അതിജീവനത്തിന്റെ കാലം


Corona കാലം.. ഒരു 10-15 കൊല്ലം കഴിഞ്ഞ് മക്കളോട്, വീട്ടിലിരുന്ന് ലോകത്തെ രക്ഷിച്ച വീരഗാഥ പറയുമ്പോൾ, അങ്ങനെ ആവും നാം ഈ കാലഘട്ടത്തെ അന്ന് വിശേഷിപ്പിക്കുക..
കേവലം ഒരു വയറസിന്റെ മുൻപിൽ ലോകം അടിയറവ് പറഞ്ഞപ്പോൾ മരണം വിഴുങ്ങിയ സഹജീവികളോട് സഹതാപം ഉണ്ടെങ്കിലും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഇതുപോലെ ഒരു quarantine.. ഒരു lockdown.. വേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. നാടോടിയപ്പോൾ നടുവേ ഓടിയിരുന്ന മനുഷ്യർ ഇപ്പൊൾ നടുവൊടിഞ്ഞ് വീട്ടിൽ ഇരിക്കുകയാണ്. Corona യെ പഴിച്ച് അസഹിഷ്ണുതയുടെ അന്ധ്തയിൽ lockdown ന്റെ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് സ്വന്തം കുടുംബം എന്ന ലോകത്തിലേക്ക് കൺതുറന്നത്. വീട്ടുപടിക്കൽ മുതൽ ജില്ലാ അതിർത്തി വരെ നീണ്ടിരുന്ന അച്ഛന്റെ route map  ഇപ്പോൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. പക്ഷെ അമ്മയുടെ route map മാത്രം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒന്നും ചെയ്യാൻ ഇല്ലാതെ വെറുതേ ഇരിക്കേണ്ടി വരുന്നതിന്റെ അസഹിഷ്ണുത എല്ലാവരും അറിയിച്ചപ്പോൾ അമ്മ മാത്രം ഒന്നും പറഞ്ഞില്ല. ചോറ് അടുപ്പത്തിട്ട്‌ മുറ്റമടിക്കാൻ പോയി അത് കഴിഞ്ഞ് തുണി അലക്കാൻ പോകുന്ന ആ ഓട്ടപ്പാചിലിനിടയിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നു ഞങ്ങളോട് വന്നു അഭിപ്രായം രേഖപ്പെടുത്താൻ നേരം കിട്ടാത്തതുകൊണ്ട് ആവാം.. 24 മണിക്കൂറിലെ ഓരോ മണിക്കൂറിലും 60 മിനുട്ടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഈ കാലത്ത് അവസാനം നേരം പോകാൻ പെങ്ങളുടെ കുത്തക അവകാശമായിരുന്ന ടിവി യെ ശരണം വയ്ക്കേണ്ടി വന്നു. ഒരു കാര്യം മനസ്സിലായി.. നേരം പോക്കാൻ വേണ്ടി ഒരിക്കലും വാർത്ത കാണരുത്. വിവരം അറിയാൻ ഒന്ന് വെച്ചു നോക്കുക.. channel അങ്ങ് മാറ്റിക്കോളുക.. അല്ലെങ്കിൽ ചിലപ്പോൾ ചില നാടുവാഴികൾക്ക് ദാനം ആയിട്ടെങ്കിലും കുറച്ചു തലച്ചോറ് കൊടുത്താലോ എന്ന് തോന്നിപ്പോകും.. അതുമല്ലെങ്കിൽ ചിലപ്പോൾ പുരകത്തുമ്പോൾ വെട്ടിയ വാഴ ഞാലിപ്പൂവൻ ആയിരുന്നോ ഏത്തവാഴ ആയിരുന്നോ എന്നതിനെച്ചോല്ലി വരെ ചില വിദ്വാന്മാർ ഒന്നരമണിക്കൂർ ചർച്ച നടത്തുന്നത് കാണേണ്ടി വരും... അല്ല.. channel മാറ്റീട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ.. 15 മിനുട്ട് പരസ്യത്തിന് ഇടയിലെ 5 മിനുട്ട് സിനിമ കാണാൻ മാത്രം ഉള്ള ക്ഷമയൊന്നും ഈയുള്ളോന് ഇതുവരെയും ഇല്ല. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം ഒരു safari channel ആണ്. ഇൗ നടക്കുന്ന പൊല്ലാപ്പുകൾ ഒന്നും അറിയാതെ അവിടെ ഒരാളുടെ വിമാനം ഇന്നും അമ്പര ചുംബികൾ ആയ കെട്ടിടങ്ങളുടെ മുകളിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്..

പഠനം വഴിമുട്ടിയ പെങ്ങൾ ഇപ്പൊൾ ഇതുവരെ കാണാത്ത ഒരു മായാലോകത്താണ് ജോലി.. അടുക്കള. പഠിക്കുന്ന പിള്ളേർക്ക് എന്തിനാ വാട്ട്സ്ആപ് എന്ന് ചോദിച്ച പെങ്ങളുടെ ടീച്ചർ വാട്ട്സ്ആപ്പിൽ അയച്ചു കൊടുത്ത assignment ഇന്നും ഞാൻ തന്നെ എഴുതി കൊടുത്തു. നമ്മൾ അതിജീവിക്കും എന്ന് നിരന്തരം കേൾക്കുന്നുണ്ട് എങ്കിലും ഇനിയെങ്ങനെ ജീവിക്കും എന്നാണ് അച്ഛന്റെ വേവലാതി. ഇതൊക്കെ കണ്ടിട്ടും ഭാവിയെക്കുറിച്ച് പ്രത്യേകിച്ച് ഒരു ആവലാതികളും ഇല്ലാതെ bsnl ന് റേഞ്ച് ഉള്ളോടം തപ്പി നടക്കലാണ് ഞാൻ. ഒടുവിൽ പണി എടുക്കാതിരുന്ന് ശീലം ഇല്ലാത്ത അച്ഛൻ ഒരു തീരുമാനം എടുത്തു.. തൂമ്പ എടുക്കാം. നാല് ചോട് കപ്പ ഇട്ടാൽ നാല് രൂപയ്ക്ക് വകയില്ലാതെ വരുമ്പോൾ കാന്താരി പൊട്ടിച്ചത് കൂട്ടി തിന്നലോ. അങ്ങനെ നാളിതുവരെ തൂമ്പ കാണാത്ത എന്റെ പുന്നാര പെങ്ങളുടെ കൈ വരെ തഴമ്പിച്ച് പൊട്ടി. എന്നാലും ഉച്ചവരെ കിളച്ച് ക്ഷീണിച്ചു ചെന്നപ്പോൾ ആണ് അമ്മ വിളമ്പി തരുന്ന ചോറിനും ചമ്മന്തിക്കും ഇത്ര രുചി ഉണ്ടെന്ന് അറിഞ്ഞത്. പിന്നെ ഒരു ഉച്ചയുറക്കം... വൈകുന്നേരം എണീറ്റ് ഒരു കട്ടൻ... വീടിന്റെ ഉമ്മറത്ത് ഇരുന്നു അങ്ങ് മലനിരകൾക്ക് ഇടയിൽ അസ്തമിക്കുന്ന സൂര്യനെ നോക്കി ആ കട്ടൻ രുചിച്ചിറക്കുമ്പോൾ തോന്നിപ്പോകും... നാളത്തെ കട്ടനിൽ ഇടാൻ പഞ്ചസാര കിട്ടുമോ എന്തോ..

സാമൂഹിക അകലം പാലിച്ചു വീട്ടിൽ ഇരുന്നപ്പൊഴാണ് ബന്ധങ്ങളിലെ പല അകലങ്ങളും കണ്ടെത്തിയത്. ദൂരം കൂടുംതോറും network weak ആകുന്ന ബ്ലൂടൂത്ത് പോലെയാണ് പല ബന്ധങ്ങളും എന്ന നഗ്ന സത്യം തിരിച്ചറിയാൻ ഇതുപോലൊരു ഗൃഹവാസം വേണ്ടിവന്നു. പക്ഷേ എപ്പോഴും കൂടെ ഇല്ലായിരുന്നെങ്കിലും ഇടയ്ക്ക് വിളിച്ചു നീ safe അല്ലെടാ എന്ന് ചോദിച്ച പല സ്നേഹങ്ങളും കണ്ടു. ഒരു കാര്യം തീർച്ചയാണ്.. എല്ലാം ഇനി പഴയത് പോലെ ആയിരിക്കില്ല.. ഈ ലോകവും മനുഷ്യന്മാരും അവരുടെ ബന്ധങ്ങളും... എല്ലാം മാറും. കാഴ്ചകൾ മാറും. കാഴ്ചപ്പാടുകളും മാറണം. പക്ഷേ ആ പുതിയ ലോകം കാണാൻ ഇനിയും നമ്മൾ കുരേദൂരം മുൻപോട്ട് പോകണം. ഇവിടെ ഒരു അതിജീവനത്തിന്റെ ചരിത്രം കുറിക്കാപെടുമ്പോൾ ചരിത്രമാകണോ അതോ ചരിത്രം പറയാൻ ബാക്കി ഉണ്ടവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
Stay home stay safe.
©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട