കടൽക്കാക്കകൾ

യാത്രകൾ ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗം ആയി കഴിഞ്ഞിരുന്നു അയാൾക്ക്. എന്തിനെ തേടി എന്നറിയാതെ എങ്ങോട്ടെന്ന് ഇല്ലാതെ ഓരോ യാത്രകൾ. അങ്ങനെ ഒരു യാത്രക്കിടയിൽ ഊരും പേരും അറിയാത്ത ഏതോ നാട്ടിലെ ഒരു ചായ പീടികയിൽ ഇരുന്ന് ഒരു കട്ടനും രുചിച്ചുകൊണ്ട് ഫേസ്ബുക്കിലെ അന്ത്യമില്ലാത്ത ന്യൂസ്‌ ഫീഡ്സിലൂടെ കണ്ണോടിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് അയാൾക്ക് ആ മെസ്സേജ് വന്നത്. "Hii" എന്ന വെറും മൂന്നക്ഷരങ്ങൾ മാത്രമായിരുന്നു ആ മെസ്സേജ് എങ്കിലും അത് അയാളെ നിശ്ചലനാക്കി. ആ പ്രൊഫൈൽ നെയിം അയാൾ വീണ്ടും വീണ്ടും വായിച്ചു. മനസ്സിന്റെ കോണിൽ എങ്ങോ ജപിച്ചു മറന്ന ഒരു മന്ത്രം പോലെ അയാൾ അത് ഉരുവിട്ടു. ഒരായിരം വാക്കുകൾ തിരിച്ചു അയക്കാൻ മനസ്സിലേക്ക് വന്നു. പക്ഷെ വിരൽ തുമ്പിൽ എത്തിയത് ഒരു "hloo" മാത്രം. പക്ഷെ ആ സംഭാഷണം ആരംഭിച്ചതു പോലെയും പ്രതീക്ഷിച്ചത് പോലെയും അത്ര നിറം മങ്ങിയത് ആയിരുന്നില്ല. എന്നോ പിരിഞ്ഞ രണ്ടു ലോകങ്ങളുടെ സംഗമം ആയിരുന്നു അത്. പകുതി കുടിച്ചു വെച്ച ആ കട്ടൻ തണുത്തു തുടങ്ങി. പക്ഷെ ഹൃദയത്തിന് ഒരു ഊഷ്മളത. താൻ ഉള്ള ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ അവൾ ഉണ്ടെന്നും തന്നെ ഇന്നും ഓർക്കുന്നുണ്ട് എന്നും ഉള്ള ചിന്തകൾ അയാളിൽ ഒരു മാറ്റം ഉളവാക്കി. മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു എന്ന് അയാൾ വിചാരിച്ച ഒരു പൂമരം , ഓർമ്മകളുടെ ഒരു വന്മരം, വീണ്ടും നാംബെടുത്തു... ഫേസ്ബുക്... മുഖങ്ങളുടെ പുസ്തകം...  എത്ര വേഗമാണ് അത് മനസ്സിന്റെ പുസ്തകം തുറന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയിൽ അയാൾ വിരിഞ്ഞ ആകാശം കണ്ടില്ല..., പൂവിട്ട നെൽപ്പാടങ്ങൾ കണ്ടില്ല..., ചുവന്നു തുടുത്ത സൂര്യനെയും കണ്ടില്ല... എങ്ങും അവളുടെ മുഖം മാത്രം. ആരിലും അവളുടെ കണ്ണുകൾ മാത്രം. എവിടെയും ആ ചിരി മാത്രം. പത്തു വർഷങ്ങൾക്കപ്പുറം മരിച്ച ഒരു വസന്തത്തിന്റെ ശവം മാന്തൽ. നാട്ടിൽ തിരിച്ചെത്തിയാലുടൻ തമ്മിൽ കാണാം എന്നൊരു ഉറപ്പ് അയാളുടെ മടക്കയാത്രയുടെ വേഗം കൂട്ടി. 

ദീർഘദൂര യാത്രകൾ ശീലമായ അയാൾക് അവളുടെ നാട്ടിലേക്കുള്ള ആ യാത്ര ഒരു യാത്രയായേ തോന്നേണ്ടതല്ല. പക്ഷെ അവളിലേക്കടുക്കുന്ന ഓരോ മൈലും അയാൾ ആവേശത്തോടെ പിന്നിട്ടു. ഹൃദയമിടിപ്പ് പുതിയൊരു താളം കണ്ടെത്തിയിരിക്കുന്നു. പിന്നാലെ വരുന്ന വണ്ടികളെ മാത്രം കണ്ടിരുന്ന ആ കണ്ണാടി ഒന്ന് തിരിച്ച് അയാൾ തന്റെ ആകാംഷപൂണ്ട മുഖം കണ്ടു. സ്ഥലം അവളാണ് തിരഞ്ഞെടുത്തത്. എത്രയോ വട്ടം കണ്ടിരുന്നു എങ്കിലും ആ കടൽ തീരത്തിന് പുതിയൊരു ശോഭ കൈവന്നിരിക്കുന്നു. കടൽ കാറ്റിൽ പ്രണയത്തിന്റെ ഗന്ധം നിറഞ്ഞിരിക്കുന്നു. സൂര്യൻ ആകാശമാകെ ചുവന്ന ചായം പൂശിയിരിക്കുന്നു. പക്ഷെ അവളെവിടെ..?.  അവളെ കാത്തിരുന്ന ഓരോ മിനുറ്റുകളും അയാൾക്ക്‌ മണിക്കൂറുകൾ പോലെ കടന്നുപോയി. ഒടുക്കം അവൾ പ്രത്യക്ഷപ്പെട്ടു. മുഖം കണ്ടു മനസ്സിലാക്കാനാവാത്ത ദൂരത്തു വെച്ച് തന്നെ അത് അവൾ ആണെന്ന് അയാൾ ഉറപ്പിച്ചു. മണൽപ്പരപ്പിന്റെ അങ്ങേ അറ്റത്തുനിന്ന് തന്നിലേക്കുള്ള അവളുടെ ഓരോ കാൽവയ്പും അയാളുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. കൊഴിഞ്ഞു പോയ വർഷങ്ങൾ ആ മുഖത്തെ തെല്ലും സ്പർശിച്ചിട്ടില്ല. അഞ്ജനമെഴുതിയ ആ കണ്ണുകളിൽ ഇന്നും യുവത്വം തുടിക്കുന്നു. അയാൾ കരയുകയാണോ.. അല്ല ആ ഹൃദയം വിങ്ങുകയാണ്. അവൾ അയാളുടെ അടുത്തെത്തി. ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ ആ പുഞ്ചിരിയിൽ വിരിഞ്ഞിരുന്ന കുസൃതി എവിടെ... തന്നെ കണ്ടാൽ ഉടൻ ചാരെ വന്നു ചുവടുപറ്റിയിരുന്ന ആ വായാടി പെണ്ണെവിടെ... കാലത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിമരിച്ച പ്രണയം പേറുന്ന വെറുമൊരു ശവക്കല്ലറയാണിന്നവൾ. അനന്തമായ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ മറ്റു പല പഴയകാല സുഹൃത്തുക്കളും കണ്ടമാത്രയിൽ അയാളെ ആലിംഗനം ചെയ്തിരുന്നു.. വാതോരാതെ സംസാരിച്ചിരുന്നു... പക്ഷെ ഇവൾ മാത്രം.. എന്തിനീ സ്മശാന മൂകത... മറ്റുള്ളവരെ പോലെ വെറുമൊരു സുഹൃത്തായിരുന്നില്ല എന്നത്കൊണ്ടാവാം.. അവർ പരസ്പരം നോക്കി. ഒരു നിമിഷത്തേക്ക് എല്ലാം നിശ്ചലമായി. അവളുടെ കണ്ണുകൾ നിറയുന്നുവോ.. കടൽകാറ്റടിച്ച് നിറഞ്ഞതാവുമോ...  അല്ല...  ഇത് മനസ്സിൽ അലയടിച്ച തിരകൾ തുളുമ്പിയതാണ്. ആ നീർത്തുള്ളി കവിളിലൂടൊഴുകി മണലിൽ വീണുമരിക്കാൻ അയാൾ കാത്തു നിന്നില്ല. അയാൾ അവളുടെ കൈ കടന്നു പിടിച്ചു. ശരീരമാകെ ഒരു തരിപ്പ്. അവളുടെ ഇമവെട്ടാതെ ഉള്ള നോട്ടം അയാളുടെ മരവിച്ച കണ്ണുകളെ ചുംബിച്ചു. സന്ധ്യമയങ്ങി തുടങ്ങിയ ആ മണൽപ്പുറങ്ങളിലൂടെ അവർ കൈകൾ കോർത്തു നടന്നു. അധരം നിശ്ചലമായ് തുടർന്നു..  പക്ഷെ ഹൃദയങ്ങൾ കഥ പറഞ്ഞു.. പരിഭവങ്ങൾ പറഞ്ഞു.. പരാതികൾ പറഞ്ഞു..  

തിരമാലകൾ ചിതറി തെറിച്ചിരുന്ന ഒരു കൽകൂനയുടെ മുകളിൽ അയാൾ ഇരിന്നു. അയാൾക്കരികിൽ അവളും. അയാൾ വിദൂരതയിലേക്ക് കണ്ണ്നട്ടിരുന്നു. അവൾ അയാളുടെ തോളിലേക്കു ചാഞ്ഞു.. വർഷങ്ങൾക്കു മുൻപ് തങ്ങൾ ഒരുമിച്ചു കണ്ട കടൽ അല്ല ഇത്. പ്രണയം അലയടിച്ചിരുന്ന തീരത്തിന്നു മൗനം വിതുമ്പുന്നു. പൊട്ടിച്ചിരിച്ചിരുന്ന രണ്ടു ഹൃദയങ്ങൾ ഇന്ന് വിങ്ങിപ്പൊട്ടുന്നു. അകലെയൊരു സൂര്യൻ കടലിൽ മുങ്ങിമരിക്കുകയായി.. ആഴിയിൽനിന്നൊരു തിര ഒരു വസന്തത്തിന്റെ ഓർമ്മപ്പൂവ് കൊണ്ടുതന്നു. കോർത്തിണങ്ങിയ കൈകൾ പരസ്പരം തഴുകി..  മരവിച്ച അയാളുടെ മിഴികൾ ഈറനണിഞ്ഞു.. അലസമായൊരു കടൽക്കാറ്റ് ആ നീർതുള്ളി കൊത്തിയെടുത്ത് അവളുടെ മുഖത്തെറിഞ്ഞു.  അയാളുടെ തോളിൽ നിന്നു മുഖമുയർത്തി അവൾ ആ കണ്ണുകളിലേക്കു നോക്കി. വർഷങ്ങളുടെ അകലം ഇന്ന്.., ഈ നിമിഷത്തിൽ വന്നു നിൽക്കുന്നു... ഇണചേർന്ന കരങ്ങൾ തഴുകിഅമർന്നു....  വാക്കുകൾ വീണുമരിച്ച ചുണ്ടുകൾ തമ്മിൽ തൊട്ടറിഞ്ഞു...  ആലിംഗനം ചെയ്തു..  മിഴിനീർ അലയടിച്ച നയനങ്ങൾ കൂപ്പിയടയുന്നു.. അവർ കടലിനെ മറന്നു... കരയെ മറന്നു... കാറ്റിനെ മറന്നു..  ഈ ഭൂമിയെ മറന്നു.. സ്വയം മറന്നു... നാഴികയൊന്ന് കൊഴിഞ്ഞു..
പെട്ടെന്ന് അവളിൽ ബോധമുണർന്നു..  അവൾ മുഖം തിരിച്ചു. കൈകളിൽ മുഖം പൊതിഞ്ഞു അവൾ വിങ്ങിപ്പൊട്ടി.  അയാൾ സ്തബ്ദനായ് ഇരുന്നു. അല്പം കഴിഞ്ഞ് അവൾ മുഖം തുടച്ചു.. തന്റെ വിവാഹമോതിരം വിരലിൽ ഇട്ടു തിരിച്ചു.. പിന്നെ പെട്ടെന്ന് എഴുന്നേറ്റ് നടന്നു..  അവൾ നടന്നകലുന്നതു അയാൾ നോക്കി ഇരുന്നു. വിട പറച്ചിലിന്റെ ഒരു ഔപചാരികത ആവശ്യമല്ലായിരിക്കാം. പക്ഷെ ഒരു തിരിഞ്ഞു നോട്ടത്തിന് അയാൾ കൊതിച്ചു. പക്ഷെ അവൾ അതിനു തുനിഞ്ഞില്ല.. ഇരുട്ട് വീണ ആ മണൽപ്പുറത്തിനപ്പുറം അവൾ മറഞ്ഞു. ഓർമ്മകളുടെ ആ തീരത്ത് അയാൾ വീണ്ടും തനിച്ചായി.. ഇനിയും കൂടണയാത്തൊരു കടൽക്കാക്ക ദിശയറിയാതാടി ഉലഞ്ഞു.. 

©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട