ഒരു മഴയോർമ്മ

"മലയാളം.. ഇംഗ്ലീഷ്.. ഹിന്ദി.. നോവലുകൾ... ചെറുകഥകൾ.. കവിതകൾ...". ദിവസം മുഴുവൻ വായിട്ട് അലച്ചിട്ടും ആകെ വിറ്റുപോയത് നാലോ അഞ്ചോ പുസ്തകങ്ങൾ ആണ്. അതെങ്ങനെയാ ഇപ്പൊ പുസ്തകങ്ങൾ മുഴുവൻ വിരൽത്തുമ്പിൽ കിട്ടില്ലേ ആ കുന്ത്രാണ്ടത്തിൽ.. എന്നെപ്പോലെ ഉള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനായിട്ട്. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇൗ അലറി വിളിച്ചു പുസ്തകം വിറ്റ് നടക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചാലോ എന്ന്. പക്ഷേ വായു ഭക്ഷിച്ച് ജീവിക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ട് ഇതൊക്കെ തന്നെ ശരണം. വൈകുന്നേരം ആയി.. ഇന്നിനി വയ്യ.. മടുത്തു.. ഞാൻ വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.  സമയം 5:30 ആയിട്ടെ ഉള്ളൂ. ആകെമൊത്തം ഒരു ഇരുട്ടാണ്. ഒരു മഴക്കുള്ള കോള് കാണുന്നുണ്ട്. വീട് പിടിക്കാൻ കഴിയുന്ന കാര്യം സംശയമാണ്. എന്തായാലും ഞാൻ തിടുക്കത്തിൽ നടന്നു. ഇരുണ്ടു നിന്ന മേഘങ്ങൾ പക്ഷേ അധികനേരം കാത്തില്ല. സാമാന്യം ശക്തിയിൽ ഒരു മഴ അങ്ങ് തുടങ്ങി. എന്റെ സഞ്ചിയും തലയിൽ വെച്ചു ഞാൻ ഓടി. ആദ്യം കണ്ട ഒരു വെയ്റ്റിംഗ് ഷെൽട്ടറിൽ തന്നെ അഭയം പ്രാപിച്ചു. ആകെപ്പാടെ നനഞ്ഞിരുന്നു. പോക്കറ്റിലെ ടവ്വൽ കൊണ്ട് ഞാൻ തലയും മുഖവും തുടച്ചു. മഴ ഒന്ന് കുറയുന്നതുവരെ അവിടെ തന്നെ ഇരിക്കാമെന്ന് തീരുമാനിച്ചു. അധികം തിരക്കില്ലാത്ത ഒരു സ്ഥലമായിരുന്നു അത്. മഴക്കാലം കൂടെ ആയതിനാൽ പുറത്തെങ്ങും ഒരു മനുഷ്യനെയും കാണാനില്ല. പക്ഷേ ആ വെയ്റ്റിംഗ് ഷെൽട്ടറിൽ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. ഒരു സ്ത്രീയും ഉണ്ട്. പക്ഷേ ഞാൻ എന്നൊരു മനുഷ്യൻ അവിടെ വന്നു കയറിയതോ അവിടെ ഇരുന്നതോ ഒന്നും അവർ ശ്രദ്ധിക്കുന്നില്ല. വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിപ്പാണ് അവർ. എന്തോ കാര്യമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. ഒന്ന് ശല്യപ്പെടുത്തി നോക്കിയാൽ ചിലപ്പോൾ ഒരു പുസ്തകം വാങ്ങിയാലോ.. എന്നിലെ കച്ചവടക്കാരന്റെ മനസ്സുണർന്നു.  പക്ഷേ ഒരു മടി. അവരൊന്നിങ്ങ് നോക്കിയിരുന്നെങ്കിൽ എളുപ്പമായിരുന്നു. പക്ഷേ ഇവർ ഇത് ആ ഭിത്തിയിലും തല ചായ്ച്ച് ഒരേ ഇരുപ്പാണ്. ഞാൻ ആ സ്ത്രീയെ ആകെ ഒന്ന് ശ്രദ്ധിച്ചു. അധികം പ്രായമൊന്നുമില്ല. അവരുടെ
വേഷവിതാനങ്ങളും ഹാൻഡ്ബാഗും കണ്ടപ്പോൾ എന്തോ ഓഫീസ് ജോലി കഴിഞ്ഞു മടങ്ങുന്നതാണെന്ന് തോന്നുന്നു. മനസ്സിൽ ചിന്തകൾ അലയടിക്കുന്നുണ്ടെന്ന് ആ സ്ത്രീയുടെ മുഖം പറഞ്ഞിരുന്നു. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം. നഷ്ടമൊന്നും വരാനില്ലല്ലോ. പക്ഷേ എങ്ങനെ അവരുടെ ശ്രദ്ധ ഇങ്ങു തിരിക്കും. ഒടുക്കം ഞാൻ ആ പുരാതന രീതി പ്രയോഗിച്ചു. വോൾട്ടേജ് കുറഞ്ഞ ഒരു കള്ളച്ചുമ.. എന്റെ ശ്രമം വിജയിച്ചു. ചിന്തകളിൽനിന്നുണർന്ന അവർ വളരെ സൗമ്യം ആയി എന്നെ നോക്കി. എന്റെ പുഞ്ചിരിക്ക് മറുപടിയെന്നോണം ഒരു ചെറുപുഞ്ചിരി നൽകി. ഞാൻ എന്റെ സഞ്ചിയിൽനിന്ന് ഒരു പുസ്തകം എടുത്തു അവർക്ക് നേരെ നീട്ടി. ഒരു ഇംഗ്ലീഷ് നോവൽ ആയിരുന്നു അത്. 'Three Mistakes Of My Life by Chetan Bhagat'. അവരിൽ അത് വാങ്ങാൻ പ്രേരണ ഉണർത്താൻ എന്നവണ്ണം ആ നോവലിനെക്കുറിച്ച് മനപ്പാഠം ആക്കിയ ഒന്ന് രണ്ടു കാര്യങ്ങളും ഞാൻ അവരോടു പറഞ്ഞു. ചെയ്തു ശീലിച്ച ജോലി ആയത്തുകൊണ്ടാവം ആദ്യത്തെ ഒരു ജാള്യത മാറിയാൽ പിന്നെ എല്ലാം തനിയെ വന്നുകൊള്ളും. എന്തായാലും അവരത് സ്വീകരിച്ചു. ആദ്യം തന്നെ അവർ അ നോവലിന്റെ പേര് വായിച്ചു. അത് വായിച്ച് കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരി ഞാൻ അവരുടെ മുഖത്ത് കണ്ടു. ഉള്ളിൽ ഓർമ്മകളുടെ കനലെരിയുമ്പോൾ അത് മറയ്ക്കാൻ മുഖത്ത് വിരിയിച്ച ഒരു പുഞ്ചിരി. ആ ചിരി എന്നിൽ ജിജ്ഞാസ ഉണർത്തി. ഞാൻ അവരോട് അത് ചോദിച്ചു. "എന്താ മേടം മുൻപ് വായിച്ചിട്ടുണ്ടോ?.. ഒരു വല്ലാത്ത പുഞ്ചിരി..". "ഇല്ല.." അവർ മറുപടി പറഞ്ഞു. പക്ഷേ അവർ മറുത്തൊരു ചോദ്യം എന്നോട് ചോദിച്ചു. "ഇയാള് ഇത് വായിച്ചിട്ടുണ്ടോ? ..". ഞാൻ ആശ്ചര്യപ്പെട്ടു. ആദ്യമായാണ് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടി വരുന്നത്. "ഇത്രയും ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പണിക്ക് നിക്കുമായിരുന്നോ മേടം.." അല്പം തമാശ രൂപത്തിൽ തന്നെ ഞാൻ മറുപടി പറഞ്ഞു. അവർക്ക് അത് ബോധിച്ചു എന്ന് തോന്നുന്നു. അവർ വീണ്ടും ഒന്ന് ചിരിച്ചു. "എങ്കിൽ ഞാൻ ഒരു കഥ പറയട്ടെ.. " ആ സ്ത്രീ വീണ്ടും എന്നെ ആശ്ചര്യപ്പെടുത്തി. "എന്ത് കഥയാണ് മേടം". ഞാൻ ചോദിച്ചു. "എന്റെ കഥയാടോ... Three mistakes of my life.. കേൾക്കുന്നോ..?" അവർ എന്നോട് ചോദിച്ചു. എന്നിൽ വീണ്ടും ജിജ്ഞാസ ഉണർന്നു. എന്തിനായിരിക്കും ഒരു പരിചയവും ഇല്ലാത്ത എന്നോട് തന്റെ കഥ പറയാൻ ഇവർ മുതിരുന്നത്. എന്തായാലും ഞാൻ അവരുടെ കഥ കേൾക്കാൻ തന്നെ തീരുമാനിച്ചു. അവർ പറഞ്ഞു തുടങ്ങി.

"താൻ വിചാരിക്കുന്നുണ്ടാവും അല്ലേ എന്തിനായിരിക്കും ഞാൻ ഒരു അപരിചിതനോട് എന്റെ കഥ പറയുന്നതെന്ന്... എടോ ഈ മഴയുണ്ടല്ലോ.. അതൊരു മഹാ സംഭവമാ.. ചിലപ്പോൾ ജീവൻ തരും.. ചിലപ്പോൾ ഓർമ്മകൾ തരും.. ചിലപ്പോൾ ജീവനെടുക്കും... പക്ഷേ ഏനിക്കെപ്പോഴും മഴ എന്റെ ഓർമ്മകളിലൂടെ ഒരു യാത്രയാണ്. അങ്ങനെ ഒരു യാത്രയിൽ ആയിരുന്നു ഞാൻ ഇപ്പൊൾ. അപ്പോഴാണ് താൻ ഈ നോവലുമായ്‌ വന്നത്. തന്റെ ഈ നോവലിന്റെ പേര് എന്റെ ഓർമ്മകളെ ഒന്ന് ഊതി കത്തിച്ചു. അതെടോ.. എന്റെ ജീവിതത്തിലും ഉണ്ട് മറക്കാനാവാത്ത മൂന്നു അബദ്ധങ്ങൾ. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച മൂന്നു അബദ്ധങ്ങൾ. എന്റെ പ്രിയപ്പെട്ട മൂന്ന് അബദ്ധങ്ങൾ.
 സംഭവം ഒരു ക്ലീഷെ കോളേജ് കഥ ആണ്. എന്നാലും എന്തോ... എനിക്കിത് ഇപ്പൊ ആരോടെങ്കിലും ഒന്ന് പറയണമെന്ന് തോന്നി.. എന്റെയും കഥ തുടങ്ങുന്നത് ആ കലാലയത്തിൽ ആണ്..
ഓർമ്മകളുടെ ആ കലാലയം... ജീവിതം വഴി തിരിച്ചുവിട്ട ആ നാല് വർഷങ്ങൾ... എൻജിനീയറിങ് പഠിക്കാൻ ചെന്ന് ചേർന്നപ്പോൾ വലിയ പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെ ആയിരുന്നു മനസ്സിൽ. പൊതുവേ എല്ലാവരോടും ഇടപഴകുന്ന ഒരു പ്രകൃതം ആയിരുന്നു എന്റേത്. അതുകൊണ്ടുതന്നെ കോളജിലെ ആദ്യ ദിവസങ്ങളിൽ തന്നെ ഞാൻ എന്റെ സഹപാഠികളെ പരിചയപ്പെട്ടു. അധികം സംസാരിക്കുന്ന കുറേ പേരുമായി വലിയ സംസാരങ്ങളും തുടങ്ങി. അങ്ങനെ ഒരു ദിവസം ഞാൻ അവനെ പരിചയപ്പെട്ടു. അനിരുദ്ധ്.. എന്റെ അനി.. എങ്ങനെയാണെന്നോ എന്നാണെന്നോ ഒന്നും ഓർമ്മ ഇല്ല. പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. അനി ഒരു പ്രത്യേക ടൈപ്പ് ആയിരുന്നു. പൊതുവേ ശാന്തമാണ്. പക്ഷേ എല്ലാവരോടും സംസാരിക്കും. മനസ്സ് വായിച്ചെടുക്കാൻ പറ്റാത്ത പ്രകൃതം. എന്താണെന്നറിയില്ല ഒരു മുജ്ജെന്മ ബന്ധം ഉണ്ടായിരുന്ന പോലെ ഞങ്ങൾ പെട്ടെന്നുതന്നെ സുഹൃത്തുക്കൾ ആയി. ഒരു പ്രത്യേകതരം സംസാരം ആയിരുന്നു അനിയുടെത്. ആ സംസാരരീതിയും പെരുമാറ്റവും എനിക്ക് പെട്ടെന്നുതന്നെ ബോധിച്ചു. അനിയോടോത്ത് സമയം ചിലവോഴിക്കൻ ഞാൻ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. വളരെ രസകമായിരുന്നു ഞങ്ങളുടെ സംസാരങ്ങൾ. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ പരസ്പരം മനസ്സിലാക്കിയിരുന്നു. അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു. എല്ലാവരോടും ഇടപഴകിയിരുന്നു എങ്കിലും അനി എനിക്ക് ഒരു പ്രത്യേക പരിഗണന നൽകിയിരുന്നു. ഞാനും അത്തരം ഒരു പ്രകൃതക്കാരി ആയിരുന്നു എങ്കിലും അനിയോട് മാത്രം ഒരു പ്രത്യേക താൽപര്യം എനിക്കും ഉണ്ടായിരുന്നു.  അങ്ങനെ ഞങ്ങൾ ഒന്നിച്ചായി. ഒരേ കാര്യങ്ങളിൽ ഉള്ള താൽപര്യങ്ങളും ഒരേ ചിന്താരീതിയും എല്ലാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ഒരു നല്ല സുഹൃത്ത്.. ബെസ്റ്റ് ഫ്രണ്ട്... അങ്ങനെ ഒരു സ്ഥാനം എന്റെ മനസ്സിൽ  ഞാൻ അവനു കൊടുത്തു. അങ്ങനെ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ കടന്നുപോയി.  എനിക്ക് വേറെയും കുറേ ഫ്രണ്ട്സ് ഉണ്ടായി. കൂടുതലും പെൺകുട്ടികൾ തന്നെ. കുറ്റം പറച്ചിലും കുശുമ്പും ഗോസിപ്പുകളും ആയി അവിടെ ഞങ്ങളുടെ ഒരു ലോകവും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഹോസ്റ്റലിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന ഞങ്ങൾ കുറച്ചുപേർ ഒരു ഗ്രൂപ്പ് പോലെ ആയിരുന്നു. കോളജിലെ എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം പറഞ്ഞിരുന്നു. അനിയുടെ കാര്യവും ഞാൻ അവരോടു പറയുമായിരുന്നു. കപ്പിൾ ഗോസിപ്പുകൾ ചർച്ച ചെയ്യുക ഞങ്ങൾക്ക് ഒരു പ്രത്യേക സുഖമുള്ള പരിപാടി ആയിരുന്നു. ഒരു സ്മാർട്ട് ഗുഡ് ലുക്കിങ് കുട്ടി ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ. ആ ചെറിയ കാലയളവിൽ തന്നെ അവൾക്ക് നിരവധി പ്രൊപോസലുകൾ വന്നിരുന്നു. ഇൗ ആൺപിള്ളേർ എല്ലാം കണക്കാ... ഒന്ന് ചിരിച്ചു മിണ്ടിയാൽ അപ്പോ വരും മൊട്ടിട്ട പ്രേമവും ആയിട്ട്... ഇതായിരുന്നു അവളുടെ കാഴ്ചപ്പാട്. ഒരിക്കൽ ഞങ്ങളുടെ ചർച്ചകൾക്കിടയിൽ അവൾ ഒരു വിഷയം എടുത്തിട്ടു... അനിക്ക് എന്നോട് സൗഹൃദത്തിൽ കവിഞ്ഞ് എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നി പോലും. പക്ഷേ ഞാൻ അത് നിരസിച്ചു. അങ്ങനെ ഒന്നും ഇല്ല എന്ന് ഞാൻ അവരോടു ഉറപ്പ് പറഞ്ഞു. പക്ഷേ ഞാനും അനിയും വളരെ അടുത്തിരുന്നു. അനിക്ക് എന്നെ വല്യ കാര്യായിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും അവൻ നല്ല ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതെല്ലാം കാണുകയും അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കിടക്കുകയും കൂടി ആയപ്പോൾ എന്നിലും സംശയം ഉടലെടുത്തു.. ഇനി എങ്ങാനും അനിക്ക് എന്നോട് പ്രണയം ഉണ്ടാവുമോ... എന്റെ ജീവിതത്തിലെ ഒന്നാമത്തെ അബദ്ധം.. പിന്നീടുള്ള ഞങ്ങളുടെ ഇടപഴകലുകൾ എല്ലാം ഞാൻ ആ ഒരു രീതിയിൽ നോക്കി കണ്ടു. എന്റെ സംശയം വീണ്ടും വർധിച്ചു. കാരണം അത്രമാത്രം ഞങ്ങൾ അടുത്തിരുന്നു. ഞങ്ങളുടേത് തന്നെയായ ഒരു ലോകം ഉണ്ടായിരുന്നു. സായാഹ്നങ്ങൾ ഞങ്ങൾ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും വരാന്തകളിലും പങ്കിട്ടു. ഇതെല്ലാം കണ്ടിട്ടാവണം എന്റെ പെൺപടയ്ക്ക് വീണ്ടും സംശയങ്ങൾ കൂടി വന്നു. അവർ വീണ്ടും വീണ്ടും എന്നോട് പറഞ്ഞിരുന്നു അനിക്ക് എന്നോട് പ്രണയമാണ്.. ഞാൻ ഒരിക്കൽ ചിന്തിച്ചു... പ്രണയം ആണെങ്കിൽ എന്താ.. എനിക്കും അനിയെ ഇഷ്ടമാണ് പക്ഷേ അത് പ്രണയമാണോ സൗഹൃദം ആണോ എന്ന് എനിക്ക് വേർതിരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അനിക്ക് എന്നോട് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറഞ്ഞൂടെ. എനിക്ക് അതിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രണയം ആയിട്ടാണെങ്കിലും സൗഹൃദം ആയിട്ടാനെങ്കിലും എനിക്ക് അനിയെ  ഒപ്പം വേണം എന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സംശയങ്ങൾ കൂടി വന്നപ്പോൾ ഞാൻ അത് അനിയോടു ചോദിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞങ്ങളുടെ സ്വകാര്യതയുടെ ഒരു സായാഹ്നത്തിൽ ഞാൻ അത് അനിയോട്‌ ചോദിച്ചു... എന്റെ ജീവിതത്തിലെ രണ്ടാമത്തെ അബദ്ധം... എന്റെ ആ ചോദ്യം അനിയെ വല്ലാണ്ട് അസ്വസ്ഥനാക്കി. അവൻ എന്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു അത്. അനി ഒരിക്കലും എന്നെ അങ്ങനെ കണ്ടിരുന്നില്ല. അനിക്ക് ഞാൻ നല്ലൊരു സുഹൃത്തായിരുന്നു. പക്ഷേ ഞാൻ ആ ചോദ്യം ചോദിച്ചപ്പോൾ നാളിതുവരെ ഞാൻ അനിയെ അങ്ങനെയാണ് കണ്ടിരുന്നതെന്ന് അനി വിചാരിച്ചു. അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിൽ വിള്ളൽ ഉണ്ടായി. ഞങ്ങളുടെ ഇടയിൽ ഒരു വിടവ് ഞാൻ അറിഞ്ഞു. ഞാൻ അനിയെ അങ്ങനെ കണ്ടിരുന്നു എന്ന തോന്നൽ അനിക്ക് എന്നോട് പിന്നീടുള്ള പെരുമാറ്റങ്ങളിലും വല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കി.  ഇൗ മാറ്റം എന്നിൽ വല്ലാത്ത വിഷമം ഉണ്ടാക്കി. ഇങ്ങനെ ഒരു അകൽച്ച ഇതാദ്യമായിട്ടാണ് ഞങ്ങൾടെ ഇടയിൽ.. ഞാൻ വല്ലാതെ ഒറ്റപ്പെട്ടു.. അനിയെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. പലപ്പോഴും അനി എന്നെ മനപ്പൂർവം ഒഴിവാക്കുന്നത് ഞാൻ കണ്ടു. എന്റെ പ്രസൻസ്  അനിക്ക് ബുദ്ധിമുട്ടായി മാറുകയാണ് എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഞാനും മനസ്സില്ലാമനസ്സോടെ ഒഴിഞ്ഞു മാറാൻ തീരുമാനിച്ചു. പക്ഷെ അത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല.  കാരണം അനിക്ക് എന്റെ ജീവിതത്തിൽ അത്രക്ക്  സ്ഥാനം ഞാൻ കൊടുത്തിരുന്നു. അനിയിൽ നിന്ന് നടന്നകന്ന ഓരോ കാൽവയ്പ്പും എനിക്ക്  എന്റെ ഹൃദയം പറിച്ചെടുക്കുന്ന പോലെ ആയിരുന്നു. ഞാൻ കുറെ തവണ അനിയുമായി ഇക്കാര്യം സംസാരിച്ചു തീർപ്പാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതെല്ലാം കൂടുതൽ അകൽച്ചയിലേക്ക് ഞങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്തത്. അനിയുടെ മനസ്സിനെയും ഈ അകൽച്ച വല്ലാണ്ട് ബാധിക്കുന്നതു ഞാൻ അറിഞ്ഞു. ഇതിനെല്ലാം കാരണം എന്റെ അബദ്ധ ധാരണകൾ ആയിരുന്നു എന്ന ചിന്ത എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. അനിയും ഒന്നിച്ചല്ലാത്ത ഒരു കോളേജ് ജീവിതം എനിക്ക് മരണവീട് പോലെ തോന്നി. എന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം വെറും ഓർമ്മയായി മാറിയിരുന്നു. എന്നിൽ കുറ്റബോധം നിറഞ്ഞു. എന്റെ ഓരോ അബദ്ധങ്ങൾ എന്റെ മാത്രമല്ല എന്റെ പ്രിയപ്പെട്ട അനിയുടെ സന്തോഷവും കെടുത്തിയിരിക്കുന്നു. ഇങ്ങനെ ഒരു ജീവിതം ഇനി എന്തിനു എന്ന് എനിക്ക് തോന്നി പോയി.  അതെ... ഇങ്ങനെ ഒരു ജീവിതം ഇനി എന്തിനു...  അനിയുടെ ജീവിതത്തിൽ ഇനി സന്തോഷം  കടന്നുവരണമെങ്കിൽ എന്റെ സാന്നിധ്യം ഇല്ലാതെ ആവണം. അനി എന്നെ മറക്കണം. പക്ഷെ അനി ഇല്ലാത്ത ഒരു ജീവിതം എനിക്കിനി വേണ്ട...  ഒടുവിൽ ആ ജീവിതം അവസാനിപ്പിക്കാൻ തന്നെ ആ മാനസിക സംഘർഷത്തിൽ ഞാൻ തീരുമാനിച്ചു... എന്റെ ജീവിതത്തിലെ മൂന്നാമത്തെ അബദ്ധം...
അത് ഒരു മഴക്കാലം ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു. ചിന്തകൾ എന്നിൽ അലയടിച്ചുകൊണ്ടിരുന്നു. നെഞ്ചിലെ കാർമേഘം മഴയായ് പെയ്തു. ഞാൻ ക്ലാസ്സിൽനിന്ന് പുറത്തിറങ്ങി കോളേജിന്റെ മൂന്നാം നിലയിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌.  ആ വരാന്തയുടെ ഉയർത്തിൽ നിന്ന് ഓരോ മഴത്തുള്ളിയും താഴേക്കു വീണു മരിക്കുന്നതു  ഞാൻ നോക്കി നിന്നു. ഒടുവിൽ ഞാൻ അത് ചെയ്യാൻ തന്നെ തീരുമാനിച്ചു.  ആ അരഭിത്തിയുടെ മുകളിൽ വിറക്കുന്ന കാലുകളോടെ അല്പം ബുദ്ധിമുട്ടി ആണെങ്കിലും  ഞാൻ കയറി.  ഒരു നിമിഷത്തെക്ക് ഞാൻ കണ്ണടച്ചു.  പതിയെ മുന്നോട്ടു  ആഞ്ഞു.  പെട്ടെന്നായിരുന്നു പുറകിൽ നിന്നൊരു വിളി.  ഞാൻ തിരിഞ്ഞു നോക്കി.  അനി...  ആ വരാന്തയുടെ അങ്ങേ അറ്റത് നിന്ന് അനി  എന്റെ പേര് വിളിച്ചു ഓടി വരുന്നുണ്ടായിരുന്നു. എന്റെ നെഞ്ചിടിപ്പു കൂടി. വിറയലിൽ കാലുകൾ  തളർന്നു.  എന്റെ കാലിടറി.. ഒരു മഴത്തുള്ളി ആയി ഞാനും താഴേക്ക്  പതിച്ചു... "


ഇത് പറയുമ്പോൾ  ആ സ്ത്രീയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അപ്പോഴാണ് ഒരു ചുവന്ന കാർ ആ വെയ്റ്റിംഗ് ഷെൽട്ടറിന്റെ മുന്നിൽ വന്നു നിന്നത്. ആ സ്ത്രീ തന്റെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു. ആ കാറിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി "അമ്മേ.. " എന്ന് വിളിച്ചുകൊണ്ടു  ഇറങ്ങി വന്നു. ആ കുട്ടി ഓടി വന്നു ആ സ്ത്രീയുടെ കയ്യിൽ പിടിച്ചു. ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു മനുഷ്യൻ  ഇറങ്ങി വന്നു. അത് ഈ സ്ത്രീയുടെ ഭർത്താവ് ആണെന്ന് ഞാൻ ഊഹിച്ചു. സൗമ്യനായ ഒരു മനുഷ്യൻ.  അയാൾ വന്നു ആ സ്ത്രീയുടെ കൈയിൽ പിടിച്ചു പതിയെ അവരെ എഴുന്നേൽപ്പിച്ചു.  അപ്പോഴാണ് ഞാൻ  ശ്രദ്ധിച്ചത്... അവരുടെ അരികിൽ ആയി ആ ഭിത്തിയിൽ ചാരി ഒരു വോക്കിങ് എയ്ഡ്‌ ഉണ്ടായിരുന്നു. അത് ഒരു കയ്യിൽ പിടിച്ചു തന്റെ ഭർത്താവിനെ താങ്ങി ആ സ്ത്രീ എഴുന്നേറ്റു.  ആ മനുഷ്യൻ അവരെ കാറിന്റെ അടുത്തേക്ക് പതിയെ കൊണ്ടുപോയി...
  ആ സ്ത്രീ പോകുകയാണ്..  പക്ഷെ  കഥ... പിന്നീട്  എന്ത് സംഭവിച്ചു... അവരുടെ കാലുകക്ക്  ആ വീഴ്ചയിൽ ഉണ്ടായതാവാം ഈ വൈകല്യം എന്ന് ഞാൻ ഊഹിച്ചു... പക്ഷെ എന്റെ സംശയങ്ങൾ ഇനിയും ബാക്കി ആയിരുന്നു.. ആ അപകടത്തിനു ശേഷം ആ കോളേജിൽ അവർ തുടർന്ന് പഠിച്ചിരിക്കുമോ...  അനി..  അയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവും... എനിക്ക് അതറിയാൻ വല്ലാത്ത ആഗ്രഹം തോന്നി... പക്ഷെ ഒന്നും പറയാതെ ആ സ്ത്രീ പോകുകയാണ്...  അവർ ആ കാറിൽ കയറുമ്പോൾ  ആ കൊച്ചു പെൺകുട്ടി എന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു... ഒരു കൗതുകത്തിനു ഞാൻ ആ കുട്ടിയോട് പേര് ചോദിച്ചു..  ukg യിലെ ടീച്ചർ പഠിപ്പിച്ചു വിട്ടതെന്നോണം ഒരു ശൈലിയിൽ ആ കുട്ടി മറുപടി പറഞ്ഞു.. "My name is Anjana Anirudh"...  അഞ്ജന അനിരുദ്ധ്... ആ കുട്ടി ഇത് പറഞ്ഞപ്പോൾ ഞാൻ ആ സ്ത്രീയെ നോക്കി. കാറിന്റെ മുൻ സീറ്റിൽ ഇരുന്നു അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... എന്നോട് പറയാൻ ബാക്കി ആക്കിയ കഥകൾ മുഴുവൻ ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു..

©believer


Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട