അന്ന് പെയ്ത മഴയിൽ

പതിവിനു വിപരീമായി ഒരു ഉന്മേഷത്തോടെ ആണ് അന്ന് ജോ എണീറ്റത്. സാധാരണ രാവിലെ എണീറ്റ് കോളേജിൽ പോകുക എന്നത് ജോയ്ക്ക് ഏറ്റവും മടിപിടിച്ച ഒരു കാര്യം ആണ്. രാവിലത്തെ അറുബോറൻ ക്ലാസുകൾ ഓർക്കുമ്പോൾ ആ പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് അങ്ങനെ അല്ല. ഇന്ന് ഒരു പ്രത്യേക ദിവസമാണ്. കോളേജ് ജീവിതത്തിലെ ആദ്യത്തെ സ്പോർട്സ് ഡെ. ഒരു ഐറ്റ്റത്തിനും പങ്കെടുത്ത് കോളേജിൽ ഹീറോ ആകാനുള്ള ഉന്മേഷം ഒന്നും അല്ല, ചങ്ങാതിമാരുടെ കൂടെ ക്ലാസ്സിൽ കയറാതെ വെറുതെ നടക്കാൻ കിട്ടുന്ന ഒരു ദിവസം. ഉന്മേഷം കാണാതിരിക്കുമോ. രാവിലത്തെ സ്ഥിരം കലാപരിപാടികൾ ഒക്കെ കഴിഞ്ഞ് ജോ കോളേജിലേക്ക് നടന്നു.

ഇനി ജോയെ കുറിച്ച് പറയാം. വലിയ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാതെ +2 കഴിഞ്ഞ് എൻട്രൻസും എഴുതി കേരളത്തിലെ എണ്ണമറ്റ എൻജിനീയറിങ് കോളജുകളിൽ തരക്കെട് ഇല്ലാത്ത ഒന്നിൽ കയറി പറ്റിയവനാണ് ജോ. സാമാന്യം പഠിക്കുന്നത്കൊണ്ടാവാം വലിയ പ്രതീക്ഷകൾ ആയിരുന്നു ജോയുടെ വീട്ടുകാർക്ക്. പക്ഷേ ആ പ്രതീക്ഷകൾ ഒന്നും അത്രയ്ക്ക് വക വയ്ക്കാതെ ജീവിതം സമന്യം ആസ്വദിച്ച് കൂൾ ആയി നടന്ന ഒരു 19 കാരനാണ് ജോ. പക്ഷേ ഇന്ന് ജോയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവിൻ്റെ ദിവസമായിരുന്നു. ജോ പോലും പ്രതീക്ഷിക്കാതെ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു വഴിത്തിരിവ്.

തന്റെ അതേ ഉന്മേഷം അന്ന് ജോ കോളേജിലും കണ്ടു. കോളേജ് കാന്റീൻ പരിസരത്തും ഗ്രൗണ്ടിലും നിരവധി ആളുകൾ. 1500 മീറ്റർ ഓട്ടത്തിന് പങ്കെടുക്കാൻ ഉള്ളവരെ രജിസ്ട്രേഷൻ കൗണ്ടറിലേക്ക് വിളിക്കുന്നതായി മൈക്കിൽ അനൗൺസ്മെൻ്റ് കേൾക്കാം ഗ്രൗണ്ടിൽ നിന്ന്. ചങ്ങാത്തം കൂടുന്നതിൽ അത്ര കേമൻ ഒന്നും അല്ലായിരുന്നു എങ്കിലും ജോയ്ക്കും ഉണ്ടായിരുന്നു നല്ല ചങ്ങാതിമാർ. ഗ്രൗണ്ടിൽ കണ്ട ഒരു ക്ലാസ്സ്മേറ്റ്നോട് ജോ തന്റെ ചങ്ങാതിമാരെ കുറിച്ച് തിരക്കി. അവർ ക്ലാസ്സിൽ ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ ക്ലാസ്സിലേക്ക് പോകാം എന്ന് ജോ തീരുമാനിച്ചു. ക്ലാസ്സിൽ അധികം ആൾകാർ ഒന്നും ഇല്ലായിരുന്നു. തന്റെ രണ്ടു ചങ്ങാതിമാർ പതിവുപോലെ ഫോണും നോക്കി ഇരിപ്പാണ്. പിന്നെ കുറച്ച് പഠിപ്പി ടീംസ് ആഭ്യന്തര കാര്യങ്ങളിൽ തല പുകച്ചുകൊണ്ട് ക്ലാസ്സിൽ മറ്റൊരു മൂലക്ക് ഇരിപ്പാണ്. കുറച്ച് മാറി ഒരു പെൺപടയും ഇരിപ്പുണ്ട്. ചങ്ങായിമരോട് കത്തി അടിച്ച് ഇരിക്കുന്നതിനിടയിൽ ആണ് ജോ അത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി മാത്രം ക്ലാസിന്റെ ബാക്ക് സീറ്റിൽ ജനാലയിൽ കൂടി പുറത്തേക്ക് കണ്ണും നട്ട് ഇരിപ്പാണ്. എന്താണാവോ ഇത്ര ആലോചിക്കാൻ. അറ്റെണ്ടൻസ് വിളിക്കണ കലാപരിപാടിയിൽ നിന്ന് അത്യാവശ്യം എല്ലാവരുടെയും പേര് ജോ അറിഞ്ഞുവച്ചിരുന്നു. ആഷ്ന ആയിരുന്നു അത്. പൊതുവേ പെൺകുട്ടികളോട് സംസാരിക്കാൻ മടിയായിരുന്നു ജോയ്ക്ക്‌. ശീലമില്ലത്തത് കൊണ്ടാവാം. പക്ഷേ കോളജിലെ ആദ്യത്തെ 1-2 മാസം കൊണ്ട് ജോയിൽ ഉണ്ടായ ഒരു പ്രധാന മാറ്റം അതായിരുന്നു. പെൺകുട്ടികളോട് സാധാരണ പോലെ സംസാരിക്കാൻ അവൻ പഠിച്ചു. എല്ലാവരോടും ഇല്ലെങ്കിലും ക്ലാസ്സിൽ അത്യാവശ്യം കമ്പനി ആയ പെൺകുട്ടികളോട് ജോ നന്നായി സംസാരിച്ചിരുന്നു. പക്ഷേ ഈ കുട്ടി തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. പലതവണ ജോ ശ്രദ്ധിച്ചിട്ടുണ്ട് അഷ്നയെ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം ആണ്. എന്നാലും ഇങ്ങനെ ഒറ്റക്കിരിക്കുന്നത് എന്തുകൊണ്ട് ആയിരിക്കും. അഷ്നയുടെ ആ ഇരിപ്പ് ജോയിൽ ജിജ്ഞാസ ഉളവാക്കി. ഒടുവിൽ ഒന്നു ചെന്നു സംസാരിക്കാൻ തന്നെ ജോ തീരുമാനിച്ചു. ആ കുട്ടിക്ക് തന്നെ അറിയുവോ എന്തോ.. ജോയ്ക്ക് ഒരു മടി ഉണ്ടായിരുന്നു. എങ്കിലും അത് വകവയ്ക്കാതെ ജോ അഷ്നയുടെ അടുത്ത് ചെന്നിരുന്നു.  അഷ്ന ഒന്ന് ആശ്ചര്യപ്പെട്ടു എങ്കിലും ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസ്സാക്കി. "എന്താ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നെ.. സ്പോർട്സ് കാണാനൊന്നും പോണില്ലേ?.." ജോ ചോദിച്ചു. ഏയ് ഒന്നുമില്ല.. ഒരു ഇന്റെരസ്റ്റ് ഇല്ല എന്നായിരുന്നു മറുപടി. എന്നാലും ജോ വിട്ടില്ല. ആ ഇരുപ്പിലും മറുപടിയിലും ഒരു വിഷാദം ജോയ്ക്ക്‌ അനുഭവപ്പെട്ടു. ജോ വീണ്ടും ചോദിച്ചു.. "അങ്ങനെ അല്ലാലോ... എന്തോ കുഴപ്പമുണ്ട്...". വീണ്ടും ഒന്നുമില്ല എന്നുതന്നെ ആയിരുന്നു മറുപടി. ചോദിച്ചിട്ട് കാര്യമില്ല എന്ന് തോന്നൽ വന്നപ്പോൾ ജോ ഒഴിവാകാൻ തീരുമാനിച്ചു. "എന്നാൽ ശരി ഞാൻ പോയേക്കുവാ.." ജോ മെല്ലെ എണീറ്റു. "അല്ല.. ഇയാള് ഗ്രൗണ്ടിൽ ഒന്നും പോകുന്നില്ലേ.." .  ജോ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം  അഷ്നയിൽ നിന്ന് വന്നു. "ഓ ഭയങ്കര വെയിലാന്നെ.." ഒരു തമാശ ഭാവത്തിൽ ജോ പറഞ്ഞു. അഷ്ന ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ എന്തോ ഒരു പ്രത്യേകത ജോ കണ്ടു. അടുത്തകാലത്തൊന്നും കാണത്തപോലെ ഹൃദയത്തിൽ തട്ടിയ ഒരു പുഞ്ചിരി. അതുകൊണ്ട് തന്നെ ആവം പോവും വഴി ജോ ഒരിക്കൽ കൂടി ഒരു ശ്രമം നടത്തി. "എന്നോട് പറയാൻ കഴിയാത്ത കാര്യം എന്തെങ്കിലും ആണോ?" ജോ ചോദിച്ചു. ഇത്തവണ ജോ യുടെ ശ്രമം വിജയിച്ചു. "അങ്ങനെ ഒന്നും ഇല്ലടാ.. ഒരു ഏകാന്തത" അഷ്ന പറഞ്ഞു. "എന്തുപറ്റി.. എന്തെങ്കിലും ഒരു കാരണം ഉണ്ടാവുമല്ലോ.." ജോയുടെ ജിജ്ഞാസ വീണ്ടും വർധിച്ചു. ജോയുടെ സംസാരത്തിൽ എന്തെങ്കിലും പ്രത്യേകത തൊന്നിയിട്ടാണോ എന്നറിയില്ല ഒടുക്കം അഷ്ന അത് പറഞ്ഞു. ഒരു കഥ.. കോളേജിലെ ആദ്യത്തെ ആഴ്ചകളിൽ തന്നെ ആണ് അഷ്ന വിഷ്ണുവിനെ പരിചയപ്പെടുന്നത്. അധികം ആരും അറിയാത്ത ആരും ശ്രദ്ധിക്കാത്ത ഒരു സൗഹൃദം ആയിരുന്നു അത്. കോളേജിലെ സായാഹ്നങ്ങളിൽ ആ സൗഹൃദം പൂത്തുലഞ്ഞു. അവരറിയാതെ ആ പൂമര ചില്ലയിൽ കിളികൾ ചേക്കേറി സ്വപ്നം കൊണ്ടൊരു കിളിക്കൂട് നെയ്തു .
പക്ഷേ ആ വസന്തം അധിക നാൾ നീണ്ടില്ല. കാലവർഷത്തിന്റെ പേമാരിയിൽ ആ പൂമരം നിലംപതിച്ചു. അങ്ങനെ ആ കൊച്ചു കിളി ഒറ്റക്കായി. തന്റെ കഥ പറയുമ്പോൾ  അഷ്നയുടെ കണ്ണുകൾ നിറയുന്നത് ജോ കണ്ടു. ഇത്തരമൊരു സൗഹൃദത്തെ എന്തുകൊണ്ട് ഈ പെൺകുട്ടി പ്രണയം എന്ന് വിളിച്ചില്ല എന്ന് ജോ ആശ്ചര്യപ്പെട്ടു. ജോയ്ക്ക്‌ നേരിട്ട് പരിചയം ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അത്. തീർത്തും അപരിച്ചിതയായ ഒരു പെൺകുട്ടി തന്റെ മുൻപിൽ ഇരുന്നു വിതുമ്പുന്നു. എന്ത് ചെയ്യണമെന്ന് ജോ ഒരു നിമിഷം ആലോചിച്ചു. പിന്നെ രണ്ടും കല്പിച്ച് അഷ്നയുടെ കയ്യിൽ പിടിച്ചു. തനിക്ക് അറിയാവുന്ന രീതിയിൽ എല്ലാം ജോ ആ പെൺകുട്ടിയെ ആശ്വസിപ്പിച്ചു. ഒടുവിൽ ജോയുടെ പരിശ്രമം വിജയം കണ്ടു. അഷ്ന അല്പം ഒന്ന് അടങ്ങി. മനസ്സിലെ കാർമേഘം പെയ്തിറങ്ങിയ അഷ്നയുടെ മുഖം അല്പമൊന്നു പ്രസന്നമായി. ഇനിയും അവൾ ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നാൽ വീണ്ടും ആലോചിച്ചു വഷളാകും എന്ന് ജോ മനസ്സിലാക്കി. അതുകൊണ്ട് ജോ അഷ്നക്ക് ഒരു കൂട്ടാവാൻ തീരുമാനിച്ചു. അഷ്നയുടെ മനസ്സിൽ നിന്ന് തൽകാലം ഈ ചിന്തകൾ പോകാൻ മറ്റെന്തെങ്കിലും വിഷയം സംസാരിക്കാൻ എടുത്തിടാം എന്ന് ജോ തീരുമാനിച്ചു. അങ്ങനെ ജോ അഷ്നയുടെ നാടും വീടും വീട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞു. തന്റെ കാര്യങ്ങൾ ജോയും പറഞ്ഞു. അങ്ങനെ അവിടെ ഒരു സൗഹൃദം മൊട്ടിട്ടു.

അവരുടെ സൗഹൃദം ക്ലാസ്സ് മുറിയിലും കോളേജ് വരാന്തയിലും പൂത്തുലഞ്ഞു. അഷ്നയ്ക്ക് ജോ തന്റെ ഏകാന്തതയിൽ ഒരു ആശ്വാസം ആയിരുന്നു. പക്ഷേ തനിക്ക് നഷ്ടമായ മറ്റൊരു സൗഹൃദത്തിന്റെ ഓർമപ്പൂക്കൾ അവളിൽ നിരന്തരം മോട്ടിട്ടിരുന്നു. ആ സൗഹൃദം വീണ്ടെടുക്കാൻ അവൾ‌ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനുള്ള പരിശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. വിഷ്ണു അവളിൽനിന്ന് ഒഴിഞ്ഞുമാറി നടന്നിരുന്നു. ഇത് മനസ്സിലാക്കിയ ജോയ്ക്ക് വിഷ്ണുവും ആയി ഇക്കാര്യം സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അഷ്ന അതിനു സമ്മതിച്ചില്ല. തന്റെ പരിശ്രമങ്ങളുടെ ഭാഗമായി വിഷ്ണുവിനെ അസൂയപ്പെടുതാൻ അഷ്ന ശ്രമിച്ചിരുന്നു. അതിനായി ജോ യെ അഷ്ന ഉപയോഗിച്ചു. പലപ്പോഴും വിഷ്ണുവിന്റെ മുന്നിൽവെച്ച് ഒരിക്കലും ഇല്ലതപോലെ അവൾ ജോയുമായ്‌ ഇടപഴകി. ഇത് മനസ്സിലാക്കിയ ജോ പിന്മാറാൻ ശ്രമിച്ചെങ്കിലും അഷ്നയെ ഓർത്ത് അതിനു വഴങ്ങാൻ തീരുമാനിച്ചു. പക്ഷേ അഷ്നയുടെ പരിശ്രമങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ ഫലം കണ്ടില്ല.

അങ്ങനെ നാളുകൾ കടന്നുപോയി. അഷ്നയും ജോയും കൂടുതൽ അടുത്തു. ക്ലാസ്സിലെ ഒഴിവ് സമയങ്ങളും സായാഹ്നങ്ങളും അവർ ഒന്നിച്ചു പങ്കിട്ടു. വാട്ട്സ്ആപ്പും ഫോൺകോളുകളും അവരെ കൂടുതൽ അടുപ്പിച്ചു. ജോയുടെ മനസ്സിൽ അഷ്നയ്ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പതിയെ പതിയെ അവന്റെ ലോകം അവളിലേക്ക് ചുരുങ്ങി. അഷ്നയും ആയുള്ള സൗഹൃദം ജോയ്ക്കു കോളേജും ആയുള്ള പ്രണയം വളർത്തി. ക്ലാസ്സുകളേക്കാൾ അവൾക്കൊപ്പം ഉള്ള ഒഴിവ് സമയങ്ങൾ ജോ ഇഷ്ടപ്പെട്ടു. സായാഹ്നങ്ങളിൽ ഒഴിഞ്ഞ ക്ലാസ്സ് മുറിയിൽ ഇരുന്നു അവർ പകലിന്റെ അധ്വാനം കഴിഞ്ഞ് മടങ്ങുന്ന സൂര്യദേവനെ യാത്രയാക്കി...
ജോ ഒരുപാട് മാറിയിരുന്നു. അഷ്ന അവന്റെ ഒരു ദിനചര്യ ആയി മാറിക്കഴിഞ്ഞിരുന്നു. അഷ്നയും ആയുള്ള ചെറിയ പിണക്കങ്ങൾ പോലും അവനിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കി. അതുകൊണ്ടുതന്നെ ഏതുവിതത്തിലും അഷ്നയുടെ സന്തോഷത്തിനായി അവൻ നിലകൊണ്ടു. വാരാന്ത്യത്തിലെ ചെറിയ വേർപാടുകൾ പോലും ജോയുടെ ഹൃദയത്തില് സംഭ്രമം ഉളവാക്കി. അഷ്നയെ ഒരുവിധത്തിലും നഷ്ടപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല. അഷ്നയും മാറ്റങ്ങളിലൂടെ കടന്നു പോയിരുന്നു. പക്ഷേ ഹൃദയത്തിന്റെ കോണിൽ ഇന്നും അവൾ തന്റെ പഴയ സുഹൃത്തിന് ഒരു സ്ഥാനം വെച്ചിരുന്നു. അത് ജോ അറിഞ്ഞിരുന്നു. ആ സ്ഥാനം എത്ര വലുതെന്ന് അറിയാൻ ജോ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരു താരതമ്യം അഷ്ന ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ജോ വിചാരിച്ചിരുന്നു. അതിലുപരിയായി ആ താരതമ്യത്തിൽ താനാണ് പിന്നിൽ എന്നറിഞ്ഞാൽ അത് താങ്ങാൻ തനിക്ക് ആയില്ലെന്ന് വരാം എന്ന് ജോ ഭയപ്പെട്ടു. അതുകൊണ്ടുതന്നെ ജോ അത് ഒരിക്കലും ചോദിച്ചിരുന്നില്ല. പക്ഷേ അഷ്നയുടെ സംഭാഷണങ്ങളിൽ എന്നും ആ പഴയ സൗഹൃദവും വിഷ്ണുവും കടന്നു വന്നിരുന്നു. വിഷ്ണുവിനെ കുറിച്ച് പറയുമ്പോൾ ഉള്ള അഷ്നയുടെ ഭാവ മാറ്റങ്ങൾ ജോയെ അസ്വസ്ഥനാക്കിയിരുന്നു. വിഷ്ണു ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു. പലപ്പോഴും വിഷ്ണു വിഷാദനും ഏകനും ആയി കാണപ്പെട്ടു. അത്തരം സന്ദർഭങ്ങളിൽ പലതവണ ആഷ്ന വിഷ്ണുവിന്റെ പക്കൽ പോകുമായിരുന്നു. ആഷ്ന ഇന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. ആഷ്നയുടെ ആ പരിശ്രമങ്ങൾ തന്നെ നിമിഷ നേരത്തേക്ക് എങ്കിലും ഏകാന്തതയിലേക്ക് തള്ളിവിടുന്നത് ജോ അറിഞ്ഞു. പക്ഷേ അത് അഷ്നയെ അറിയിക്കാൻ ജോ ആഗ്രഹിച്ചിരുന്നില്ല. തന്റെ പരിശ്രമങ്ങൾ നിഷ്ഫലമായി നിരാശയായി തിരിച്ചു വരുമ്പോൾ അവിടെ അഷ്നയ്ക്ക് ഒരു തണൽ ആയി എന്നും ജോ നിന്നിരുന്നു. എങ്കിലും ഇതെല്ലാം കാണുമ്പോൾ അഷ്നയെ ഒരിക്കൽ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം ജോയിൽ വേരിട്ടിരുന്നു. പക്ഷേ അത് വക വയ്ക്കാതെ ജോ വീണ്ടും ആഷ്ന എന്ന തന്റെ ലോകത്ത് സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ആയ്‌ ആഷ്നയുടെയും ജോയൂടെയും ലോകത്ത് വീണ്ടും കാലങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ മറ്റൊരു സെം എക്സാം കൂടി വന്നു ചേർന്നു. നീണ്ട സ്റ്റഡി ലീവും ഇടവിട്ടുള്ള എക്സാമുകളും ജോ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ആഷ്ന കൂടെ ഇല്ലാത്ത നാളുകൾ അവന് ജീവനില്ലാത്ത ലോകം ആയിരുന്നു. ആഷ്നയുടെ വീട്ടിലെ സാഹചര്യങ്ങൾ കാരണം വാട്ട്സ്ആപ്പിലും അധികം ബന്ധപ്പെടാൻ എക്സാമുകളുടെ കാലത്ത് അവർക്ക് കഴിഞ്ഞിരുന്നില്ല. അത് ജോയെ വളരെ നിരാശനാക്കിയിരുന്നു എങ്കിലും സാഹചര്യം മനസ്സിലാക്കി ജോ അത് സഹിച്ചിരുന്നു. പക്ഷേ ഈ സ്റ്റഡി ലീവ് കാലത്ത് ജോ ഒരു കാര്യം ശ്രദ്ധിച്ചു. ആഷ്നയെ പലപ്പോഴും വാട്ട്സ്ആപ്പിൽ ഓൺലൈൻ കണ്ടിരുന്നു. ഇടകകെപ്പോഴോ ഒന്ന് രണ്ട് മെസ്സേജുകൾ അയച്ചതല്ലതെ ആഷ്ന അധികം സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. വീട്ടിലെ സാഹചര്യം കൊണ്ടാവാം ഇങ്ങനെ എന്നോർത്ത് ജോ സമാധാനിച്ചു. അങ്ങനെ എക്സാമുകൾ ആരംഭിച്ചു. വീട്ടിൽനിന്ന് വന്നു എക്സാം എഴുതി പോയിരുന്നതിനാൽ ജോയ്ക് അഷ്നയുമായ്‌ അധികമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അവരുടെ കൂട്ടുമുട്ടലുകൾ ചെറു സംഭാഷണങ്ങളിലും പുഞ്ചിരിയും അവസാനിച്ചു. പക്ഷേ ജൊയ്ക്ക് അഷ്നയോട് മിണ്ടാൻ അതിയായി ആഗ്രഹം ഉണ്ടായിരുന്നു. അതിനാൽ എക്സാം ഒക്കെ വേഗം എഴുതി തീർത്ത് ജോ അഷ്നയ്ക്കായി കാത്തിരിക്കുമായിരുന്നു. പക്ഷേ പല എക്സാമുകൾ കഴിഞ്ഞും അഷ്ന വിഷ്ണുവിനൊപ്പം നടക്കുന്നത് ജോ കണ്ടു. അതുകൊണ്ട് ജോ മനഃപൂർവം അവിടെ നിന്ന് ഒഴിവായി. അഷ്ന പണ്ട് ചെയ്തിരുന്നത് പോലെ വിഫലമായ പരിശ്രമങ്ങൾ ആവാം അതെന്ന് ജോ സ്വയം വിശ്വസിച്ചു. അങ്ങനെ എക്സാമും കഴിഞ്ഞ് ഒരു ചെറിയ അവധിയും വന്നുചേർന്നു. അവധി കാലത്തും സ്റ്റഡി ലീവിൽ എന്നപോലെ ജോ അഷ്നയെ പലപ്പോഴും ഓൺലൈനിൽ കണ്ടിരുന്നു.

അങ്ങനെ അവധികാലം തീരാറായി. കോളേജ് തുറക്കുന്ന ദിവസം ജോയ്‌ക്ക് വളരെ അധികം സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരുന്നു. അന്ന് അഷ്നയുടെ പിറന്നാള് ആണ്. ജോ അഷ്നയ്ക്കായി ഒരു ഗിഫ്റ്റ് കരുതി വെച്ചിരുന്നു. ജോ തരക്കേടില്ലാത്ത ഒരു ചിത്രകാരൻ ആയിരുന്നു. പക്ഷേ താൻ ഇതുവരെ വരച്ചതിൽ ജോയ്ക്ക് ഏറ്റവും മനോഹരമായി തോന്നിയത് അവൻ അവൾക്കായി വരച്ച അവളുടെ ചിത്രമായിരുന്നു. ജോയുടെ അവധിക്കാല അധ്വാനം ആയിരുന്നു ആ ക്യാൻവാസ്. അവൻ അത് ഒരു നിധി പോലെ സൂക്ഷിച്ചു.
അങ്ങനെ ആ ദിവസം വന്നുചേർന്നു. പുതിയ പ്രതീക്ഷകളും പുതിയ ആവേശവും ആയ് എല്ലാവരും വീണ്ടും ആ അക്ഷരമുറ്റത്ത് എത്തിച്ചേർന്നു. അഷ്നയ്ക്കുള്ള ഗിഫ്റ്റ് വൈകുന്നേരം ഒരു സർപ്രൈസ് ആയി കൊടുക്കാമെന്ന് ജോ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ക്ലാസ്സിലെ എല്ലാവരും അഷ്നയെ വിഷ് ചെയ്തപ്പോഴും ജോ വിഷ്‌ ചെയ്തില്ല. പക്ഷേ അഷ്ന തന്നെ മൈൻഡ് ആക്കുന്നില്ല എന്ന് ജോ ശ്രദ്ധിച്ചു. പിറന്നാൾ ആയിട്ട് താൻ വിഷ് ചെയ്യാത്തതിന്റെ പരിഭവം ആവും അത് എന്ന് ജോ കരുതി. അത് വൈകുന്നേരം തീർത്ത് കോടുക്കാമല്ലോ... ജോ ഉള്ളിൽ ചിരിച്ചു. അവസാനത്തെ പീരിയഡ് വാച്ചിൽ 4 മണി ആവുന്നതും കാത്തു ജോ ചിലവഴിച്ചു. അവസാനം ആ മിനുട്ട് സൂചി 12- ഇൽ തൊട്ടു. ടീച്ചർ പോയി കഴിഞ്ഞ് പതിയെ പതിയെ ഓരോരുത്തരായി പുറത്തേക്ക് പോയി. കോളേജിലെ ഒരു ഒഴിഞ്ഞ മുറിയിൽ ഒളിച്ചു വെച്ചിരുന്ന തന്റെ ഗിഫ്റ്റ് എടുക്കാൻ ജോ ഓടി. വർണക്കടലാസിൽ പൊതിഞ്ഞ് അലങ്കരിച്ച ഒരു പൊതിയും പുറകിൽ പിടിച്ചു ജോ ക്ലാസ്സിൽ നിന്ന് പുറത്ത് വരുന്നവരിൽ അഷ്നയെ അന്വേഷിച്ചു. പക്ഷേ അവൾ വന്നില്ല. അങ്ങനെ അഷ്നയെ അന്വേഷിച്ചു ക്ലാസ്സ്റൂമിൻ്റെ വാതിൽക്കൽ വരെ ജോ എത്തി. അപ്പോഴാണ് ക്ലാസ്സിൽ ഇനിയും രണ്ടുപേർ നില്കുന്നത് ജോ ശ്രദ്ധിച്ചത്. അത് അഷ്ന ആയിരുന്നു. ജോയുടെ മനസ്സൊന്ന് നടുങ്ങി. കൂടെ ഉണ്ടായിരുന്ന വിഷ്ണു അവളോട് എന്തൊക്കെയോ പറയുന്നു.  ജോ അത് കേൾക്കാനായ് വാതിൽക്കൽ മറഞ്ഞു നിന്നു. അഷ്നയുടെ പിറന്നാളിന് എന്ത് സമ്മാനം ആണ് വേണ്ടത് എന്ന് വിഷ്ണു ചോദിച്ചു.. അപ്രതീക്ഷിതം ആയി അഷ്ന പൊട്ടിക്കരഞ്ഞു.. ആ ശബ്ദം ജോയേ വേദനിപ്പിച്ചു. അഷ്ന കരയുന്നത് ജോയ്ക്ക് സഹിക്കാൻ ആവുമായിരുന്നില്ല. ഉള്ളിൽ കയറി ചെന്നു അവളെ ആശ്വസിപ്പിക്കാൻ ജോയുടെ ഹൃദയം വെമ്പി. പക്ഷേ ജോ സംയമനം പാലിച്ചു. ഒടുവിൽ തന്റെ സമ്മാനം അഷ്ന വിഷ്ണുവിനോട് ചോദിച്ചു. "എനിക്ക് മറ്റാരെയും വേണ്ട.. നിന്നെ മാത്രം മതി..." ആ വാക്കുകൾ ജോയുടെ ഹൃദയത്തിൽ ഒരു സ്തംഭനം ഉണ്ടാക്കി. ജോ ഒരുനിമിഷം കൊണ്ട് തണുത്തുറച്ചു. ജോ പതിയെ എത്തി നോക്കിയപ്പോൾ വിഷ്ണു പോക്കറ്റിൽ നിന്ന് ഒരു മോതിരം എടുത്തു അഷ്നയെ അണിയിക്കുക ആയിരുന്നു. അഷ്ന വിഷ്ണുവിനെ വാരി പുണർന്നു. വിളറി വെളുത്ത ജോയുടെ മുഖത്ത് നീർത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു. അവ കവിളിലിലൂടെ ഒഴുകി കയ്യിലെ ആ വർണക്കാടലാസിൽ പതിച്ചു. അതിന്റെ തുമ്പത്ത് ഒരു നിമിഷം നിശ്ചലനായി. ശേഷം ഭൂമിയിലേക്ക് പതിച്ചു. ജോയ്ക്കു ആ കാഴ്ച കണ്ട് നിൽക്കാൻ കഴിഞ്ഞില്ല. അവൻ പുറത്തേക്ക് ഓടി. അത് മറ്റൊരു വർഷക്കാലം ആയിരുന്നു. കഴിഞ്ഞുപോയ വസന്തത്തിന്റെ ഓർമകൾ ആയി കൊഴിഞ്ഞു നിലത്തു വീണ പൂക്കൾക് മുകളിലൂടെ പെയ്തിറങ്ങുന്ന പേമാരിയിൽ വിങ്ങിപ്പോട്ടുന്ന ഹൃദയവും ആയി അവൻ ഓടി. ഓട്ടത്തിനിടയിൽ എവിടെയോ കാൽ തട്ടി ജോ തെറിച്ചു വീണു.. കയ്യിലെ പൊതി നിലത്തുവീണു അഴിഞ്ഞു. നിലത്ത് ഉരഞ്ഞ് പൊട്ടിയ മുട്ടിന്റെ വേദന വകവയ്ക്കാതെ ജോ ചാടി എഴുന്നേറ്റ് പൊതിയിൽനിന്ന് പുറത്തുവന്ന ആ ക്യാൻവാസ് എടുത്തു നെഞ്ചോട് ചേർത്തു. പക്ഷേ തന്റെ ക്യാൻവാസിൽനിന്ന് ജോ ഇത്രകാലം കൊണ്ട് വരച്ചുണ്ടാക്കിയ ആ ചിത്രം മാഞ്ഞുപോയിരുന്നു.


Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട