കടൽക്കാക്കകൾ

യാത്രകൾ ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗം ആയി കഴിഞ്ഞിരുന്നു അയാൾക്ക്. എന്തിനെ തേടി എന്നറിയാതെ എങ്ങോട്ടെന്ന് ഇല്ലാതെ ഓരോ യാത്രകൾ. അങ്ങനെ ഒരു യാത്രക്കിടയിൽ ഊരും പേരും അറിയാത്ത ഏതോ നാട്ടിലെ ഒരു ചായ പീടികയിൽ ഇരുന്ന് ഒരു കട്ടനും രുചിച്ചുകൊണ്ട് ഫേസ്ബുക്കിലെ അന്ത്യമില്ലാത്ത ന്യൂസ് ഫീഡ്സിലൂടെ കണ്ണോടിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് അയാൾക്ക് ആ മെസ്സേജ് വന്നത്. "Hii" എന്ന വെറും മൂന്നക്ഷരങ്ങൾ മാത്രമായിരുന്നു ആ മെസ്സേജ് എങ്കിലും അത് അയാളെ നിശ്ചലനാക്കി. ആ പ്രൊഫൈൽ നെയിം അയാൾ വീണ്ടും വീണ്ടും വായിച്ചു. മനസ്സിന്റെ കോണിൽ എങ്ങോ ജപിച്ചു മറന്ന ഒരു മന്ത്രം പോലെ അയാൾ അത് ഉരുവിട്ടു. ഒരായിരം വാക്കുകൾ തിരിച്ചു അയക്കാൻ മനസ്സിലേക്ക് വന്നു. പക്ഷെ വിരൽ തുമ്പിൽ എത്തിയത് ഒരു "hloo" മാത്രം. പക്ഷെ ആ സംഭാഷണം ആരംഭിച്ചതു പോലെയും പ്രതീക്ഷിച്ചത് പോലെയും അത്ര നിറം മങ്ങിയത് ആയിരുന്നില്ല. എന്നോ പിരിഞ്ഞ രണ്ടു ലോകങ്ങളുടെ സംഗമം ആയിരുന്നു അത്. പകുതി കുടിച്ചു വെച്ച ആ കട്ടൻ തണുത്തു തുടങ്ങി. പക്ഷെ ഹൃദയത്തിന് ഒരു ഊഷ്മളത. താൻ ഉള്ള ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ അവൾ ഉണ്ടെന്നും തന്നെ ഇന്നും ഓർക്കുന്നുണ്ട് എന്നും ഉള്ള ചിന്തകൾ അയാള...