ഏകാന്തത

നല്ല തണുപ്പ്. ഉറക്കം ഉണർന്നെങ്കിലും പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ തോന്നുന്നില്ല. മെല്ലെ ഫോൺ എടുത്തു സമയം നോക്കി. 9:58.. ഇന്നലെ കിടന്നപ്പോൾ നല്ല മഴ ആയിരുന്നു. രാത്രി മുഴുവൻ പെയ്തിരിക്കണം. അതാണ് പത്തു മണി ആയിട്ടും ഇത്ര തണുപ്പ്. എന്തൊക്കെ ആയാലും എണീക്കാൻ തന്നെ തീരുമാനിച്ചു. മെല്ലെ ചെരിഞ്ഞ് എഴുന്നേറ്റു ബെഡിൽ ഇരുന്നു സ്ഥിരം പല്ലവി ആവർത്തിച്ചു.. അമ്മേ ചായ...
"ഒരുത്തൻ എണീറ്റ് വരുന്ന സമയം.. ഉച്ചയൂണിന് സമയം ആയല്ലോടാ..." എന്ന അമ്മേടെ ശകാരം രാവിലെ തന്നെ കേൾക്കുന്നത് ഒരു മനസ്സുഗം ആയിരുന്നു. ഇന്നെന്ത് പറ്റി ആവോ ഒച്ചേം അനക്കോം ഒന്നും ഇല്ല. എന്നും എണീറ്റ് വരുമ്പോൾ അച്ചനുണ്ടാകും ടിവി യുടെ മുന്നിൽ. 10 മണി വാർത്ത.. ഒരു പത്രാസ്സുകാരൻ... എന്നിട്ട് ആക്കിയ ഒരു ഡയലോഗും... "ഒാ എണീറ്റോ..". എന്തോ ഭാഗ്യം ഇന്ന് അച്ഛനും ഇരുപ്പില്ല. നേരെ അടുക്കളയിൽ ചെന്ന് നോക്കി. ഇൗ അമ്മ ഇതെവിടെ പോയി. അടുക്കളയിൽ ഒരു അനക്കവും ഇല്ലല്ലോ.. അടുപ്പിൽ തീ പോലും ഇല്ല. ആകെപ്പാടെ ഒരാശ്ചര്യം. നേരെ കതകു തുറന്നു മുറ്റത്തോട്ടു ചെന്നു. അച്ഛന്റെ ബൈക് ഉണ്ടല്ലോ കിടപ്പ്. പിന്നെ ഇതെവിടെ പോയി അച്ഛനും അമ്മേം. പെങ്ങള് കുരുപ്പിനെയും കാണുന്നില്ല. അത് പിന്നെ അമ്മേടെ വാലിൽ തൂങ്ങി നടപ്പുണ്ടാവും. ആ അയൽപക്കത്തോ മറ്റോ പോയിട്ടുണ്ടാവും. എന്തായാലും പോയി പല്ല് തേച്ചു. എന്നത്തേയും പോലെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഫോൺ എടുത്തു ഡാറ്റ on ആകി. നേരെ വാട്ട്സ്ആപ് തുറന്നു. തലേദിവസത്തെ കുറച്ചു മെസ്സേജ് വന്നു കിടപ്പുണ്ട് ഗ്രൂപ്പുകളിൽ. സാധാരണ പോലെ mind ആക്കാണ്ട് വിട്ടു അതും. ഇന്നെന്താണാവോ ഒരു സ്ഥിരം ഗുഡ് മോണിംഗ് മെസ്സേജ് കാണുന്നില്ല. മറന്നു കാണും. സാരമില്ല. പക്ഷേ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് അവളുടെ last seen. സാധാരണ രാവിലെ എണീറ്റ് വാട്ട്സ്ആപ്പിൽ കയറി ഒരു ഗുഡ് മോണിംഗ് ഒക്കെ അയക്കുന്ന കക്ഷി ആണ്. പക്ഷേ last seen "yesterday at 10:08 pm". ഇന്ന് എന്താണാവോ ആകെ ഒരു വശപ്പിശക്. ഇത്രയും നേരമായിട്ടും അച്ചനേം അമ്മയേം കാണുന്നും ഇല്ല. ഒന്നന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. അയൽപക്കത്തെ വീട്ടിൽ ഒന്ന് പോയി നോക്കാം. നടന്നു അവിടെ ചെന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു. കതകിൽ തട്ടി നോക്കി. ആരും ഇല്ല. ഒരനക്കവും ഇല്ല. പക്ഷേ വീട് ഉള്ളിൽനിന്ന് ആണല്ലോ പൂട്ടിയിരിക്കുന്നത്. ആകെപ്പാടെ മുഴുവൻ അങ്കലാപ്പ് ആയി. തൊട്ടടുത്ത വീടുവരെ ഒന്ന് പോയി നോക്കി. ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അവിടെയും ഇതേ കാഴ്ച. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. ഞാൻ വീട്ടിൽനിന്ന് മുറ്റത്തേക്ക് ഇറങ്ങിയത് ഉള്ളിൽനിന്നു പൂട്ടിയിട്ട കതകു തുറന്നിട്ടായിരുന്നു. അച്ഛനും അമ്മയും വീടിന്റെ കതകു തുറക്കാതെ പുറത്ത് പോകാൻ കഴിയില്ലല്ലോ. നെഞ്ചിൽ ഒരു ആളൽ   ശരീരം മുഴുവൻ ഒരു വിറയൽ. ആകെ ഒരു ഭീതി. ഞാൻ നേരെ വീട്ടിലേക്ക് ഓടി. വീട്ടുപടിക്കൽ എത്തിയപ്പോൾ ആണ് ശ്രദ്ധിച്ചത്. അവരുടെ ചെരുപ്പുകൾ അവിടെത്തന്നെ കിടപ്പുണ്ട്. അപ്പോൾ അവർ പുറത്ത് പോയിട്ടില്ല. ഭയവും അങ്കലാപ്പും എന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ചു. പിന്നെ എല്ലാം ഒരു അട്രിനാലിൻ റഷ് പോലെ ആയിരുന്നു. അവരുടെ മുറിയിൽ ചെന്ന് നോക്കി. പുതച്ച പുതപ്പുകൾ അതിനുള്ളിലെ മനുഷ്യൻ ആവിയായി പോയ വിധത്തിൽ നീണ്ടു കിടക്കുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരെത്തും പിടി കിട്ടുന്നില്ല. വേഗം ഫോൺ എടുത്തു. കുറച്ച് മാറി വീടുള്ള അച്ഛന്റെ അനിയനെ വിളിച്ചു നോക്കി. ഇല്ല.. ഉത്തരമില്ല.. ഉറ്റ ചങ്ങാതിയെ വിളിച്ചു. ഉത്തരമില്ല. ഇതിപ്പോൾ ആരോട് ചോദിക്കും. എവിടെ ചെന്ന് അന്വേഷിക്കും. അനിശ്ചിതത്വത്തിന്റെ അന്ധകാരത്തിൽ ഒരുതരി വെളിച്ചതിനായി ഞാൻ തിരഞ്ഞു. ഒരു മനുഷ്യജീവനെ കണ്ടെത്താൻ ഞാൻ വഴികൾ ആലോചിച്ചു. ഫോൺ എടുത്തു. വാട്ട്സ്ആപ്പിൽ ലാസ്റ്റ് സീനുകൾ നോക്കി. 12 മണി കഴിഞ്ഞു ഒരു മനുഷ്യക്കുഞ്ഞും വാട്ട്സ്ആപ് ഉപയോഗിച്ചിട്ടില്ല. 12 മണി കഴിഞ്ഞു ഒരു സ്റ്റാറ്റസ് കളും വന്നിട്ടില്ല. കോൺടാക്ട് ലിസ്റ്റിലെ ഒരു മനുഷ്യനും ഫോൺ എടുക്കുന്നില്ല. ഒടുക്കം ആ പരുക്കൻ യാഥാർത്ഥ്യം എന്റെ മനസ്സിൽ അസ്ത്രമായി തറച്ചു. വീടിന്റെ ഉമ്മറപ്പടിയിൽ ഞാൻ ഒന്ന് തളർന്നിരുന്നു. ഏകാന്തതയുടെ ഒരു കരിനിഴൽ പെയ്യാൻ വിതുമ്പുന്നത് ഞാൻ കണ്ടു. ആ ഉമ്മറപ്പടിയിൽ ഇരുന്നു ഞാൻ വിങ്ങിപ്പൊട്ടി.. മനസ്സിന്റെ വിങ്ങൽ അടക്കാൻ കഴിയാതെ ഞാൻ നിലവിളിച്ചു. പക്ഷേ ആരും അത് കേട്ടില്ല. കാരണം ഞാൻ ഒറ്റക്കായിരുന്നു. ഇൗ ഭൂമിയിൽ ഒറ്റക്ക്.

ഏകാന്തതയുടെ അമർഷവും അടക്കാനാവാത്ത മനസ്സിന്റെ വിങ്ങലും എന്നെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. മറ്റാരുമില്ലാത്ത ഇൗ ഭൂമിയിൽ എന്തിന് ഈയൊരു പാഴ്ജന്മം മാത്രം. അടുക്കളയിൽ ചെന്ന് മൂർച്ചയുള്ള ഒരു കത്തി കണ്ടെത്തി. ഇടതു കൈപ്പത്തിക്ക് താഴെ ഞരമ്പുകൾക്ക് മുകളിൽ വെച്ചു. പക്ഷേ കഴിയുന്നില്ല. വിറയൽ ആണ്. ഞാൻ കണ്ണുകൾ അടച്ചു. തിരിച്ചു വിടാൻ ആവരുതേ എന്ന മട്ടിൽ ഒരു ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തു. പക്ഷേ കൈ ചലിക്കുന്നില്ല. എനിക്ക് അത് ചെയ്യാനുള്ള ശക്തി ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. ഒടുവിൽ ഞാൻ കത്തി താഴെ ഇട്ടു. അമ്മയുടെ മുറിയിലേക്ക് ഓടി. ആ പുതപ്പ് ചേർത്ത് പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു. തൊണ്ടപോട്ടും വിധം അലറിക്കരഞ്ഞു. കരഞ്ഞ് അവശനായി ഒടുക്കം എനിക്ക് ഒരു തലചുറ്റൽ അനുഭവപ്പെട്ടു. കണ്ണുകൾക്ക് ഒരു ഭാരം ഞാൻ അറിഞ്ഞു. അവ കൂപ്പിയടഞ്ഞ് എന്നിൽ അന്ധകാരം നിറച്ചു. എത്രനേരം ഞാൻ ആ മയക്കത്തിൽ കഴിഞ്ഞു എന്നെനിക്ക് അറിയില്ല. എപ്പോഴോ ഞാൻ ഉണർന്നു. യാഥാർഥ്യം എന്റെ മനസ്സിൽ ഭാരം നിറച്ചപോലെ.. പകുത്തിയുറക്കത്തിൽ എന്നപോലെ ഞാൻ വീടിന് പുറത്തിറങ്ങി. മുറ്റത്ത് നിന്ന് ചുറ്റും ഒന്ന് നോക്കി. ഒരു ശൂന്യത. വല്ലാത്ത ഒരു നിശബ്ദത. 2-3 ആൾ ഉയരത്തിൽ കെട്ടിപ്പൊക്കിയ വീട്ടുമുറ്റത്തിന്റെ അഗ്രത്തിൽ പോയി ഞാൻ നിന്നു. ഞാൻ കീഴടക്കിയ കൊടുമുടി പോലെ നിശ്ചലമായ ഒരു ഭൂമി എനിക്ക് താഴെ ഞാൻ നോക്കി കണ്ടു. ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. നെഞ്ചിൽ വായു നിറഞ്ഞപ്പോൾ ഞാനറിഞ്ഞു ഇൗ ഭൂമി പോലെ ശൂന്യമായിരുന്നു എന്റെ മനസ്സും. പക്ഷേ പൊടുന്നനെ തന്നെ എന്റെ മനസ്സിലേക്ക് ചിന്തകൾ അലയടിച്ചു. രംഗബോധം ഇല്ലാതെ കടന്നുവന്ന കുറേ ചിന്തകൾ. ഞാൻ ഇപ്പൊൾ സ്വതന്ത്രൻ ആണ്. ഇൗ ഭൂമി എനിക്ക് സ്വന്തമാണ്. എനിക്ക് എവിടെയും പോകാം. എന്തും ചെയ്യാം. ആരും ചോദിക്കില്ല. ആരും തടയില്ല. പക്ഷേ ആ സ്വാതന്ത്ര്യത്തെ മനസ്സുകൊണ്ട് ഒന്ന് സ്വീകരിക്കാനോ ഒന്ന് ആസ്വദിക്കാനോ എനിക്ക് കഴിയുന്നില്ല. ചങ്ങാതിമാരുടെ കൂടെ ഒരു ട്രിപ്പ് പൊയ്ക്കോട്ടേ എന്ന് ഒരിക്കൽ അച്ഛനോട് ചോദിച്ചപ്പോൾ ഒറ്റവാക്കിൽ ഒരു നിരസനം ആണ് ഞാൻ കേട്ടത്. അന്ന് അച്ഛനോട് അടങ്ങാത്ത അമർഷവും ദേഷ്യവും വന്നിരുന്നു മനസ്സിൽ. പക്ഷേ ഇന്ന് ഞാൻ മനസ്സിലാക്കി ആ ദേഷ്യത്തേക്കാളും അ മനുഷ്യനോടുള്ള സ്നേഹമായിരുന്നു എനിക്ക് വലുതെന്ന്. സ്വാതന്ത്ര്യത്തെക്കാൾ വില സ്നേഹത്തിനുണ്ടെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ.. ഇനി അച്ഛനില്ല. അമ്മയില്ല. വേദനില്ലിച്ചവരും സ്നേഹിച്ചവരും അറിയുന്നവരും അറിയാത്തവരും ആരുമില്ല. പക്ഷേ ഇപ്പൊൾ മനസ്സിൽ സന്തോഷം ഇല്ല.. സ്വാതന്ത്ര്യത്തിന്റെ ആവേശം ഇല്ല. ആകെ ഒരു ശൂന്യത. ഹൃദയത്തിൽ ഒരു വിങ്ങൽ.  ഇതെങ്ങനെ സംഭവിച്ചു.. ഏതു ദൈവമാണ് ഇങ്ങനൊരു കൃത്യം ചെയ്യുക.. എന്തുകൊണ്ട് എന്നെ മാത്രം ബാക്കി വെച്ചു... എന്നോട് എന്തിനീ ക്രൂരത.. വീണ്ടും വിങ്ങിപ്പോട്ടാൻ എന്റെ ഹൃദയം വിതുമ്പി. പക്ഷേ അ തളർച്ചയിൽ എന്റെ കാലിടറി. ആ ഉയരത്തിൽ നിന്ന് ഞാൻ താഴേക്ക് പതിച്ചു..

ഞാൻ ഞെട്ടിയുണർന്നു.. രണ്ടു മൂന്നു തവണ തിടുക്കത്തിൽ ശ്വാസം എടുത്തു.. പാതിയെ ശാന്തമായി. സ്വപ്നമായിരുന്നു... ഒരു ദീഘനിശ്വാസം വിയർത്തുകുളിച്ച എന്റെ ശരീരത്തെ കുളിരണിയിച്ചു. ഇനി സ്വപ്നം തന്നേ ആയിരുന്നോ.. ഇനിയും ആശങ്ക. കാരണം അത്രമാത്രം ഭയച്ചകിതൻ ആയിരുന്നു ഞാൻ. ഞാൻ അമ്മയെ വിളിച്ചു.. ഉത്തരമില്ല. എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി. ഞാൻ കട്ടിലിൽ നിന്ന് എണീറ്റ് പുറത്തേക്ക് ഓടി. ആശ്വാസം.. അമ്മ മുറ്റമടിക്കുന്നുണ്ട്. ഞാൻ ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ ആശ്ചര്യപ്പെട്ടു എന്നോട് കാര്യം തിരക്കി. ഞാൻ പറഞ്ഞു. "ഒന്നുമില്ല.. ഒരു സ്വപ്നം കണ്ട് പേടിച്ചു..". അമ്മയെന്നെ കളിയാക്കി. അതിൽ അല്പം ജാള്യത തോന്നിയെങ്കിലും എന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി ആയിരുന്നു.

©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട