടെന്ന് മനസ്സിൽനിന്ന് മായില്ല. ഞങ്ങളെക്കൂടാതെ ആ സെക്ഷനിൽ ഉണ്ടായിരുന്നത് ഒരു മാരീഡ് കപ്പിൾ ആണ്. മഥുര വരെ പോകുന്നവർ. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനും അയാളുടെ ഭാര്യയും. അത്യാവശ്യം ഹിന്ദി അറിയുന്നത് ഈ യാത്രയിൽ എന്നെ വളരെ അധികം സഹായിച്ചു. പല മനുഷ്യരെ പരിചയപ്പെടാൻ സാധിച്ചു. താൻ മലപ്പുറത്ത് ജോലി ചെയുന്നു എന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും അയാൾ എന്നോട് പറഞ്ഞു. നോക്കി ചിരിക്കുക അല്ലാതെ അയാളുടെ ഭാര്യ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. കുറേ നേരം കാഴ്ചകൾ കണ്ടിരുന്ന ശേഷം കോച്ചുകളിലൂടെ ഒന്ന് നടന്നു. എല്ലാവരെയും കണ്ടു. എല്ലാവരുടെയും മുഖത്തെ സന്തോഷം ഞാൻ കണ്ടറിഞ്ഞു. വളരെ കാലത്തെ സ്വപ്നമാണ് നിറവേറാൻ പോകുന്നത്. ആഗ്ര എത്താൻ രണ്ട് രാത്രിയും ഒരു പകലും എടുക്കും. ഏകദേശം നാൽപ്പതോളം മണിക്കൂർ. എന്നെപ്പോലെ അര മണിക്കൂർ വീട്ടിൽ ഇരിക്കുമ്പോൾ ബോറടിക്കുന്ന പലരും ഒരു മടുപ്പും കൂടാതെ ഇനിയും ഒരു രണ്ടുദിവസം കൂടി വേണമെങ്കിലും ട്രെയിനിൽ ഇരിക്കാം എന്ന മട്ടിലായിരുന്നു. കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു എങ്കിലും കഥകളും കാഴ്ചകളും ആസ്വദിച്ചാൽ തന്നെ സമയം പോകുന്നത് അറിയില്ല. ഭക്ഷണത്തിന് ഒന്നും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. പലരും വീട്ടിൽനിന്ന് കഴിക്കാൻ കൊണ്ടുവന്നിരുന്നു. പിന്നെ റെയിൽവേയുടെ വക തരക്കേടില്ലാത്ത ഭക്ഷണം ലഭിച്ചു. കേരളം വിട്ട് കഴിഞ്ഞാൽ കണ്ട് വരുന്ന ഒരു പ്രതിഭാസമാണ് വടാ പാവ്. സംഭവം രണ്ട് ബണ്ണിന്റെ നടുവിൽ എന്തോ ഒരു സാധനം വെച്ച് ചട്ട്ണി പോലെ ചുവന്നതെന്തോ ചേർത്ത് തരുന്നതാണ്. മിക്കവാറും എല്ലാ സ്റ്റേഷനിൽ നിർത്തുമ്പോഴും വരി വരി ആയി മനുഷ്യർ വരും വടാ പാവും ട്ടണ്ടാ പാനിയും ആയി. കഴിച്ചു നോക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ മണാലി ജീവിതം ബാത്‌റൂമിൽ ആയിപ്പോകുമോ എന്ന് ഭയന്ന് ഞാൻ അതിനു മുതിർന്നില്ല. മിക്ക സ്റ്റേഷനിലും ഞാൻ വെറുതെ ഒന്ന് ഇറങ്ങുമായിരുന്നു. നടുവൊന്നു നിവർത്തുക ആയിരുന്നു ഒന്നാമത്തെ ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യം ഒരു പുതിയ നാട്ടിൽ പേരിനെങ്കിലും ഒന്ന് കാലുകുത്തുക്ക എന്നതായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല. എന്നാലും ഒരു മനഃസംതൃപ്തി. മംഗള ലക്ഷ്വദീപ് എക്സ്പ്രസ്സിന് പിന്നെ സ്റ്റോപ്പുകൾക്ക് പഞ്ഞമില്ലാത്തതുകൊണ്ട് വിചാരിക്കാത്ത പല നാടുകളിൽ വരെ കാലുകുത്താൻ പറ്റി. ഇടയ്ക്കു വെച്ച് ഒരു ചങ്ങായി പറയുന്നത് കേട്ടു... "ഉളുപ്പുണ്ടോടാ ഈ ട്രെയിനിന്.. എക്സ്പ്രസ്സ്‌ ആണ് പോലും.. ഒരു ഗുഡ്സ് ട്രെയിൻ പാസ്സ് ചെയ്യാനാണ് ഒരു മണിക്കൂർ ഈ പട്ടിക്കാട്ടിൽ ട്രെയിൻ പിടിച്ചിട്ടത്.." സംഭവം ശരിയാണ്. സ്റ്റേഷനുകളിലെ സ്റ്റോപ്പിനെക്കാൾ കൂടുതൽ മംഗള നിർത്തിയിരുന്നത് ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണാൻ കിട്ടാത്ത സ്ഥലങ്ങളിൽ ആണ്. ട്രെയിൻ ഓരോ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോൾ പല പല മാറ്റങ്ങൾ കാണാൻ സാധിക്കും. ഭാഷകൾ മാറും.. സംസ്കാരങ്ങൾ മാറും.. മനുഷ്യർ മാറും.. ഭൂപ്രകൃതി മാറും.. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആ മാറ്റം ഞാൻ കണ്ടുതുടങ്ങി. കേരളം വിട്ടത്തോടെ മാസ്ക് എന്ന സംവിധാനത്തിന് വംശനാശം സംഭവിച്ചതായി കാണാം. ഞാൻ കാണാൻ വളരെ അധികം ആഗ്രഹിച്ച ഒരു സ്ഥലമായിരുന്നു കൊങ്കൺ. പക്ഷെ പ്രതീക്ഷിച്ച ഭംഗി ഒന്നും കൊങ്കണിൽ ഞാൻ കണ്ടില്ല. ആകെ മൊത്തം ഒരു വരൾച്ച. പച്ചപ്പ് കാണുക വളരെ വിരളമായി. പിന്നെ ഉണ്ടായിരുന്നത് എണ്ണമറ്റ തുരംഗങ്ങൾ ആണ്. കാണുമ്പോൾ അത്ഭുതം തോന്നും. ഒരു വലിയ മല മുഴുവനായി തുരന്ന് അപ്പുറം കടന്നിരിക്കുന്നു. ഏകദേശം കൊങ്കൺ ഭാഗത്ത് വെച്ച് ഞാൻ എന്നെ അസ്വസ്ഥമാക്കിയ ഒരു കാഴ്ച കണ്ടു..

ഞാൻ സൈഡ് സീറ്റിൽ പുറത്തെ കാഴ്ചകൾ കണ്ട് ഇരിപ്പായിരുന്നു. ആകസ്മികമായി എന്റെ കണ്ണ് കോച്ചിന്റെ ഡോറിനടുത്തേക്ക് പോയി. ഒരു സ്ത്രീ അവിടെ നിലത്തിരുപ്പുണ്ട്. പഴകിയ ഒരു സാരീ ആണ് അവരുടെ വേഷം. അധികം പ്രായം ഒന്നും ഉണ്ടാവില്ല അവർക്ക്. പക്ഷെ ദുരിതങ്ങൾകൊണ്ട് തളർന്ന മുഖം. തൊട്ടടുത്ത് ഒരു കൊച്ചുപെൺകുട്ടി നിൽപ്പുണ്ട്. ആ സ്ത്രീയുടെ മകളാണെന്ന് ഞാൻ ഊഹിച്ചു. അടച്ചിട്ട ഡോറിന്റെ ഗ്ലാസ്സിലൂടെ അവൾ പുറത്തേക്ക് നോക്കി നിൽപ്പാണ്. ആ നിൽപ്പിൽ ഞാൻ ഒരു ഫ്രെയിം കണ്ടു. ബാഗിൽ നിന്ന് ക്യാമറ എടുത്ത് ഒരു ക്ലിക്ക് അടിച്ചു. അപ്പോൾ അതിലേ ഒരു വടാ പാവുകാരൻ പോയി. അവിടെ അടുത്തുണ്ടായിരുന്ന ചിലർ വാങ്ങി കഴിക്കാൻ തുടങ്ങി. കഴിക്കുന്ന പലരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കുന്നുണ്ട്. ഞാൻ വെറുതെ ക്യാമറയിലൂടെ അവളെത്തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് അവളുടെ നോട്ടം എന്നിലേക്ക് തിരിഞ്ഞു. അവളുടെ കണ്ണുകൾ എന്നെ വല്ലാതെ പിടിച്ചുകുലുക്കി. അറിയാതെ തന്നെ ഞാൻ ഒരു ക്ലിക്ക് അടിച്ചു. ആ കണ്ണുകൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ വിശപ്പിന്റെ അഗ്നി ജ്വലിക്കുന്നത് ഞാൻ കണ്ടു. നടക്കാൻ മടി ആയിട്ട് ഉച്ചക്ക് കഴിക്കാൻ ഹോസ്റ്റലിൽ പോകാത്തപ്പോൾ ഉണ്ടാവുന്ന വിശപ്പല്ല. ആഗ്രഹം ഉണ്ടായിട്ടും കിട്ടാത്തവന്റെ... ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പിച്ചയെടുക്കേണ്ടി വരുന്നവന്റെ വിശപ്പ്... അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ ഒരു ചെറുവിരൽപോലും അനക്കാതെ ഞാൻ അവളെ നോക്കി അവിടെത്തന്നെ ഇരുന്നു. എന്തുകൊണ്ട് ഞാൻ അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്റെ മടി ആവാം... മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഓർത്തിട്ടാവാം... ഏന്തോ.. ആ സൈഡ് സീറ്റിൽ വേരിറങ്ങി ഞാൻ അങ്ങനെ ഇരുന്നു. ആ കുട്ടിയുടെ അടുത്ത് നിന്ന ഒരു പയ്യൻ ബൺ  പോലത്തെ എന്തോ കഴിക്കുന്നുണ്ടായിരുന്നു. അവൾ ആ പയ്യന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു മടിയുംകൂടാതെ അത് അവൾക്ക് നീട്ടി. ആ കുട്ടി അത് വാങ്ങി കഴിച്ചു. എന്നിട്ട് ആ പയ്യനെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു. അത് കണ്ടു നിന്ന എനിക്ക് ഒരു നിമിഷത്തേക്ക് തോന്നി പോയി.. "ലോകത്തിലെ ഏറ്റവും വലിയ വികാരം പ്രണയമല്ല.. അത് വിശപ്പാണ്..".


ഒരു പത്തു മിനുട്ട് ഞാൻ നിശബ്ദമായി ഇരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം എന്റെ മനസ്സിനെ കുത്തി നോവിക്കുന്നതുപോലെ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നതുപോലെ. ആ വീർപ്പുമുട്ടൽ കുറച്ചധികം നേരത്തേക്ക് എന്നെ വിട്ടുപോയില്ല. പിന്നീട് മറ്റ് കാഴ്ചകളിൽ മുഴുകി ഞാൻ അത് മറന്നു. പക്ഷെ ആ യാത്രയിൽ പിന്നീടങ്ങോട്ട് എന്റെ മുന്നിൽ കൈ നീട്ടിയ ഒരാളെയും ഞാൻ വെറുംകയ്യോടെ പറഞ്ഞയച്ചിട്ടില്ല. ചിലരുടെ മുഖത്തെ സന്തോഷം.. ഒരു പുഞ്ചിരി.. അത് തരുന്ന മനഃസംതൃപ്തിക്ക്‌ പകരം വെക്കാൻ ഒരു പനീർ ബട്ടർ മസാലക്കും ചിക്കൻ ടിക്കക്കും കഴിയില്ലടോ..

ഞങ്ങൾ ആഗ്ര എത്തുന്നത് മാർച്ച്‌ മൂന്നാം തിയ്യതിയാണ്. ഗൈഡ് ഞങ്ങളെ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഒരു സൗമ്യനായ മനുഷ്യൻ. പുള്ളിക്കാരൻ പാർട്ട്‌ ടൈം ഗൈഡ് ആണെന്ന് പിന്നീട് മനസ്സിലാക്കി. ജാമിയ മിലിയയിലെ സ്റ്റുഡന്റ് ആണ്. സ്റ്റേഷന് പുറത്ത് ബസ് ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. AC ബസ്. ഹരിയാനക്കാരായ ഡ്രൈവറും ക്ലീനറും. മുടി നീട്ടി വളർത്തിയ ഒരു ഫ്രീക്കനാണ് ഡ്രൈവർ. ബസ് നേരെ വിട്ടത് ഹോട്ടലിലേക്കാണ്. ഹോട്ടൽ ഡ്യൂലക്സ് ഇൻ. തരക്കേടില്ലാത്ത ഒരു ഹോട്ടൽ. കുളിച്ചു ഫ്രഷായി ബ്രേക്ഫാസ്റ്റ് കഴിക്കാൻ വന്നിരുന്നു. നല്ല കിടിലൻ ബ്രേക്ഫാസ്റ്റ്.. റൊട്ടി.. പനീർ.. സബ്‌സി.. അങ്ങനെ ഒരു നോർത്തിന്തി ട്ടച്ചുള്ള ഭക്ഷണം. ഈ ട്രിപ്പിന് പോകാൻ പ്ലാൻ ചെയ്തപ്പോൾ തൊട്ടുള്ള എന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പല നാടുകളിലെ പലതരം ഫുഡ്‌ ട്രൈ ചെയ്യുക എന്നത്. ആദ്യ ദിവസത്തെ ബ്രേക്ഫാസ്റ്റ് കണ്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചു ഇനി വെറൈറ്റികളുടെ വരവാണെന്ന്. പക്ഷെ ഏറ്റില്ല.. ബട്ടർനാൻ.. റൊട്ടി.. പനീർ.. ചിക്കൻ.. ഈ നാലു വാക്കുകളിൽ ഞങ്ങടെ പത്തു ദിവസത്തെ മൂന്ന് നേരത്തെ ഭക്ഷണത്തിനെ സംഗ്രഹിക്കാം.. പലരും മടുപ്പു പറയുന്നതെല്ലാം കേട്ടു. പക്ഷെ ഞാൻ ആസ്വദിച്ചു. നന്നായി ആസ്വദിച്ചു. വെറുതെ ആണോ 83 കിലോ ഉള്ള ഞാൻ 10 ദിവസംകൊണ്ട് 86 ആയത്..

ഹോട്ടലിൽനിന്ന് നേരെ പോയത് ആഗ്ര ഫോർട്ടിലേക്കാണ്. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. കണ്ണൂർ കോട്ടയും തലശ്ശേരി കോട്ടയും കണ്ടു മടുത്ത മലയാളിക്ക് ഇത് തീർച്ചയായും ഒരു പുതിയ അനുഭവമാണ്. അക്ബർ ചക്രവർത്തിയുടെ കലാവിരുത്. പടുകൂറ്റൻ ഒരു കോട്ട. ഫോർട്ടിന്റെ ഉള്ളിൽ കയറിയതും ഞാൻ ആയുധം കയ്യിലെടുത്തു. സോണി ആൽഫ 68.. സാധനം ചങ്ങായിയുടേതാണ്.. ട്രെയിനിൽ വെച്ച്  എന്റെ കയ്യിലോട്ട് വച്ചു തന്ന ആ മുതൽ ഞാൻ തിരിച്ചു കൊടുക്കുന്നത് മടക്കയാത്രക്ക് മദ്ധ്യേ ആണ്. കങ്കാരു കുഞ്ഞിനെ കൊണ്ടുനടക്കുന്നത് പോലെ 8-10 ദിവസം ഞാൻ അവനെ കൊണ്ടുനടന്നു. അങ്ങോട്ട് കൊടുത്ത സ്നേഹം അവൻ എനിക്ക് തിരിച്ചും തന്നു. ഞാൻ കണ്ണിൽ കണ്ട 90 ശതമാനത്തോളം ഫ്രെയ്മുകളും അതേ ഭംഗിയിൽ പകർത്താൻ അവൻ എന്നെ സഹായിച്ചു.  ഫോർട്ടിനുള്ളിലൂടെ തേരാ പാര നടക്കുമ്പോൾ പല ദിക്കുകളിൽ നിന്നും വിളികൾ വന്നു. "അലനേ.. ഒരു പിക്..".  ഫോട്ടോ എടുക്കുന്നത് എനിക്ക് എന്നും ഒരു ഹരം തന്നെയാണ്. പക്ഷെ ഒരു ഫ്രെയ്മിൽ ഒരു പിക്കേ നന്നാവൂ. പിന്നീട് എത്ര ശ്രമിച്ചാലും ആദ്യത്തെ പിക്കിന്റെ അത്ര ഭംഗി വരില്ല. അതുകൊണ്ട് അത്യാവശ്യം ക്ലിക്കുകൾ ഒക്കെ അടിച്ച് ഞാനങ്ങ് മുങ്ങും. പുതിയ ഫ്രെയ്മുകൾ കണ്ടെത്താൻ. ആഗ്ര ഫോർട്ടിൽ നിന്ന് അങ്ങനെ ഒന്ന് മുങ്ങീത് ഓർമയുണ്ട്. ഒരു പത്തുനൂറു കവാടവും എല്ലാത്തിനും ഒരേ ഡിസൈനും. പെട്ടില്ലേ... തിരിച്ചു പോവ്വാൻ വഴി കിട്ടുന്നില്ല. അങ്ങനെ കറങ്ങി തിരിഞ്ഞ് ഏതോ മുക്കിൽ എത്തിയപ്പോൾ ഉണ്ട് ഒരു ജനൽ. ജനൽ എന്നൊക്കെ പറയുമ്പോൾ നമ്മൾ കണ്ടിട്ടുള്ള 5 അടി 6 അടി ജനലല്ല. എന്റെ വീടിന്റെ ഹൈറ്റ് ഉണ്ടെന്നു തോന്നുന്നു ഒന്നിന്. ഒരുപാട് ചെറിയ സുഷിരങ്ങൾ ഉള്ള ഒരു ഡിസൈൻ. ക്യാമറയുടെ ലെൻസ്‌ കയറാൻ പാകത്തിന് വലിപ്പമുള്ള സുഷിരങ്ങൾ. ഞാൻ ആദ്യം ഒന്നു കണ്ണിട്ടു നോക്കി. പുറത്തേക്കുള്ള വ്യൂ ആണ്. ഒരു പത്തു സെക്കന്റ്‌ കണ്ണുചിമ്മാണ്ട് ഞാൻ നോക്കി നിന്ന് കാണണം. ഒരു സുന്ദരി... കുറച്ചങ്ങ് ദൂരെ അസ്തമയ സൂര്യന്റെ ശോഭയിൽ ഈറനണിഞ്ഞു നിൽക്കുന്ന ഒരു ശാലീന സുന്ദരി... ആരുടെയും മനം കവരാൻ പാകത്തിന് ആ യമുനാ നദിയുടെ തീരത്ത് അവളങ്ങനെ നിൽപ്പാണ്. സാക്ഷാൽ ഷാ ജഹാന്റെ ഹൃദയം സൂക്ഷിക്കുന്നവൾ.. താജ് മഹൽ... അവൾക്കു മുന്നിലാണ് എന്റെ ക്യാമറ തോറ്റു പോയത്. എത്ര ക്ലിക്ക് അടിച്ചു എന്നെനിക്കറിയില്ല. പക്ഷെ ആ സൗന്ദര്യം ഉൾക്കൊള്ളാൻ എന്തുകൊണ്ടോ എന്റെ ഒരു ക്ലിക്കിനും ആവുന്നില്ല. ഒടുവിൽ ഞാൻ പരാജയം സമ്മതിച്ചു. അൽപ നേരംകൂടി എന്റെയും മനം കവർന്ന ആ സുന്ദരിയെ കൺകുളിർക്കെ കണ്ടുനിന്നു. എന്നാലും എന്റെ ഷാ ജഹാനേ.. അത്ര സുന്ദരി ആയിരുന്നോ നിങ്ങടെ മുംതാസ്....

 വീണ്ടും പുറത്തേക്കുള്ള വഴി തിരഞ്ഞ് നടപ്പ് തുടങ്ങി. അങ്ങനെ നടക്കുമ്പോൾ ഉണ്ട് ചുറ്റുമുള്ള ഹിന്ദി ബഹളങ്ങൾക്ക് ഇടയിൽനിന്ന് ആരോ മലയാളം പറയുന്നു. ആദ്യം മൈൻഡ് ആക്കിയില്ല. പിന്നെയാണ് ഓർത്തത് "ഏഹ്.. ഇത് ആഗ്ര അല്ലെ..?". ഞാൻ അയാളുടെ നേരെ തിരിഞ്ഞു. അറിയാതെ എന്റെ വായിൽ നിന്ന് ആ ചോദ്യം വീണു പോയി.. "മലയാളി ആണോ..?".. ഉത്തരമല്ല തിരിച്ചൊരു ചോദ്യമാണ് വന്നത്.. "നാട്ടിൽ എവിടെയാ..?" ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആഗ്ര ഫോർട്ടിന്റെ ഉള്ളിൽ വെച്ച് കണ്ടുമുട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..

ആഗ്ര ഫോർട്ടിൽ നിന്നിറങ്ങി ഞങ്ങൾ പോയത്  ഒരു ശവകുടീരത്തിലേക്കാണ്. ലോകത്തിലെത്തന്നെ ഏറ്റവും മനോഹരമെന്ന് വിശേഷിക്കപ്പെടുന്ന ഒരു ശവകുടിരത്തിലേക്ക്. താജ് മഹൽ. ടിക്കറ്റ് ഒക്കെ നേരത്തേ തന്നെ സെറ്റ് ആക്കി വെച്ചിരുന്നതിനാൽ അധികനേരം ക്യൂ നിൽക്കേണ്ടി വന്നില്ല. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നുതാനും. ഒരു വലിയ കവാടത്തിലൂടെ നടന്നുവേണം താജ് മഹലിന്റെ മുന്നിലെ ഗാർഡനിലേക്ക് എത്താൻ.  ആ കവാടത്തിലേക്ക് കയറുമ്പോൾ തന്നെ കാണുന്നത് ഫുൾ ഫ്രെയ്മിൽ നിറഞ്ഞു നിൽക്കുന്ന താജിനെയാണ്. എത്ര മനോഹരമാണ് ആ ദൃശ്യമെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. അഴക്.. അത്രതന്നെ... നടന്നടുക്കും തോറും അവൾ കൂടുതൽ സുന്ദരി ആകുന്നതുപോലെ. എല്ലാ മുഗൾ സൗധങ്ങൾ പോലെ താജിന്റെ മുന്നിലും ഉണ്ട് അതിമനോഹരമായ ഒരു ഗാർഡനും നേർനടുവിലൂടെ ഒരു ജലാശയവും. അതിലെ താജിന്റെ പ്രതിബിംബം കാണുമ്പോൾ നേരിട്ട് കാണുന്നതിനേക്കാൾ ആ പ്രതിബിംബത്തിനാണോ ഭംഗി കൂടുതൽ എന്ന് സംശയിച്ചു പോകും. എല്ലാവർക്കും ഗാർഡനിൽ കയറാൻ ഉള്ള ടിക്കറ്റ് എടുത്തിരുന്നു. താജിന്റെ ഉള്ളിൽ കയറാൻ മറ്റൊരു ടിക്കറ്റ് കൂടി എടുക്കേണ്ടതുണ്ട്. അത് ആവശ്യം ഉള്ളവർ മാത്രം എടുത്താൽ മതി എന്ന് ഗൈഡ് പറഞ്ഞിരുന്നു. എനിക്ക് മറുത്തൊന്നു ചിന്തിക്കേണ്ട ആവശ്യകത ഇല്ലായിരുന്നു. ഒരു ഇടുങ്ങിയ പടിക്കെട്ടുകൾ കയറി ഞാൻ താജിന്റെ ചുവട്ടിൽ എത്തി. അവിടെയും നല്ല തിരക്കുണ്ട്. പക്ഷെ അന്തരീക്ഷം ഒന്ന് മാറിയതുപോലെ. പല സംസാരങ്ങളും ബഹളങ്ങളും അങ്ങിങ്ങായി ഉയരുന്നുണ്ടെങ്കിലും അവയെല്ലാം എവിടെയോ ലയിച്ചു മറയുന്നതുപോലെ. വല്ലാത്തൊരു ശാന്തത. ആ ശാന്തതയെ വാരിപ്പുണരാൻ ഒരു മോഹം പോലെ. പതിയെ നടന്ന് ഞാൻ ആ സൗധത്തിന്റെ തൊട്ടരികിൽ എത്തി. ചുമരിൽ കൈ വച്ചു. വല്ലാത്തൊരു കുളിർമ. ഉള്ളിൽ കയറാൻ വരി നിൽക്കുന്നവരുടെ കൂടെ ഞാനും നിന്നു. എല്ലാവരുടെയും നടപ്പിലും ഭാവത്തിലും എല്ലാം ഒരു മന്ദത വന്നതുപോലെ. ആകെ മൊത്തം ഒരു സ്ലോ റൊമാന്റിക്  സോങ്ങിന്റെ സീൻ പോലെ. ആ ഒഴുക്കിൽ ഞാനും അങ്ങനെ നടന്നു. അവിടെ കണ്ട ഏറ്റവും ഹൃദയസ്പർശിയായ കാഴ്ച മരണത്തിനും വേർപെടുത്താനാവാത്ത രണ്ടുപേരെ ആണ്. അവളുടെ അരികിൽ ആയാളും ആ പ്രണയസൗധത്തിൽ ലയിച്ചിരുന്നു. കുറച്ചധികം നേരം ഉള്ളിൽ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു. പക്ഷെ ആ വരിക്കൊപ്പം പുറത്തേക്ക് നീങ്ങേണ്ടി വന്നു. താജിന്റെ അനുഭവങ്ങൾക്ക് തിലകക്കുറിയായി യമുനാതീരത്തെ അതിമനോഹരമായ ഒരു സൂര്യാസ്തമയവും കൂടി കണ്ട് ഞാൻ അവളോട് യാത്ര പറഞ്ഞു...

പിറ്റേന്ന് രാവിലെ ഞങ്ങൾ തലസ്ഥാന നഗരിയിലേക്ക് തിരിച്ചു. ഡൽഹി എത്തിയപ്പോൾ നട്ടുച്ച. ഒരു മുട്ട പൊട്ടിച്ചു നിലത്തിട്ടാൽ ചിലപ്പോൾ പൊരിച്ചു കിട്ടും.. അമ്മാതിരി ചൂട്. ബസിൽ AC ഇട്ടിട്ടുണ്ട്. പക്ഷെ സൈഡിലെ കർട്ടൻ ഇട്ടുകൂടാ. അത് ഡൽഹിയിലെ നിയമം ആണ്. വിന്ഡോ ഗ്ലാസിൽ കൂളിംഗ് ഒട്ടിക്കരുത് എന്നതുപോലെ ഒരു നിയമം. അതുകൊണ്ട് വെയിൽ നേരെ മുഖത്തടിക്കുന്നുണ്ട്. AC കൂടി ഇല്ലായിരുന്നെങ്കിൽ അൽഫാം ആയേനെ. ഉച്ചഭക്ഷണം കഴിച്ച് നേരെ പോയത് ജുമാ മസ്ജിദിലേക്കാണ്. ചെരുപ്പുകൾ അഴിച്ച് ഉള്ളിൽ കയറി. നാലുപാടും ചുറ്റിക്കണ്ട് അവിടെനിന്ന് ഇറങ്ങി. മസ്ജിദിനു മുന്നിൽ ഒരു വലിയ മാർക്കറ്റ് ഉണ്ട്. ഒട്ടനവധി കച്ചവടക്കാർ. എല്ലാ സാധനങ്ങൾക്കും അത്യാവശ്യം നല്ല വിലക്കുറവ്. ഒരു കൗതുകത്തിനു പല സാധനങ്ങളുടെയും വില ചോദിച്ചു. വെറുതെ ഒന്ന് വിലപേശി നോക്കി. വില ഇനിയും കുറയുമെന്ന് മനസ്സിലായി. ഒടുവിൽ ഒരു ഷൂ മാത്രം വാങ്ങി ഞാൻ ആ മാർക്കറ്റ് വിട്ടു. മാർക്കറ്റിന്റെ വെളിയിൽ അടുത്ത സ്ഥലമായ റെഡ് ഫോർട്ടിലേക്ക് നീങ്ങുന്നതിനു മുൻപായി എല്ലാവരും ഒത്തുകൂടി. എന്റെ ഓർമ ശരിയാണെങ്കിൽ അവിടെവെച്ചാണ് ഞങ്ങൾ അയാളെ കാണുന്നത്.  ഒരു ജിന്ന്. ഞാൻ നടന്നു വന്നപ്പോൾ അങ്ങേരെ കണ്ടിരുന്നു. ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധിച്ചു. ഇതേതെടാ ഈ പർവേസ് ഇലാഹി എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നീടാണ് ഇതാണ് ഞങ്ങളെ മണാലി ചുറ്റിക്കാണിക്കാൻ വന്നിരിക്കുന്ന പുതിയ ഗൈഡ് എന്ന് അറിയുന്നത്. ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഈ ട്രിപ്പ്‌ സെറ്റ് ആയിരിക്കും. അയാൾ ഒരു സന്യാസി ആണ്. താടി നീട്ടി വളർത്തി നല്ല യാക് വുളിൽ നെയ്തെടുത്ത ഒരു ഷാളും പുതച്ച് ഒരു കസോൾ വാല ക്യാപ്പും വെച്ച് ചങ്ങായി ഒരു നിൽപ്പാണ്. യാത്രകൾ തപസ്സാക്കിയ ഒരു സന്യാസി. An Old Monk...

റെഡ് ഫോർട്ടിലേക്ക് നല്ലൊരു നടപ്പ് നടന്നു. ദാ ഇപ്പൊ എത്തും എന്ന് വിചാരിക്കും. പക്ഷെ ആ കോമ്പൗണ്ടിൽ കയറി എൻട്രൻസ് എത്താൻ തന്നെ പത്തു മിനുട്ട് നടക്കണം. അപ്പൊ ഊഹിക്കാലോ റെഡ് ഫോർട്ടിന്റെ വലിപ്പം. ഉള്ളിൽ കയറിയപ്പോൾ സംഭവം ആഗ്ര ഫോർട്ട്‌ പോലെയേ അല്ല. ഉള്ളിൽ ഉണ്ട് ഒരു മാർക്കറ്റ്. ആ തിരക്കിനിടയിലൂടെ നടന്ന് നിങ്ങുമ്പോൾ ഒരു കവാടം കണ്ടു. കടന്നു.. ഒരു വലിയ ഗാർഡൻ. കുറച്ചു നേരം അതിലേ ചുറ്റിക്കറങ്ങി നടന്നു. പറഞ്ഞിരുന്ന സമയം ആയപ്പോൾ ബസിനടുത്തേക്ക് നടന്നു.

ഇനിയൊരു ദൂരയാത്രയാണ്... 500 കിലോമീറ്ററിനു  മേലെ ദൂരമുള്ള ഒരു യാത്ര. ഒരു രാത്രി മുഴുവൻ ബസിൽ ഇരിക്കണം. പക്ഷെ യാത്ര മണാലിയിലേക്കായതുകൊണ്ട് ഉന്മേഷം അല്ലാതെ യാതൊരു മടുപ്പും തോന്നിയില്ല. ഡൽഹിയിൽ നിന്ന് പുറപ്പെടുമ്പോൾ സന്ധ്യ മയങ്ങി തുടങ്ങി. ഡൽഹിയിലെ തിരക്കേറിയ റോഡുകൾ താണ്ടി വലിയ എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ ഹിമാചൽ ലക്ഷ്യമാക്കി ആണ് യാത്ര. കിലോമീറ്ററുകൾ കഴിയുംതോറും താപനില മാറുന്നത് നല്ലവണ്ണം അറിഞ്ഞു. ബസിലെ ac പതിയെ ഓഫ്‌ ആയി. പലരുടെയും ടീഷർട്ടിനു മേലെ ഹൂടിയും ജാക്കറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷെ തണുപ്പ് എത്രകൂടിയിട്ടും ഒരാളുണ്ട് ഒരു ഷാൾ മാത്രം പുതച്ച് ഇരിക്കുന്നു. നിങ്ങൾക്ക്‌ തണുപ്പ് ഒന്നുമില്ലേ മനുഷ്യാ എന്ന് ഞാൻ ചോദിച്ചു. അങ്ങേര് ആ ഷാൾ തന്നിട്ട് ഒന്ന് പുതച്ച് നോക്കാൻ പറഞ്ഞു. ഒരു ഹൂടിക്കും തരാൻ ആവാത്ത സുഖം. അതുപോലത്തെ ഒന്ന് സ്വന്തമാക്കണമെന്ന് ഞാൻ അന്ന് മനസ്സിൽ ഉറപ്പിച്ചു. രാത്രി പല സ്ഥലങ്ങളിലും ബസ് നിർത്തി. എല്ലാവരും തന്നെ ഉറക്കം പിടിച്ചിരുന്നു. ഞാൻ പക്ഷെ എന്തോ ആലോചനകളിൽ കുടുങ്ങി പുറത്തെ കാഴ്ചകളും കണ്ട് ഉറങ്ങാതിരിപ്പായിരുന്നു. ഡ്രൈവർ ചായ കുടിക്കാൻ നിർത്തിയ സ്ഥലങ്ങളിൽ എല്ലാം ഞാനും ഇറങ്ങി. "ഭായ്.. ഏക് സ്ട്രോങ്ങ്‌ ചായ്...". എനിക്ക് ചായ കുടിച്ച് ഒരു മനഃസംതൃപ്തി കിട്ടണമെങ്കിൽ ചായക്ക് നല്ല കടുപ്പം ഉണ്ടാവണം, നല്ല മധുരവും വേണം.. ഏകദേശം ഒരു 3 മണിവരെ ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ടാവണം. എപ്പോഴോ ഒന്ന് മയങ്ങി. പിന്നെ കണ്ണുതുറക്കുമ്പോൾ നേരം പുലർന്നിരിക്കുന്നു. ബസ് ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി. പുറത്തേക്ക് നോക്കുമ്പോൾ ചുറ്റും മലകൾ. ഒന്നുകൂടെ കണ്ണുതിരുമ്മി നോക്കി. അതെ.. അതേ വഴിത്തന്നെ.. ബിജിഎം ഒക്കെ ഇട്ട് ടിബറ്റൻ ഫ്ലാഗ് കെട്ടിയ ബുള്ളറ്റിൽ മണാലിക്ക് പോകുന്ന.. ഇൻസ്റ്റാഗ്രാം റീൽസിൽ സ്ഥിരം കാണുന്ന മലഞ്ചെരുവിലൂടെയുള്ള ആ വിഖ്യാതമായ റോഡ്. ഉറക്കച്ചടവൊക്കെ മറന്ന് ചാടിയെണീറ്റ് ക്യാമറ എടുത്തു. ഡ്രൈവറിനു തൊട്ട് പിന്നിലുള്ള സീറ്റിൽ ഇരുന്ന് ക്യാമറ പുറത്തെ കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്തു. ആദ്യത്തെ ക്ലിക്കുതന്നെ എന്റെ മനസ്സ് നിറച്ചു. മലനിരകൾക്കിടയിലൂടെ ഉദയസൂര്യന്റെ ശോഭയിൽ കുളിച്ചുനിൽക്കുന്ന മണാലി റോഡ്.


 പിന്നിലേക്ക് നോക്കുമ്പോൾ ഉറക്കമുണർന്ന എല്ലാവരും ഇതേ ഇരിപ്പാണ്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ... മഞ്ഞുമല കാണണം. കൊച്ചു കൊച്ചു ടൗണുകളും ചെറിയ പാലങ്ങളും കടന്നു വലിയ മലയിടുക്കുകളിലൂടെ അങ്ങനെ നീങ്ങുമ്പോൾ ഇടക്ക് വെച്ച് ഞങ്ങൾ അത് കണ്ടു. അങ്ങ് ദൂരെ ആകാശം മുട്ടെ നിൽക്കുന്ന മഞ്ഞു പുതച്ച ഒരു മല. വല്ലാത്തൊരു സന്തോഷം. പക്ഷെ മനസ്സ് വീണ്ടും കൊതിച്ചു. ആ മഞ്ഞിനെ ഒന്ന് വാരിപ്പുണരാൻ. മണാലി എത്തുമ്പോൾ ഏകദേശം ഉച്ച ആവാറായി. നട്ടുച്ചക്കും ഇജ്ജാതി തണുപ്പ്. വീട് പൈതൽമലയിൽ ആയതുകൊണ്ട് അത്യാവശ്യം തണുപ്പടിച്ച് എക്സ്പീരിയൻസ് ഉണ്ട്. പക്ഷെ അതൊന്നും ഇവിടെ വിലപ്പോവില്ല. ബസിൽ നിന്നിറങ്ങിയതും ഹൂടിക്കുള്ളിലൂടെ തണുപ്പ് അരിച്ചു കയറി. ഞാൻ ഒരു ദീർക്ക നിശ്വാസമെടുത്തു. ശ്വാസകോശത്തിലേക്ക് ആ തണുത്ത വായു പതിയെ നിറയുന്നത് ഞാൻ അറിഞ്ഞു. ജീവിതത്തിൽ വലുതെന്തോ നേടിയെടുത്ത ഒരു സംതൃപ്തി. ഞാൻ ചുറ്റും നോക്കി. മഞ്ഞു പുതച്ച മലകൾ.. ഇലകളില്ലാത്ത മരങ്ങൾ.. ജാക്കറ്റും സ്വെറ്ററും ഒക്കെ ഇട്ട് നടക്കുന്ന കുറച്ച് മനുഷ്യർ. അവിടെ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ അധികനേരം സമയം കിട്ടിയില്ല. അപ്പോഴേക്ക് ക്ലീനർ ബസിന്റെ ബാക്കിൽനിന്ന് ബാഗ് എടുത്ത് കൈയ്യിലോട്ട് വെച്ചു തന്നു..

ഹൈവേയുടെ സൈഡിലാണ് ബസ് നിർത്തിയത്. റോഡ് മുറിച്ചു കടന്ന് ഒരു പാലം കയറി കുറച്ചു നടന്നിട്ടാണ് സ്റ്റേ ചെയ്യുന്ന സ്ഥലത്ത് എത്തിയത്. എസി റൂമല്ല... ടെന്റ് ക്യാമ്പാണ്..  പക്ഷെ ടെന്റിനുള്ളിൽ കട്ടിലും ബെഡും വലിയ പുതപ്പും സ്ലീപ്പിങ് ബാഗും എന്തിനേറെ അറ്റാച്ഡ് ബാത്രൂം വരെ ഉണ്ട്. ഇത്ര ദൂരം യാത്ര ചെയ്തിട്ടും റെസ്റ്റ് എടുക്കണമെന്നൊന്നുമില്ല. അടുത്ത പരിപാടി എന്താണെന്നാണ് അറിയേണ്ടത്. ഒരു ചെറിയ ട്രെക് ആണ്. വേഗം റെഡി ആയിക്കോളാൻ ഗൈഡ് പറഞ്ഞു. ഒരു ട്രാക്ക് പാന്റിനുമേലെ ഒന്നുകൂടി ഇട്ടു. നല്ല വുളൻ സോക്‌സും ഗ്ലൗവും ഇട്ടു. ടിഷർട്ടിനു മേലെ ഒരു സ്പോർട്സ് ജാക്കറ്റും അതിനുമേലെ ഒരു ഷാളും പുതച്ചു. ക്യാമറ ബാഗ് എടുത്തു. എല്ലാം സെറ്റ്.


 എല്ലാവരും റെഡി ആയപ്പോൾ നടപ്പ് തുടങ്ങി. ഞങ്ങൾ 43 പേരും, ഗൈഡും, സ്റ്റേ ചെയ്യുന്നിടത്തെ രണ്ടുമൂന്നു പേരും. ഇവർകൂടാതെ 2-3 പേർ കൂടി ഉണ്ടായിരുന്നു. ഡോഗ്സ്.. നമ്മുടെ നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുപട്ടികളെപ്പോലെ അല്ല. നല്ല സൈസ് ഉള്ള, കമ്പിളിപോലെ രോമം നിറഞ്ഞ, കണ്ടാൽ ഏതോ വലിയ ബ്രീഡ് ആണെന്ന് തോന്നിപ്പിക്കുന്ന പട്ടികൾ.


അവ ആ ട്രെക് മുഴുവൻ ഞങ്ങളുടെ കൂടെ നടന്നു. പലരും പേടിച്ചു മാറുന്നതും അവയെ പായിക്കുന്നതും കണ്ടു. പക്ഷെ നല്ല ഇണക്കമുള്ള നമ്മളെക്കാൾ നന്നായി ആ വഴി അറിയുന്നവർ ആണവ. ട്രെക് അവസാനിക്കുന്നിടത്തുനിന്ന് എല്ലാവരും തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ അവയിൽ ഒരുവൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരും ആയോ എന്ന് നോക്കുന്നതുപോലെ. എന്നിട്ട് ഏറ്റവും പിന്നിൽ അവൻ ആ മല നടന്നിറങ്ങി. ഒരു ചെറിയ മലമുകളിലേക്ക്കായിരുന്നു ട്രെക്. പലരും പല ഗ്രൂപ്പുകൾ ആയി മിണ്ടിയും പറഞ്ഞും കുറച്ച് കഴിഞ്ഞപ്പോൾ കിതച്ചും നടുവിന് കൈ താങ്ങിയും ഒക്കെ നടന്നു കയറി.  ഞാൻ എന്റേതായൊരു ലോകത്ത് ക്യാമറയും തൂക്കി മണാലിയിൽ ലയിച്ചുതന്നെ ആ മല കയറി. ട്രെക് ചെന്ന് നിന്നത് ചെറിയൊരു വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലാണ്. അവിടെ കുറച്ചുനേരം തങ്ങി. ദൂരെ തലയുയർത്തി നിൽക്കുന്ന മഞ്ഞുമലക്കൾ ഒക്കെ കണ്ടു. വൈകുന്നേരം ആയപ്പോൾ പതിയെ തിരിച്ചു നടന്നു. തിരിച്ചു ക്യാമ്പിൽ എത്തി കുറച്ച് നേരം റെസ്റ്റ് എടുത്തു. രാത്രി ക്യാമ്പ് ഫയറും ഡിജെയും ഉണ്ടായിരുന്നു. പക്ഷെ എനിക്കെന്തോ ഒരു മൂഡ് വന്നില്ല. ഞാൻ എന്തൊക്കെയോ ആലോചിച്ച് തീ കൂട്ടിയതിനരികിൽ ഒരു മരക്കുട്ടയിൽ ഇരുന്നു. എന്റെ ചിന്തകൾ എവിടെയൊക്കെ പോയെന്ന് എനിക്ക് കൃത്യമായി ഓർമയില്ല. പക്ഷെ ഒന്നോർമയുണ്ട്. ഒരു അസ്വസ്ഥത പോലെ എന്നിലേക്ക് കടന്ന് വന്ന ചിന്തയാണത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈ യാത്ര വന്നത്. പക്ഷെ ഞാൻ ആഗ്രഹിച്ച പോലെയൊരു യാത്രയാണോ ഇതെന്ന് സംശയിച്ചുപോയി. എല്ലാത്തിലും ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നു. ശരിക്കുള്ള ടെന്റ് സ്റ്റേ ഇങ്ങനെയാണോ..? ടെന്റ് അടിക്കാനുള്ള സാധനങ്ങൾ ഒക്കെ ചുമന്ന്.. ഒരു ട്രെക് ഒക്കെ കഴിഞ്ഞ്.. ഏതെങ്കിലും മലയുടെ മുകളിൽ സ്വന്തമായി ഒരു ടെന്റ് ഒക്കെ നിർമ്മിച്ച്.. ചെറിയ കുക്കിംഗ്‌ ഒക്കെ ചെയ്ത്.. അങ്ങനെയൊരു ക്യാമ്പിങ് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇത്.. വെറുതെ വന്നുപോവുന്ന ടൂറിസ്റ്റുകൾക്ക് മണാലിയുടെ ഒരു ഫീൽ കിട്ടാൻ ആരൊക്കെയോ ഡിസൈൻ ചെയ്തു വെച്ചിരിക്കുന്ന ഒരു മണാലി കാഴ്ചയാണ് ഇത്. എന്റെ സങ്കടം ഞാൻ ഗൈഡിനെ അറിയിച്ചു. ഈ നൽപ്പതിമൂന്ന് പേരെയുംകൊണ്ട് നീ ആഗ്രഹിക്കുന്നതുപോലെ ഒരു ട്രെക് നടക്കുമെന്ന് തോന്നുന്നുണ്ടോ എന്ന് അങ്ങേര് ചോദിച്ചു. ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്. ആ ചെറിയ മല കയറി ഇറങ്ങിയപ്പോൾ തന്നെ പലരും കുഴഞ്ഞു. നല്ലൊരു ട്രെക് പോകണമെങ്കിൽ ഒരു പത്തോ പന്ത്രണ്ടോ ആൾ മതി.. ആഗ്രഹമുള്ള.. വിൽ പവറുള്ള കുറച്ചുപേർ.. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. എന്റെ മണാലി സ്വപ്നം ഈ ട്രിപ്പുകൊണ്ട് തീരുന്നില്ല. ഒരു വരവ് കൂടി വരണം.. ഇത്ര ആളും ബഹളവും ഒന്നുമില്ലാത്ത ഒരു യാത്ര. കഴിയുമെങ്കിൽ എന്റെ ബൈക്കിൽ തന്നെ. ഈ ട്രിപ്പിൽ മിസ്സ്‌ ആയ പല സ്ഥലങ്ങളിലും പോണം. ദിവസങ്ങൾ നീളുന്ന ഒരു ട്രെക്കിന് പോണം. മണാലിയുടെ ആത്മാവിനെ തൊട്ടറിയണം..

ഇത് ഒരു പരീക്ഷണ യാത്രയാണ്. മണാലിയെക്കുറിച്ച് പഠിക്കാൻ. ഒരു എക്സ്പീരിയൻസ്. എന്നുവെച്ച് ഈ ട്രിപ്പ്‌ ഉഴപ്പാൻ യാതൊരു ഉദ്ദേശവുമില്ല. നല്ല വൈബിൽ തന്നെ ഈ ട്രിപ്പ്‌ പൂർത്തിയാക്കണം. ഡിജെയുടെ ബഹളങ്ങൾ എല്ലാം കഴിഞ്ഞ് എല്ലാവരും ചുരുണ്ടു കൂടാൻ ടെന്റിൽ കയറിയപ്പോൾ ഞാൻ പതിയെ പുറത്തിറങ്ങി. തണുത്തുറഞ്ഞ ആ വഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. പുഴക്കരയിൽ പോയി ഇരുന്നു. പാലത്തിന്റെ മുകളിൽ ആകാശംനോക്കി നിന്നു. ഉറങ്ങാൻ ഒരു മടി. ആകെ കിട്ടുന്ന മൂന്ന് ദിവസങ്ങൾ ഉറങ്ങി തീർത്താൽ മതിയോ.. മണാലിയിലെ ഓരോ ശ്വാസവും എനിക്ക് ആസ്വദിക്കണമായിരുന്നു. എപ്പോഴാണ് കിടക്കാൻ പോയതെന്ന് ഓർമയില്ല. ഞാൻ എത്തുമ്പോഴേക്കും എന്റെ ടെന്റിലുള്ള ചങ്ങായിമാർ സ്ലീപ്പിങ് ബാഗിന്റെ ഉള്ളിൽ കയറിക്കൂടി, അതിനുമേലെ ബ്ലാങ്കെറ്റും പുതച്ച്, നല്ല ഉറക്കം പിടിച്ചിരുന്നു. നാളത്തെ ദിവസത്തെ സ്വപ്നം കണ്ട് ഒരു ഉറക്കം എനിക്കും അനിവാര്യമാണെന്ന് തോന്നി. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ അന്ന് സ്ലീപ്പിങ് ബാഗിനുള്ളിൽ ഉറങ്ങി...

പിറ്റേന്ന് എണീറ്റ് സ്ലീപ്പിങ് ബാഗിനുള്ളിൽ നിന്ന് പുറത്ത് വന്നപ്പോൾ ആണ് മണാലിയുടെ ശരിയായ തണുപ്പ് അറിഞ്ഞത്. കട്ടിലിൽ നിന്ന് എണീക്കാൻ നല്ല മടി. പക്ഷെ ഇന്നത്തെ ദിവസത്തേക്കുറിച്ച് ഓർത്തപ്പോൾ മടി ഒക്കെ എങ്ങോ പോയിപ്പോയി. പല്ലുതേക്കാൻ ടാപ് തുറന്ന് കൈ ഒന്ന് നനച്ചു. ഒരു വലിയ ഐസ് ക്യൂബ് എടുത്ത് ഒരു 10 സെക്കന്റ്‌ കൈയിൽ പിടിച്ച് നോക്ക്. ഒരു വേദന വരും. ആ വേദന ഒരു സെക്കന്റ്‌ കൊണ്ട് ഞാൻ അറിഞ്ഞു. പേസ്റ്റ് തേച്ച് ബ്രഷ് വായിൽ വെച്ചു. വല്ലാണ്ട് ഉരക്കേണ്ട ആവശ്യം ഒന്നും വന്നില്ല. കൈ നല്ലോണം വിറക്കുന്നതുകൊണ്ട് പരിപാടി ഓട്ടോമാറ്റിക് ആയിട്ട് കഴിഞ്ഞു. അപ്പോഴാണ് ഇടുത്തീ വീണപോലെ ഒരു വിളി എനിക്ക് വന്നത്. പ്രകൃതിയുടെ വിളി. നേച്ചർസ് കാൾ. കുടുങ്ങിയില്ലേ.. കൈയിൽ ഒരിറ്റ് വെള്ളം വീണപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ... പക്ഷെ ടെന്റ് സ്റ്റേ ഹൈടെക് ആയതുകൊണ്ട് കുറച്ചങ്ങ് നടന്നാൽ ചൂട് വെള്ളം കിട്ടുന്ന ഒരു ടാപ് ഉണ്ടായിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാനും ചങ്ങായീം ബക്കറ്റും എടുത്ത് വിട്ടു. എല്ലാവരും റെഡി ആയി ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും അടുത്ത സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോകാൻ നാലഞ്ച് സുമോ വന്നു. പക്ഷെ ഞങ്ങൾ ഒരു ആറും ആറും പന്ത്രണ്ട് പേർക്ക്‌ സുമോയിൽ അല്ലായിരുന്നു സീറ്റ്‌. വേറെ ഒരു ഐറ്റം നേരത്തേ പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു. അതെടുക്കാൻ ഞങ്ങൾ ആറുപേരും ഗൈഡും ഒരു സുമോയിൽ പോയി. ബൈക്ക് റെന്റിനു കൊടുക്കുന്ന ഒരു ഡീലറുടെ അടുത്തേക്കാണ് പോയത്. ഗൈഡ് അങ്ങേരുമായി എന്തൊക്കെയോ സംസാരിച്ചു. പിന്നെ ഞങ്ങളെ ബൈക്ക് കിടക്കുന്നിടത്തേക്ക് കൊണ്ട്പോയി. ആ കാഴ്ച.. ആറ് റോയൽ എൻഫീൽഡ് ഹിമാലയൻ വരി വരിയായി തലയുയർത്തി നിൽക്കുന്നു. വല്ലാത്തൊരു മൂടാണ് ആ കാഴ്ചതന്നെ തന്നത്. അപ്പോൾ ഹിമാലയനിൽ മണാലി ചുറ്റുന്ന കാര്യമോർക്കുമ്പോൾ വന്ന മൂഡ് ഊഹിക്കാമല്ലോ. ബൈക്ക് ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത് നോക്കി. ഓരോ വണ്ടിക്കും രണ്ട് ഹെൽമെറ്റ്‌ അവർ തന്നു. മണാലിയിൽ രണ്ട് ഹെൽമെറ്റ്‌ നിർബന്ധമാണ്. പിന്നെ സുമോയിൽ വന്ന വഴി തിരിച്ച് രാജകീയമായി ഹിമാലയനിൽ ഒരു റൈഡ്. ക്യാമ്പിൽ വന്ന് ബാഗ് എല്ലാം സുമോയിൽ ലോഡ് ചെയ്തു. ക്യാമറ ബാഗ് ഞാൻ തോളിൽ തൂക്കി. ജാക്കറ്റും ഗ്ലൗവും ഒക്കെ ഇട്ട് ഹെൽമെറ്റും ഗ്ലാസും വെച്ച് ഒരു ഫുൾ റൈഡർ സെറ്റപ്പിൽ ഞാൻ ഹിമാലയനിൽ കയറി. ചാവി ഓൺ ചെയ്തു. സെൽഫ് സ്റ്റാർട്ട്‌ അടിച്ചു. അക്സലറേറ്റർ ഒന്ന് തിരിച്ചു.. ഹാ.. ആ സൗണ്ട്..

അടുത്ത റൈഡ് ഒരു സ്വർഗത്തിലേക്കാണ്. സോലങ് വാലി.. ഒരൊന്നൊന്നര റോഡ്. എക്സ്പ്രസ്സ്‌ ഹൈവേ ഒന്നുമല്ല. സാധാരണ ഒരു ഹൈവേ. പക്ഷെ ആ റോഡിന്റെ ഇരുവശത്തുമുള്ള വ്യൂ.. അതാണ്‌ ആ റോഡിനെ എത്ര കണ്ടാലും മതിവരാത്തതാക്കുന്നത്.


ആ റൈഡിലെ ഓരോ കിലോമീറ്ററും ഞാൻ എത്രയധികം ആസ്വദിച്ചു എന്ന് പറഞ്ഞറിയിക്കാൻ ആവില്ല. എത്തിപ്പിടിക്കാൻ അധികം സാദ്ധ്യത കാണാത്ത ഒരു സ്വപ്നം പെട്ടെന്ന് ഒരു ദിവസം കണ്മുന്നിൽ വന്ന് നിൽക്കുമ്പോൾ ഉണ്ടാവുന്ന ഒരുതരം എക്സൈറ്റ്‌മെന്റ് ഉണ്ട്... സംതൃപ്തി മനസ്സുനിറയ്ക്കും. പക്ഷെ ഇത്.. കണ്ണ്നിറയ്ക്കും... സോലങ് വാലി എത്താറായപ്പോൾത്തന്നെ റോഡിന്റെ ഇരുവശത്തും മഞ്ഞ് നിറഞ്ഞു തുടങ്ങി. വണ്ടി നിർത്തി ആ മഞ്ഞൊന്ന് വാരിയെടുത്താലോ എന്ന് തോന്നിപ്പോയി. എന്നാലും നിർത്തിയില്ല. ക്ലച്ച് പിടിച്ച് ഗിയർ ഒന്ന് മാറ്റി കൂടുതൽ ആവേശത്തോടെ വണ്ടിയെടുത്തു. അല്ലെങ്കിലും കടല് കാണാൻ പോകുന്നവൻ എന്തിനാ കുളം കണ്ട് നിർത്തേണ്ടത്. സോലങ് വാലിയിൽ അത്യാവശ്യം നല്ല തിരക്കാണ്. ബൈക്ക് പാർക്ക്‌ ചെയ്യാൻ ഒരു സ്പേസ് കിട്ടാൻ കുറച്ച് കഷ്ട്ടപ്പെട്ടു. വണ്ടി നിർത്തി ചുറ്റുമൊന്ന് നോക്കി. എങ്ങോട്ട് തിരിഞ്ഞാലും മഞ്ഞ് മാത്രം. ഓടിച്ചെന്ന് മഞ്ഞിലേക്ക് അങ്ങ് കിടന്നു. ഒന്ന് വാരിപ്പുണർന്നു. ഗ്ലൗ അഴിച്ച് മഞ്ഞ് വാരി കൈയിൽ എടുത്തു. കൈ ആകെ മരവിച്ചു. എങ്കിലും ആ മരവിപ്പിനും വേദനക്കും പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സുഖമുണ്ടായിരുന്നു. പെട്ടെന്ന് എവിടെനിന്നൊ ഒരു സ്‌നോബോൾ വന്ന് നെഞ്ചിൽ പതിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ യുദ്ധത്തിന് തയാറെടുക്കുന്നതുപോലെ എല്ലാവരും മഞ്ഞ് വാരി ബോൾ ആക്കുകയാണ്. പിന്നെ ഒരു ഏറും കളിയും ആയിരുന്നു. ഒരു ബോൾ എറിഞ്ഞു അടുത്തത് എടുക്കാൻ കുനിയുമ്പോഴേക്ക് ഏറുകൊണ്ട് മിക്കവാറും തെറിച്ച് വീഴും. ഓടാൻ നോക്കിയാൽ ബൂട്ട് മഞ്ഞിൽ ആഴ്ന്ന് പോകും. നിന്ന് കൊള്ളുക. കൊണ്ടതുപോലെ തിരിച്ച് കൊടുക്കുക. അത്രതന്നെ.. അല്പനേരത്തെ യുദ്ധത്തിന് ശേഷം ഞങ്ങൾ സോലങ് വാലി മുഴുവനായി കാണാൻ തീരുമാനിച്ചു. അത്യാവശ്യം വലിയൊരു മലയാണ്. മഞ്ഞിനിടക്കൂടെ ഒരു ഓഫ്‌റോഡ് വഴിയുണ്ട്. പലരും നടന്നു കയറുന്നുണ്ട്. പകുതി ദൂരം ഞങ്ങൾ ക്വാഡ് ബൈക്കിൽ കയറി. പിന്നെ എല്ലാവർക്കും ഓരോ കുതിരയെ കിട്ടി. വരി വരി ആയി കുതിരപ്പുറത്ത് എല്ലാവരും ആ മല കീഴടക്കി. കുതിരപ്പുറത്തിരുന്ന് മല കയറാൻ അടിപൊളിയാണ്. കുതിര ഒരു താളത്തിലേ നടക്കൂ. നമ്മളും ആ താളത്തിനൊത്ത് മെല്ലെ പൊങ്ങിയും താഴ്ന്നും ഇളകിക്കൊണ്ടിരിക്കും. ഒരു രാജാകീയമായ ഫീൽ.. കുതിരപ്പുറത്തുനിന്ന് ഇറങ്ങി കുറച്ച് നടന്ന് ഏറ്റവും മുകളിൽ എന്ന് ഞങ്ങൾ കരുതിയ സ്ഥലത്തെത്തി. അപ്പോഴാണ് മനസ്സിലായത്. ഇത് വെറും വാലി ആണ്. ഇനി മുകളിലേക്കാണ് ശരിക്കുള്ള മല. മഞ്ഞു മൂടി ആകാശം മുട്ടെ നിൽക്കുന്ന ഒരു ഉഗ്രൻ മല. ആ മലയെ ഒക്കെ ആയിരിക്കുമല്ലേ പർവതം എന്ന് വിളിക്കുന്നത്. പക്ഷെ ടൂറിസ്റ്റുകൾക്ക് അവിടെ വരെയേ പ്രവേശനം അനുവദനീയം ആയിരുന്നുള്ളു. ആ മല കയറുക എന്നത് ഇതുവരെ കണ്ട ട്രെക് പോലെ ഒന്നും ആയിരിക്കില്ല എന്ന് കണ്ട മാത്രയിൽ തന്നെ മനസ്സിലായി. പക്ഷെ ഞങ്ങൾ എത്തിയിടത്ത് ഞങ്ങൾക്ക് വേണ്ടി മറ്റൊരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഐസ് സ്കേറ്റിങ്ങ്. അയ്യോ ഇജ്ജാതി കോമഡി.. എത്രവട്ടം മലന്നടിച്ചു വീണെന്ന് കണക്കില്ല. മഞ്ഞിലായതുകൊണ്ട് നടുവുതല്ലി വീണാലും ഒന്നും ആവില്ല. അധികദൂരം ഒന്നും ഞങ്ങളെ സ്‌കേറ്റ് ചെയ്യാൻ വിട്ടില്ല. എങ്കിലും ആ ഇട്ടാവട്ടത് എല്ലാവരും വീണു. ഒറ്റക്കും കൂട്ടിയിടിച്ചും... എങ്കിലും ഓരോ വീഴ്ചയിലും ഒരു സുഖമുണ്ടായിരുന്നു. കിടിലൻ ഒരു എക്സ്പീരിയൻസ് ആയിരുന്നു അത്. ഇങ്ങനെ ചില ആക്ടിവിറ്റീസ് ഒക്കെ കഴിഞ്ഞപ്പോഴേക്ക് വൈകുന്നേരം ആവാറായി. പിന്നെ കുതിരപ്പുറത്ത് മലയിറങ്ങി. ഇതിനിടക്ക് വലിയൊരു ആഗ്രഹം നടക്കാതെ പോയി. അടൽ ടണൽ.. മഞ്ഞുവീഴ്ച കാരണം ആരെയും അങ്ങോട്ട് കടത്തി വിട്ടിരുന്നില്ല. സോലങ്ങ് വാലിയിൽ നിന്ന് ഞങ്ങൾ നേരെ പോയത് മാൾറോഡ് മാർക്കറ്റിലേക്കാണ്. വലിയൊരു മാർക്കറ്റ്. തിങ്ങി നിറഞ്ഞ് മനുഷ്യർ. ആ തിരക്കിനിടയിലും അങ്ങിങ്ങായി എവിടുന്നൊക്കെയോ മലയാള ശബ്ദങ്ങൾ കേട്ടു. ചിലരെ പരിചയപ്പെട്ടു. മാർക്കറ്റിൽ ഞാൻ വെറുതെ തലങ്ങും വിലങ്ങും നടന്നു. കുറച്ച് സ്ട്രീറ്റ് ഫുഡ്‌ കഴിച്ചു. ആലൂ ടിക്ക... ചീസി മാഗ്ഗി.. ക്യാരറ്റ് ഹൽവ.. അങ്ങനെ. കുറച്ചധികം പരതിയ ശേഷം ഞാൻ വളരെയധികം ആഗ്രഹിച്ച ആ ഐറ്റം കിട്ടി. യാക് വുളിൽ നെയ്തെടുത്ത ഒരു ഷാൾ. അങ്ങേരുടെ കാസോൾ വാല ഷാളിന്റെ അത്ര ക്വാളിറ്റി കിട്ടിയില്ലെങ്കിലും അത്യാവശ്യം നല്ലൊരു ഷാൾ. വാങ്ങണമെന്ന് ഉറപ്പിച്ച മറ്റൊരു സാധനമുണ്ടായിരുന്നു. ഇന്ന് എന്റെ വണ്ടിയുടെ മുന്നിൽ കെട്ടിയിരിക്കുന്ന കാറ്റിൽ പാറി കളിക്കുന്ന ഒരു ടിബറ്റൻ ഫ്ലാഗ്. അങ്ങനെ കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി ഞാൻ മാൾറോഡ് ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിൽ പലതവണ പല മനുഷ്യർ അടുത്ത് വന്ന് സ്വകാര്യത്തിൽ ഒരു സാധനം വേണോ എന്ന് ചോദിച്ചു. അതുതന്നെ.. ഗഞ്ച.. മലാന ക്രീം..ഞാൻ അമ്പരന്ന് പോയി. ഒരുമാതിരി ചേട്ടാ മുട്ടായി വേണോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ കഞ്ചാവ് വേണോ എന്ന് ചോദിക്കുന്നു.. "ഭായ്.. അച്ചാ ക്വാളിറ്റി ഹേ ഭായ്.. സിർഫ് ദോ ഹാസാർ ഹേ ഭായ്.." ഞാൻ കേട്ട ഭാവം നടിക്കാതെ നൈസ് ആയിട്ട് സ്കൂട്ട് ആയി. അധികം രാത്രിയാവുന്നതിനു മുമ്പ്തന്നെ ഞങ്ങൾ ഇന്ന് സ്റ്റേ ചെയ്യുന്ന ഹോട്ടലിലേക്ക് പോയി.

അത്യാവശ്യം നല്ല സൗകര്യങ്ങൾ ഒക്കെ ഉള്ള റൂം. റൂമിൽ വന്ന് ഷൂ അഴിച്ച് കാല് നോക്കുമ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്തോ രോഗം വന്നതുപോലെ കാൽ ആകെ വിളറി മരവിച്ച് എന്തോ കോലത്തിൽ ആയിട്ടുണ്ട്. പിന്നെ കുറച്ച് ചൂടുവെള്ളം ഒക്കെ ഒഴിച്ച് കഴുകി കുറച്ചുനേരം ഷൂ ഒന്നും ഇടാതെ നടന്നപ്പോഴാണ് കാല് സ്പർശനം അറിയാൻ തുടങ്ങിയത്. നല്ല പഞ്ഞി പോലുള്ള ബെഡ്... അതിലും കംഫർട് തരുന്ന ബ്ലാങ്കറ്റ്.. കിടന്നുറങ്ങിയാലോ എന്നൊരാലോചന വന്നു. പക്ഷെ വീണ്ടും എവിടെനിന്നോ ആ ചിന്ത വന്നു.. മണാലിയിൽ ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ... എന്നെ കട്ടിലിൽ നിന്ന് ഉണർത്താൻ ആ ചിന്ത ധാരാളമായിരുന്നു. കയ്യിൽ വണ്ടി ഉണ്ട്.. കൂടെ വരാൻ ആളുണ്ട്.. പോകാൻ പെർമിഷനും ഉണ്ട്. ഒരു മണാലി നൈറ്റ്‌ റൈഡ് എന്നെ വല്ലാതെ മാടി വിളിക്കുന്നതുപോലെ. പക്ഷെ ഒറ്റ പ്രശ്നമേ ഉള്ളു. പകൽ അടിച്ച പെട്രോൾ തീരാൻ ആയിട്ടുണ്ട്. വരുന്നിടത്ത് വച്ച് കാണാം എന്നുറപ്പിച്ച് ഞാൻ ഇറങ്ങി. കൂടെ ബാക്കി നാല് ബൈക്കും അതിലൊന്നിൽ ഗൈഡും ഉണ്ട്. എങ്ങോട്ട് പോകുമെന്ന് പ്രത്യേകിച്ച് ഒരു ധാരണ ഇല്ല. പക്ഷെ ഗൈഡിന് പ്ലാൻ ഉണ്ടായിരുന്നു. മണാലി കണ്ടിട്ടുള്ളവർക്കറിയാം റോഡിന്റെ ഒരു വശത്ത് കിലോമീറ്ററുകളോളം വലിയൊരു പുഴയാണ്. ആ പുഴക്ക് കുറുകെ പല പാലങ്ങളും കാണാം. അതിലൊരു പാലത്തിലേക്കാണ് ഗൈഡ് ഞങ്ങളെ കൊണ്ടുപോയത്. ഒരു ഇരുമ്പ് പാലം. പക്ഷെ ഒരു പ്രത്യേകതയുണ്ട്. പാലത്തിലുടനീളം ടിബറ്റൻ ഫ്ലാഗ് കെട്ടിയിട്ടുണ്ട്. ബൈക്കിൽ കെട്ടുന്നതുപോലത്തെ ചെറിയ ഫ്ലാഗ് അല്ല. നല്ല വലിപ്പമുള്ള ഫ്ലാഗ്. അഞ്ചു നിറത്തിലാണ് ഫ്ലാഗുകൾ ഉള്ളത്. നീല, വെള്ള, ചുവപ്പ്, പച്ച, മഞ്ഞ. ഓരോ നിറവും ഓരോ എലമെന്റിനെ സൂചിപ്പിക്കുന്നു. നീല ആകാശത്തേയും വെള്ള വായുവിനെയും ചുവപ്പ് തീയെയും പച്ച വെള്ളത്തിനെയും മഞ്ഞ ഭൂമിയെയും സൂചിപ്പിക്കുന്നു. അങ്ങനെ വർണാഭമായ നിരവധി ഫ്ലാഗുകൾ കാറ്റിലാടുമ്പോൾ പുഴയുടെ സംഗീതം കേട്ട് ആ രാത്രിയിൽ മുഴുകി പാലത്തിലൂടെ ഞാൻ നടന്നു. ഗൈഡ് എന്തൊക്കെയോ കഥകൾ പറയുന്നുണ്ടായിരുന്നു. അനുഭവങ്ങളുടെ ഒരു കലവറയാണ് അങ്ങേര്. കുറച്ച് കഴിഞ്ഞപ്പോൾ ഗൈഡും മൂന്ന് ബൈക്കും ഹോട്ടലിലേക്ക് മടങ്ങിപ്പോയി. ഞങ്ങൾ നാലുപേർ കുറച്ചധികം നേരം അവിടെയിരുന്നു. കഥകൾ കാടുകയറി.. മലകയറി.. സ്വപ്‌നങ്ങൾ കയറി...

സമയം പോയതറിഞ്ഞില്ല. ഒടുവിൽ ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു. ഞാനാണ് ആദ്യം പോയത്. കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോൾ ഹിമാലയന് ജലദോഷം പിടിച്ചപോലെ ഒരു മിസ്സിംഗ്‌. എനിക്ക് കാര്യം കത്തി. പെട്രോൾ.. എങ്ങനെയെങ്കിലും എത്തിക്കാമെന്ന പ്രതീക്ഷയിൽ ഞാൻ വണ്ടിയെടുത്തു.. പക്ഷെ അധികദൂരം കഴിയുന്നതിനു മുൻപുതന്നെ ഹിമാലയൻ കീഴടങ്ങി. ഞങ്ങൾ രണ്ട്പേരുണ്ട്. ബൈക്ക് നിന്നാൽ തള്ളുക.. അത്രതന്നെ... അങ്ങനെ തള്ളി നീങ്ങുമ്പോൾ ആണ് റോഡിന്റെ സൈഡിൽ ഒരു പട്ടി. അത്യാവശ്യം നല്ല സൈസ് ഉള്ള ഒരു പട്ടി. അവന്റെ കുരയിൽ എന്തോ പന്തികേടുപോലെ... ഞങ്ങളെ കടത്തിവിടാൻ അവന് ഉദ്ദേശമില്ലാത്തതുപോലെ... എന്തുചെയ്യണമെന്ന് ആലോചിച്ച് നിന്ന സമയത്ത് പുറകെ വന്ന ചങ്ങായി എത്തി. അവന്റെ ബൈക്കിലും രണ്ടാൾ ഉണ്ട്. ട്രിപ്പിൾസ് എടുത്താലും ഒരാൾ ബാക്കിയാവും. ആ പട്ടിക്കപ്പുറം ഒന്ന് കടത്തി തന്നാൽ ബാക്കി എന്തെങ്കിലും ചെയ്യാമെന്നായി. അങ്ങനെ പെട്രോൾ ഉള്ള വണ്ടി എടുത്ത് അതിനടുത്ത് പോയി റെയ്സ് ആക്കി പട്ടിയെ വിരട്ടി. ഞങ്ങൾ ബൈക്ക് തള്ളി അപ്പുറം കടത്തി. എന്താണെന്നറിയില്ല നടക്കാൻ വല്ലാത്തൊരു മൂഡ്. അവരെ പറഞ്ഞുവിട്ട് ഞങ്ങൾ രണ്ടാളും വണ്ടി തള്ളാൻ തീരുമാനിച്ചു. അടുത്ത് പെട്രോൾ പമ്പ് വല്ലതും ഉണ്ടോയെന്ന് അന്വേഷിക്കുമ്പോൾ ആണ് അറിയുന്നത് മണാലിയിൽ ഒരു പത്ത് മണി കഴിഞ്ഞ് പമ്പ് പോയിട്ട് പെട്ടിപ്പീടിക പോലും തുറക്കലില്ല എന്ന്. അപ്പൊ അതിന്റെ കാര്യത്തിൽ തീരുമാനം ആയി. കുറച്ച് ദൂരം തള്ളി കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി... വണ്ടി തള്ളി റൂമിൽ എത്തുമ്പോളേക്ക് നേരം വെളുക്കും. അതുകൊണ്ട് അടുത്ത് കണ്ട പൂട്ടിക്കിടക്കുന്ന പെട്രോൾ പമ്പിൽ വണ്ടി കയറ്റിവച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി. അങ്ങനെ ആ വിജനമായ റോഡിൽ ഞാനും അനുരൂപും മാത്രം. ഇപ്പൊ എത്തും ഇപ്പൊ എത്തും എന്ന് വിചാരിച്ചെങ്കിലും നടന്നിട്ടും നടന്നിട്ടും അങ്ങ് നീങ്ങുന്നില്ല. കൈ നീട്ടാൻ ഒരു വണ്ടി പോലും കാണുന്നില്ല. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നടക്കുമ്പോളാണ് ദൈവദൂതനെപ്പോലെ അവൻ വരുന്നത്. ലബീബ്... നേരത്തെ ഞങ്ങൾ പറഞ്ഞു വിട്ട ചങ്ങായി ആണ്. അവന്റെ ചിരിയിൽ ഞങ്ങളുടെ ചമ്മിയ മുഖം ഞാൻ കണ്ടു. ഒന്നും മിണ്ടാതെ രണ്ടാളും ബൈക്കിൽ കയറി. അങ്ങനെ അവന്റെ ഹിമാലയനിൽ ഹോട്ടലിലേക്ക് പോകുമ്പോൾ ആണ് മനസ്സിലാകുന്നത് ഞങ്ങൾ നടക്കാൻ തീരുമാനിച്ച റോഡിന്റെ ദൂരം ചെറുതായിരുന്നില്ല എന്ന്. എന്തായാലും നന്നായി.. ദൈവം ഉണ്ടെടാ അനുരൂപേ...

പിറ്റേന്നാണ് എനിക്ക് മണാലിയിലെ ഏറ്റവും നല്ല എക്സ്പീരിയൻസ് കിട്ടിയത്. ഒരു ട്രെക് ആണ്. ജോഗിനി വാട്ടർഫാൾസ് ട്രെക്. ബൈക്ക് ഇന്നലെ ഒരു ദിവസത്തേക്കായിരുന്നു റെന്റിനെടുത്തിരുന്നത്. പക്ഷെ എന്തുകൊണ്ടോ ആ ബൈക്ക് കൊടുക്കാൻ ആർക്കും തോന്നണില്ല. അതുകൊണ്ട് ഇന്നൊരു ദിവസത്തേക്ക് കൂടി ബൈക്ക് എടുക്കാമെന്ന് തീരുമാനിച്ചു. രാവിലെതന്നെ പെട്രോൾ ഉള്ള ഒരു ബൈക്ക് എടുത്ത് പോയി പെട്രോൾ പമ്പിൽ കയറ്റിയിട്ട ബൈക്ക് അവിടുന്നുതന്നെ പെട്രോൾ അടിച്ചു പുറത്തിറക്കി. ബ്രേക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ ട്രെക്കിന് പോകാൻ തയ്യാറായി. ഹൈവേയുടെ സൈഡിൽ ബൈക്ക് പാർക്ക്‌ ചെയ്ത് ഒരു ഇടവഴിയിലൂടെ കുറച്ച് ദൂരം നടന്നു. മേലോട്ട് നോക്കുമ്പോൾ ഒരു വലിയ മല. ആ മലയുടെ മുകളിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്.. അവിടെയാണ് നമുക്ക് എത്തേണ്ടതെന്ന് ഗൈഡ് പറഞ്ഞു. എനിക്ക് ആകെ ത്രിൽ അടിച്ചു. ആ ആവേശത്തിൽ ഞാൻ ഗൈഡിനൊപ്പം മുന്നിൽത്തന്നെ മല കയറാൻ തുടങ്ങി. ഒരാൾക്ക് കഷ്ടി നടക്കാൻ പറ്റുന്ന വഴി. മഞ്ഞുരുകി മണ്ണിൽ കലർന്ന് ചെളിയായി വഴിയുലുടനീളം നല്ല തെന്നൽ. ഇടയ്ക്കിടെ നല്ല കട്ട മഞ്ഞും. കാലൊന്നിടറിയാൽ ചിലപ്പോൾ ജീവൻ വരെ പോയേക്കാം. ഞാൻ ആഗ്രഹിച്ച ഒരു ട്രെക് ആണിത്. ആ ആവേശത്തിൽ ഞാൻ അതിവേഗം മല കയറി. കൂടെയുള്ള ആരെക്കാളും ആദ്യം ആ ട്രെക് പൂർത്തിയാക്കണമെന്ന് എനിക്ക് ഒരു വാശിയുണ്ടായിരുന്നു. എനിക്ക് പ്രത്യേകിച്ച് കോമ്പറ്റിഷൻ ഒന്നും ഉണ്ടായിരുന്നില്ല. ബാക്കി എല്ലാവരും കഥയൊക്കെ പറഞ്ഞ് കിതച്ചും തെന്നിവീണും പതിയെ മല കയറി. അതുകൊണ്ട് ഗൈഡും അവർക്കൊപ്പം മെല്ലെ നടക്കാൻ തുടങ്ങി. എന്റെ ആഗ്രഹം പോലെത്തന്നെ എല്ലാവരേക്കാളും മുന്നേ ഞാൻ തന്നെ ആ വെള്ളച്ചാട്ടം കണ്ടു. ആകാശത്തിൽനിന്നെന്നപോലെ ആ മലയുടെ ഏറ്റവും മുകളിൽനിന്ന് വെള്ളം താഴേക്ക് പതിക്കുന്നു. ഗ്ലൗ ഊരി ആ വെള്ളത്തിൽ ഒന്ന് തൊട്ട് നോക്കി. കൈ മരവിച്ചുപോകുന്നപോലെ തണുപ്പ്. കുറച്ച് സമയം അവിടെ ഒരു പാറപ്പുറത്ത് ചുറ്റുമുള്ള വ്യൂ നോക്കി ഇരുന്നു. അപ്പോഴേക്കും ഓരോരുത്തരായി വന്നുതുടങ്ങി. ആ വെള്ളച്ചാട്ടത്തിനപ്പുറം ഒരു വഴി കണ്ടു. മലയുടെ മുകളിലേക്കുള്ള വഴിയാണ്. അങ്ങ് ദൂരെ കാറ്റിലാടുന്ന ടിബറ്റൻ ഫ്ലാഗും കണ്ടു. എങ്കിൽ അവിടെ വരെ ഒന്ന് പോയി നോക്കിയേക്കാം എന്ന് തോന്നി. വീണ്ടും നടപ്പ് തുടങ്ങി. ചെറിയൊരു കുന്ന് കയറി ആ ഫ്ലാഗ് കെട്ടിയിടത്ത് എത്തിയപ്പോൾ അതിനപ്പുറം ഒരു ഗുഹപോലെ കണ്ടു. ഒരു പാറയിൽ ചവിട്ടി ഏന്തിവലിഞ്ഞ് ആ ഗുഹയുടെ ഉൾവശം കണ്ടു. അതൊരു പുണ്യ സ്ഥലമാണ്. തപസ്സിരിക്കുന്ന സ്ഥലം. അത് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. ആ ഗുഹക്കും കുറച്ചപ്പുറം വ്യൂ പോയിന്റ് പോലെ ഒരു സ്ഥലം ഉണ്ടായിരുന്നു. കഷ്ടപ്പെട്ട് പാറയിലും മരത്തിലുമൊക്കെ പിടിച്ച് വലിഞ്ഞു കയറി ഞാൻ ആ വ്യൂ കണ്ടു. ആ കാഴ്ചയെ വിശേഷിപ്പിക്കാൻ ഇന്ന് എനിക്ക് വാക്കുകളില്ല. അതിമനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകുമെന്ന് തോന്നുന്നു. അത്ര അഴകുള്ള ഒരു കാഴ്ച. ആ ഫ്രെയ്മിനെ ഞാൻ ക്യാമറയിൽ പകർത്തി. ഞാൻ പകർത്തിയ ഈ ചിത്രം ആ വ്യൂവിനോട് എത്രമാത്രം നീതിപുലർത്തുന്നു എന്നെനിക്കറിയില്ല. പക്ഷെ എന്റെ മണാലി യാത്രയിലെ എനിക്ക് ഏറ്റവും മനോഹരമായി തോന്നിയ ഒരു ക്ലിക്ക് ആണിത്.


ജോഗിനി ട്രെക് കഴിഞ്ഞ് തിരിച്ചിറങ്ങി ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് ഹടിമ്പ ദേവി ക്ഷേത്രത്തിലേക്കായിരുന്നു. പക്ഷെ ഇന്നലെ നടക്കാതെ പോയ ഒരു ആഗ്രഹം ഇന്നും ബാക്കി നിൽപ്പുണ്ട്. അടൽ ടണൽ.. ഗൈഡിനോട് അനുവാദം വാങ്ങി ഞങ്ങൾ ബൈക്ക് ഉള്ളവർ മാത്രം അടൽ ടണൽ കാണാൻ പുറപ്പെട്ടു. ബാക്കി ഉള്ളവർ സുമോയിൽ ഹടിമ്പ ക്ഷേത്രത്തിലേക്ക് പോയി. സോലങ് വാലി വഴിയാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ ഇന്നും ഞങ്ങളെ സോലങ് വാലിയിൽ തടഞ്ഞു. മഞ്ഞുവീഴ്ച കാരണം ഇരുചക്ര വാഹനങ്ങൾ കടത്തിവിടില്ല എന്ന് ഒരു പോലീസുകാരൻ പറഞ്ഞു. തിരിച്ചു പോരുക അല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. ഞങ്ങൾ തിരിച്ച് ഹടിമ്പ ക്ഷേത്രത്തിനടുത്ത് എത്തി. പക്ഷെ ക്ഷേത്രം കാണാനുള്ള സമയം ഉണ്ടായിരുന്നില്ല. അതിനിടയിൽ ഭക്ഷണം കഴിക്കണം... ബൈക്ക് തിരിച്ച് കൊടുക്കണം.. കാരണം ഞങ്ങൾക്ക് തിരിച്ച് ഡൽഹിയിലേക്കുള്ള ബസ് ഏകദേശം തയ്യാറായി നിൽപ്പുണ്ടായിരുന്നു.

ബസിലിരുന്ന് മണാലിയോട് യാത്ര പറയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ഞാൻ അറിഞ്ഞു. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതുപോലെ.. മഞ്ഞണിഞ്ഞ മലകൾ അകന്നകന്ന് പോകുമ്പോൾ കഷ്ടപ്പെട്ട് നേടിയതെന്തോ നഷ്ടപ്പെടുന്നതുപോലെ. വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു...

പിറ്റേന്ന് രാവിലെയാണ് ഞങ്ങൾ ഡൽഹിയിലെത്തുന്നത്. ഇന്നൊരു ദിവസം മുഴുവൻ ഡൽഹിയിലുണ്ട്. ആദ്യം പോയത് ഖുതബ് മിനാറിലേക്കാണ്. അത്യാവശ്യം വൈഡ് ആംഗിൾ ഫോട്ടോ എടുക്കാൻ പറ്റുന്ന സോണിയുടെ കിറ്റ് ലെൻസിൽ ഖുതബ് മിനാർ മുഴുവനായി കിട്ടണമെങ്കിൽ കുറച്ചധികം ദൂരം നടന്ന് മാറി ഫ്രെയിം കണ്ടെത്തനമായിരുന്നു. അത്ര പൊക്കമുണ്ട് ആ ഗോപുരത്തിന്. ഇടയ്ക്കിടെ ആ ആകാശഗോപുരത്തിന്റെ മുകളിലൂടെ ഫ്ലൈറ്റ് പോകും. ഒരു പിക് എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആദ്യത്തെ ഫ്ലൈറ്റ് ഫ്രെയ്മിൽനിന്ന് മിസ്സ്‌ ആയി. പക്ഷെ ഞാൻ തോറ്റുകൊടുത്തില്ല. അടുത്ത ഫ്ലൈറ്റ് വരുന്നതുവരെ കാത്തിരുന്നു. ഇത്തവണ മിസ്സ്‌ ആയില്ല...


അടുത്ത സ്ഥലം ലോട്ടസ് ടെംപിൾ ആണ്. നേരം നട്ടുച്ച. വെളുവെളുത്ത ലോട്ടസ് ടെമ്പിളിലേക്ക് നോക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല. ടെമ്പിളിനെ ഒന്ന് വലം വെച്ച് ഈ ട്രിപ്പിലെ അവസാനത്തെ സൈറ്റ് സീയിങ്ങും ഞാൻ പൂർത്തിയാക്കി. വൈകുന്നേരത്തെ പരിപാടി ഷോപ്പിങ്ങാണ്. രാവിലെ എണീറ്റപ്പോൾത്തന്നെ പെങ്ങളുടെ മെസ്സേജ് ഉണ്ടായിരുന്നു. ഞാൻ ഡൽഹിയിൽ എത്തുന്ന ദിവസം കൃത്യം ഓർമ്മവെച്ചിട്ടുണ്ട് അവൾ. മെസ്സേജ് ഒരു ലിസ്റ്റായിരുന്നു. ഷോപ്പിംഗിന് പോകുമ്പോൾ അവൾക്ക് വാങ്ങേണ്ടിയിരുന്ന സാധനങ്ങളുടെ ലിസ്റ്റ്. ആ ലിസ്റ്റിലുള്ള സാധനങ്ങൾ മുഴുവൻ വാങ്ങാൻ നിന്നാൽ മടക്കയാത്രയിൽ ഞാൻ പട്ടിണി ആയിരിക്കുമെന്ന് തോന്നി. അത്രക്കുണ്ടായിരുന്നു അവളുടെ ലിസ്റ്റ്. പക്ഷെ ഞങ്ങൾ ഷോപ്പിംഗിന് പോയ സ്ഥലം ഞാൻ പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. സരോജിനി നഗർ... എണ്ണമറ്റ കച്ചവടക്കാർ... എണ്ണമറ്റ കടകൾ... തുച്ഛമായ വില... അറിയുന്ന ഹിന്ദിയൊക്കെ വെച്ച് ഞാൻ വെറുതെയാണെങ്കിലും പല കടകളിലും ഒന്ന് വിലപേശി നോക്കി. അങ്ങനെ ആയിരത്തിനുമേലെ വില പറഞ്ഞ സാധനം മൂന്നൂറും ഇരുന്നൂറും വരെ എത്തിച്ചു. സകല ബ്രാൻഡുകളുടേയും കോപ്പി ഇവിടെ കിട്ടും. എയർ ജോർദാനൊക്കെ നാനൂറ്‌ റുപ്യക്കാണ് വിൽക്കാൻ വച്ചിരിക്കുന്നത്. അധികമൊന്നും വാങ്ങിക്കൂട്ടണ്ട എന്നുണ്ടായിരുന്നു. പക്ഷെ തിരിച്ച് ബസിൽ കയറുമ്പോൾ എന്റെ കയ്യിൽ രണ്ട് വലിയ സഞ്ചി നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു...

പിറ്റേന്ന് ഉച്ചക്കാണ് തിരിച്ച് നാട്ടിലേക്കുള്ള ട്രെയിൻ. സമ്പർക് ക്രാന്തി എക്സ്പ്രസ്സ്‌. എണീറ്റ് ബ്രേക്ക്‌ഫാസ്റ്റ്‌ കഴിച്ചപ്പോൾത്തന്നെ പോകാൻ സമയമായി. ഈ ദിവസങ്ങളിൽ മുഴുവൻ കറങ്ങിയ ബസിത്തന്നെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. നല്ല കിടിലൻ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. കുറച്ച് നേരത്തേ ഇറങ്ങിയതുകൊണ്ട് കൃത്യസമയത്ത് തന്നെ എത്തി. ഇനി വിടപറച്ചിലിന്റെ സമയമാണ്. ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. സ്റ്റേഷനിൽ നിന്ന് ഒരു ചായ വാങ്ങി ഞാൻ ഒരു ബെഞ്ചിൽ ഇരുന്നു. ട്രിപ്പ്‌ ഇവിടെ അവസാനിക്കുകയാണ്. പത്തു പന്ത്രണ്ട് ദിവസം കണ്ണടച്ചു തുറക്കും മുൻപ് തീർന്നുപ്പോയതുപോലെ... എത്രയോ നാളത്തെ ആഗ്രഹമാണ് പൂർത്തിയായത്... ആരോടൊക്കെയോ നന്ദി പറയണമെന്നുണ്ട്. ഒറ്റ ചോദ്യത്തിൽ തന്നെ ട്രിപ്പ് പോകാൻ സമ്മതം മൂളിയ അച്ഛനോട്... ട്രിപ്പ്‌ ഇത്ര മനോഹരമായി പ്ലാൻ ചെയ്ത പ്ലാൻ വെക്കേഷൻസ് ടീമിനോട്...രണ്ട് ഗൈഡ്സിനോട്.. എല്ലാം ഓടി നടന്ന് സെറ്റ് ആക്കിയ കോർഡിനേറ്ററോഡ്.. ക്യാമറ തന്ന ചങ്ങായിയോട്... അങ്ങനെ എണ്ണമറ്റ നന്ദികൾ.. ഇങ്ങനെയോരോ ചിന്തകളിൽ മുഴുകി ട്രെയിൻ വരുന്നവരെ ഞാൻ അവിടെ ഇരുന്നു. ഗൈഡിനോട് ഹൃദയസ്പർശിയായ ഒരു ഗുഡ്ബൈ കൂടെ പറഞ്ഞ് ഞങ്ങൾ ട്രെയിൻ കയറി.

 തിരിച്ചുള്ള ട്രെയിൻ യാത്രയെക്കുറിച്ച് എനിക്ക് വലിയ ഓർമ്മകൾ ഒന്നും ഇല്ല. എല്ലാവരുംതന്നെ മണാലിയുടെ ഓർമ്മകൾ അയവിറക്കുകയായിരുന്നു. ട്രെയിനിലെ ഭക്ഷണം തീരെ മോശമായിരുന്നു. ഒരിക്കൽ ഒരു ബിരിയാണി മേടിച്ചു. പിന്നെ അതിനെപ്പറ്റി ചിന്തിക്കാൻ പോലും പോയില്ല. ആദ്യ ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി. പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ വിശപ്പിന്റെ നല്ലൊരു വിളി വന്നു. പ്രതീക്ഷകളെല്ലാം വെടിഞ്ഞ് വിശന്നിട്ട് ഉറങ്ങാൻ കഴിയാതെ ബർത്തിൽ കിടക്കുമ്പോഴാണ് ട്രെയിൻ ഗോവയിൽ നിർത്തുന്നത്. ചാടിയിറങ്ങി ഓടിക്കയറിയത് ഒരു റെസ്റ്റോറന്റിലേക്കായിരുന്നു. കിട്ടിയതോ നല്ല അടിപൊളി ചിക്കൻ ഫ്രൈയും ചപ്പാത്തിയും ഗ്രേവിയും. ചപ്പാത്തിയും ചിക്കനും ഇത്ര ടേസ്റ്റ് ഉണ്ടെന്ന് അന്നാണ് മനസ്സിലാകുന്നത്. ട്രെയിൻ കണ്ണൂർ എത്തേണ്ടത് അതിരാവിലെ ഒരുമണിക്കായിരുന്നു. ഇന്ത്യൻ റെയിൽവേ കൃത്യനിഷ്ഠ പാലിക്കുന്നതിൽ മിടുക്കരായതുകൊണ്ട് ഞാൻ കണ്ണൂരിൽ കാല് കുത്തുമ്പോൾ സമയം രാവിലെ അഞ്ചുമണി. ബാക്ക്പാക്കും കൈയിൽ രണ്ട് സഞ്ചിയും എല്ലാം തൂക്കി ബസ് സ്റ്റാൻഡ് വരെ പോകണമല്ലോ എന്നോർത്തു മടിച്ച് നിൽക്കുമ്പോൾ അതാ സ്റ്റേഷന് പുറത്ത് എന്റെ നാട്ടിലേക്ക് ഡയറക്റ്റ് ബസ് കിടക്കുന്നു. ഒന്നും നോക്കിയില്ല ചാടി കയറി സീറ്റ്‌ പിടിച്ചു.. ഒന്ന് മയങ്ങി. കണ്ണ് തുറക്കുമ്പോൾ ബസ് എന്റെ നാട്ടിലെ ബസ് സ്റ്റോപ്പിൽ. വീട്ടിലേക്ക് ഇനിയും കുറച്ച് ദൂരമുണ്ട്. ഓട്ടോ പിടിച്ചു.. വീണ്ടും ഒന്ന് മയങ്ങി. കണ്ണുതുറക്കുമ്പോൾ അതാ എന്റെ വീട്. ഓട്ടോക്കൂലി കൊടുത്ത് ബാഗ് എടുത്ത് തോളിൽ ഇടുമ്പോളുണ്ട് പെങ്ങൾ ഓടി വരുന്നു. പത്തു പന്ത്രണ്ട് ദിവസമായില്ലേ കണ്ടിട്ട്. ഞാൻ വിചാരിച്ചു ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കുമായിരിക്കുമെന്ന്. പക്ഷെ അവളുടെ ലക്ഷ്യം എന്റെ കൈയിലെ സഞ്ചിയായിരുന്നു. യൂണിഫോം ഒക്കെയിട്ട് സ്കൂളിൽ പോകാൻ റെഡി ആയി നിൽപ്പാണ് കക്ഷി. സഞ്ചിയൊക്കെ പിന്നെ നോക്കാടി നീ ഒന്ന് സ്കൂളിൽ പോ എന്ന് അമ്മ. ഫസ്റ്റ് ഹവർ മിസ്സ്‌ ആയാലും സഞ്ചി തുറന്ന് സാധനങ്ങൾ കാണാതെ പോകില്ലെന്ന് അവൾ. അവളുടെ വാശിക്ക് എതിരെനിൽക്കാൻ കുറച്ച് പാടാണ്. സകലതും വലിച്ചുവാരി കട്ടിലിൽ ഇട്ടശേഷമാണ് കക്ഷി സ്കൂളിൽ പോകുന്നത്. ലേറ്റ് ആയെന്ന് പറഞ്ഞ് മടുത്ത് തൂങ്ങി വന്ന എന്നെക്കൊണ്ട് ബസ് സ്റ്റോപ്പ്‌ വരെ കൊണ്ടാക്കിപ്പിച്ചിട്ടാണ് അവൾ അന്ന് സ്കൂളിൽ പോയത്. തിരിച്ച് വന്ന് ഞാൻ ആദ്യം കയറിയത് ബാത്‌റൂമിൽ ആണ്. ഒരു കുളി.. വീട്ടിലെ നല്ല അടിപൊളി ബ്രേക്ക്‌ഫാസ്റ്റ്.. എന്റെ റൂമിൽ, എന്റെ സ്വന്തം ബെഡിൽ ഒരു ഒന്നൊന്നര ഉറക്കം... ഇത്ര സുഖത്തിൽ ഞാൻ അടുത്തകാലത്തോന്നും ഉറങ്ങിയിട്ടുണ്ടാവില്ല. നിദ്ര അത്ര ഗാഢമായിരുന്നെങ്കിലും എന്റെ മനസ്സ് ഒരു യാത്രയിൽ ആയിരുന്നു... ആ സ്വർഗത്തിലേക്ക്... അത്ര വിദൂരമല്ല എന്ന് ഒരു ട്രിപ്പ്‌ എന്നെ പഠിപ്പിച്ച മണാലി എന്ന സ്വപ്നഭൂമിയിലേക്ക്...

മണ്ണിലാണ് സ്വർഗം..

ഈ നിമിഷമാണ് നിൻ പറുദീസ...

മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്.. 


Comments

Post a Comment

Popular posts from this blog

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട