തിരിച്ചറിവുകൾ

കാത്തിരിപ്പ്.. സമയത്തിൻ്റെ തത്വങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടമാണത്. ഓരോ മിനുറ്റിനും മണിക്കൂറുകളുടെ ദൈർഘ്യമായിരിക്കും ചിലപ്പോൾ. മണി പതിനൊന്ന് കഴിഞ്ഞു.  പകലിൻ്റെ തിരക്കുകളെല്ലാം കഴിഞ്ഞ് നഗരം നിദ്രയിലേക്ക് ചായുകയായ്. പക്ഷെ ഉറക്കമൊഴിഞ്ഞ കണ്ണുകളുമായി അവൾ കാത്തിരിക്കുകയാണ്. വഴിവിളക്കുകൾ  നീളുന്ന നിരത്തിൻ്റെ വിദൂരതയിൽനിന്ന് വരുന്ന ഓരോ കാറും അവൾ സൂക്ഷ്മതയോടെ വീക്ഷിച്ചു. തൊട്ടടുത്ത വീടുകൾ ഒക്കെ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. കുറച്ച് നേരമായി കാറുകൾ ഒന്നും കാണാനില്ല. നിശബ്ദതയുടെ സംഗീതത്തിന് ഈണം നൽകി ദൂരെനിന്ന് കടലിൻ്റെ ഇരമ്പൽ കേൾക്കാം. ആഴിപോലെ ആഴമേറിയ ഏകാന്തത  അവളുടെ മിഴികളെ ഈറനണിയിച്ചു. ഇതൊരു പതിവായിരിക്കുന്നു. കലങ്ങിയ കണ്ണുകളോടെ അല്ലാതെ അവൾ ഉറങ്ങാറില്ലായിരുന്നു.  ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ തിരഞ്ഞുകൊണ്ടിരുന്ന ആ ചുവന്ന കാർ ദൂരെ പ്രത്യക്ഷപ്പെട്ടു. ശാന്തമായി അത് വീടിൻ്റെ പോർച്ചിൽ വന്ന് നിന്നു. അവൾ തിടുക്കത്തിൽ ഇറങ്ങി ചെന്ന് വാതിൽ തുറന്നു.  അയാൾ കാറിൽ നിന്നിറങ്ങി വീട്ടുപടിക്കലേക്ക് നടന്നടുത്തു. അയാളുടെ ചുവടുകൾ ഇടറുന്നത് അവൾ കണ്ടൂ. ഇന്നും മദ്യപിച്ചിട്ടുണ്ട്.  അവൾ അയാളെ വീഴാതെ താങ്ങാൻ അടുത്തേക്ക് ചെന്നു. അവളെ തള്ളിമാറ്റി അയാൾ ഉള്ളിലേക്ക് നടന്നു. നേരെ മുറിയിലേക്ക് കടന്ന് കട്ടിലിലേക്ക് കിടന്നു.  അവൾ ഡൈനിങ് ടേബിളിൽ ഭക്ഷണം തയ്യാറാക്കി വെച്ച് അയാളെ വിളിക്കാൻ മുറിയിലേക്ക് ചെന്നു. നല്ല ഉറക്കമാണ്. അവൾ അയാളെ ഒന്ന് നോക്കി. ഉറങ്ങുമ്പോൾ എത്ര ശാന്തനായ മനുഷ്യൻ. നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്കൊടുവിൽ അവൾക്ക് ലഭിച്ച പങ്കാളി. അയാളെ എന്ത് വിളിക്കണമെന്ന് അവൾക്ക് ഇന്നും നിശ്ചയമില്ല. അവൾ അയാളെ തട്ടിയുണർത്തി. "അതേ.. ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ട്..". പാതി മയക്കത്തിൽ അത് കേട്ട് വകവയ്ക്കാതെ അയാൾ കിടന്നു. അവൾ ശ്രമം ഉപേക്ഷിച്ചില്ല, വീണ്ടും വിളിച്ചു. ഇത്തവണ അയാൾ ഉണർന്നു. പക്ഷെ മദ്യലഹരിയിൽ ആണ്. രോഷത്തോടെയുള്ള സ്ഥിരം അസഭ്യവർഷം ആണ് പ്രതീക്ഷിച്ചത്. പക്ഷെ മറുത്തൊന്ന് സംഭവിച്ചു. അയാൾ അവളുടെ കൈ കടന്ന് പിടിച്ചു, അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.  അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴേക്കും അയാളുടെ ബലിഷ്ഠമായ കരങ്ങൾ അവളെ കടന്ന് പിടിച്ചു. അവളുടെ എതിർപ്പുകളെ വകവയ്ക്കാതെ അയാൾ അവളുടെ കഴുത്തിൽ ചുംബിച്ചു. എതിർക്കുവാൻ ശക്തി ഇല്ലാതെ നിർവികാരയായ് അവൾ കിടന്നു. അയാളുടെ ചുമ്പനങ്ങളിൽ കാമമാണോ പ്രണയമാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷെ ആ ചുംബനങ്ങൾക്കിടയിൽ അയാൾ ഒരു പേര് മന്ത്രിക്കുന്നത് അവൾ കേട്ടു. "അച്ചു.. എൻ്റെ അച്ചു..". അവൾ അയാളുടെ കൈകൾ പിഴുതു മാറ്റി വിതുംബിക്കൊണ്ട് ഓടി. ബാൽക്കണിയിൽ ചെന്ന് നിന്ന്, പൊട്ടിക്കരഞ്ഞു. വിവാഹം കഴിഞ്ഞ് ഇക്കാലമത്രയും ആ മനുഷ്യൻ്റെ നാവിൽനിന്ന് "വീണേ.." എന്ന് സ്നേഹത്തോടെ ഒരു വിളി അവൾ കേട്ടിട്ടില്ല. തൻ്റെ പേര് കേൾക്കേണ്ട നാവിൽ നിന്ന് മറ്റൊരു സ്ത്രീയുടെ പേര്... അവൾ സങ്കടവും അമർഷവും കൊണ്ട് പൊട്ടിക്കരഞ്ഞു. കണ്ണീരണിഞ്ഞ അനവധി രാത്രികളിൽ മറ്റൊന്ന് മാത്രമായി ആ രാത്രിയും  അവൾ കഴിച്ചുകൂട്ടി. 

വീണ ബാലകൃഷ്ണൻ... നാട്ടിൻപുറത്തിൻ്റെ പതിവുകളെ തെറ്റിച്ച് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ പെൺകുട്ടി. തൻ്റെ രണ്ട് പെൺമക്കളെയും ഉയരങ്ങളിൽ എത്തിക്കാൻ സ്വപ്നം കണ്ടിരുന്ന ഒരച്ചൻ്റെയും, പെണ്ണ് വീടിൻ്റെ അകത്തളങ്ങളിൽ തളയ്ക്കപ്പെടേണ്ടവൾ അല്ല എന്ന ചിന്താഗതിക്കാരിയായ ഒരു അമ്മയുടെയും മകൾ. ഇളയവളേക്കാൾ സൗന്ദര്യത്തിലും കഴിവിലും മികച്ചു നിന്നവൾ. ബിരുദം പൂർത്തിയാക്കിയ ഉടൻ കൊച്ചിയിൽ വീണയ്ക്ക് ജോലി കിട്ടി. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും നഗരജീവിതത്തോട് അവൾ താദാത്മ്യപ്പെട്ടു. അങ്ങനെ ജീവിതം ഒരു കരയ്ക്കെത്തി നിൽക്കുമ്പോൾ ആണ് വിവാഹം എന്ന കടമ്പ അവളുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. തുടരെ തുടരെ വന്ന വിവാഹാലോചനകൾ അവൾ പല കാരണങ്ങൾ പറഞ്ഞ് മുടക്കി. തൻ്റെ ജീവിതത്തിലേക്ക് മറ്റൊരാൾ എന്ന സങ്കല്പം അവളിൽ വിവാഹത്തോട് മടി ഉളവാക്കി. എങ്കിലും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾക്ക് അവസാനം സമ്മതിക്കേണ്ടി വന്നു. വിവേക്.. കൊച്ചിയിൽത്തന്നെ നല്ലൊരു ജോലി, നല്ല കുടുംബം, സുമുഖനായൊരു ചെറുപ്പക്കാരൻ. ഇതിലും നല്ലൊരു ആലോചന തൻ്റെ മകൾക്ക് വരാനില്ലെന്ന് വീണയുടെ അച്ഛൻ മനസ്സിലുറപ്പിച്ചു. ഒടുവിൽ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി വീണയും അത് സമ്മതിച്ചു. എന്നാണെങ്കിലും ഒരു വിവാഹം അനിവാര്യമാണ്. വീട്ടുകാരുടെ അഭിപ്രായത്തിൽ വിവേക് തനിക്ക് ചേർന്നൊരു പുരുഷനാണ്. കൊച്ചിയിലെ പേര്കേട്ടൊരു കമ്പനിയിലെ മനേജരിയൽ പോസ്റ്റിൽ ഇരിക്കുന്ന വ്യക്തി. കാണാനും തരക്കേടില്ല. അങ്ങനെ മനസ്സുകൊണ്ട് വീണ വിവേകിനെ തൻ്റെ ഭർത്താവിൻ്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. വിവാഹം സാമന്യം ആർഭാടങ്ങളോടെ നടന്നു. വിവേകിൻ്റെ അച്ഛനും അമ്മയും വളരെ സൗമ്യമായി അവളോട് പെരുമാറി. അങ്ങനെ വീണ വിവേകിൻ്റെ കുടുംബത്തിലെ ഒരു അംഗമായി മാറി. 

രണ്ടുപേരുടെയും ജോലി കൊച്ചിയിൽ ആയതിനാൽ വിവേക് കൊച്ചിയിൽ ഒരു വീട് സംഘടിപ്പിച്ചു. സാമന്യം നല്ലൊരു വീട്. നഗരത്തിൻ്റെ തിരക്കുകൾ അധികമായി അറിയാത്ത സുന്ദരമായ ഒരു വില്ലയിലെ അത്ര ചെറുതല്ലാത്തൊരു വീട്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന അന്ന് വിവേക് ചെറിയൊരു പാർട്ടി സംഘടിപ്പിച്ചു. വിവേകിൻ്റെ അച്ഛനും അമ്മയും ചില കൂട്ടുകാരും, വീണയുടെ അച്ഛനും അമ്മയും അനിയത്തിയും അങ്ങനെ വിരലിൽ എണ്ണാവുന്നവർ മാത്രം പങ്കെടുത്ത ഒരു കൊച്ചു പാർട്ടി. പാർട്ടിയുടെ തിരക്കുകൾ എല്ലാം കഴിഞ്ഞു. എല്ലാവരും മടങ്ങിപ്പോയി. അങ്ങനെ ആ വീട് വിവേകിൻ്റെയും വീണയുടെയും സ്വകാര്യതയായി. വിവാഹത്തിന് ശേഷമുള്ള ഈ കുറച്ച് നാളുകളിൽ വീണ ഒരു കാര്യം ശ്രദ്ധിച്ചു. വിവേക് തന്നോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിക്കുന്നില്ല. തിരക്കുകളിൽ കുടുങ്ങിയതുകൊണ്ടോ തുടക്കത്തിൻ്റെ സങ്കോചംകൊണ്ടോ ആവാം എന്ന് വീണ ചിന്തിച്ചു. പക്ഷെ അത് അങ്ങനെ ആയിരുന്നില്ല. ചുരുങ്ങിയ നാളുകൾകൊണ്ട് വിവേകിൽ പല മാറ്റങ്ങളും വീണ ശ്രദ്ധിച്ചു. ആദ്യമൊക്കെ 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിരുന്ന വിവേക് 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താതെയായി. ജോലിത്തിരക്ക് കഴിഞ്ഞ് വന്ന് സ്നേഹത്തോടെ വീണ പാകം ചെയ്ത് വെച്ച ഭക്ഷണം പല ദിവസങ്ങളിലും വിവേക് കഴിക്കാതെയായി. ഒടുവിൽ താനെന്നൊരാൾ ആ വീട്ടിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് വരെ വിവേക് മറന്നു എന്ന് വീണയ്ക്ക് തോന്നി തുടങ്ങി. അന്ന് പാർട്ടിയുടെ ദിവസം വീണ ഒരു കാര്യം ശ്രദ്ധിച്ചു. വിവേക് മദ്യപിക്കും. പക്ഷെ അന്ന് അധികം പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നത്കൊണ്ട് വീണ അത് കാര്യമാക്കിയില്ല. പക്ഷെ അടുത്തിടെ ആയി വിവേക് ജോലി കഴിഞ്ഞ് സുബോധത്തോടെ അല്ല വരുന്നത്. എങ്ങനെ കാർ ഓടിച്ചു വരുന്നു എന്ന് വീണ അത്ഭുതപ്പെട്ടു. തൻ്റെ ജീവിതത്തിന് മേലെ രൂപപ്പെട്ട കാർമേഘത്തിൻ്റെ നിഴൽ വീണ കണ്ടെത്തിയ ഒരു ദിവസം വന്നു. പതിവുപോലെ വിവേക് വളരെ വൈകിയാണ് വന്നത്. നല്ലപോലെ മദ്യപിച്ചിരുന്നു. ജോലികൾ എല്ലാം കഴിച്ച് വിവേകിനെ കാത്ത് ബാൽക്കണിയിൽ ഇരുന്ന വീണ അല്പമൊന്ന് മയങ്ങി പോയി. കാർ വന്നത് അറിഞ്ഞില്ല. കോളിങ് ബെൽ അടിച്ചപ്പോഴാണ് വീണ ഉണർന്നത്. തിടുക്കത്തിൽ ചെന്ന് വാതിൽ തുറന്നു. പക്ഷെ വിവേകല്ല. വിവേകിൻ്റെ കൂടെ വർക്ക് ചെയ്യുന്ന ചെറുപ്പക്കാരൻ ആണ്. വിവേക് കാറിൻ്റെ പിൻസീറ്റിൽ കിടക്കുകയാണ് എന്ന് അയാൾ പറഞ്ഞു. മദ്യപിച്ച് ബോധം പോയതാണ്. വീണയും അയാളുംകൂടെ വിവേകിനെ കാറിൽനിന്ന് ഇറക്കി റൂമിൽ കൊണ്ട് കിടത്തി. വിവേകിനെ ഒന്ന് തട്ടിവിളിച്ച് അയാൾ യാത്ര പറയാൻ ശ്രമിച്ചു. പക്ഷെ വിവേക് സുബോധത്തിലല്ല. വീണയോട് യാത്ര പറഞ്ഞ് ആ മനുഷ്യൻ പുറപ്പെട്ടു. അയാളുടെ മുഖത്ത് നോക്കാൻ വീണക്ക് ഒരു ജാള്യത അനുഭവപ്പെട്ടു. കുടിച്ച് ബോധമില്ലാതെ കിടന്ന തൻ്റെ ഭർത്താവിനെ മറ്റൊരാൾ വീട്ടിൽ എത്തിക്കേണ്ട അവസ്ഥ. അയാളോട് ഒരു താങ്ക്സ് പോലും പറയാൻ കഴിയാതെ പോയതിൽ അവൾ പിന്നീട് ഖേദിച്ചു. വീണ വല്ലാതെ തളർന്നു പോയി. അവൾ ബെഡ്റൂമിലെ ടേബിളിനടുതുള്ള കസേരയിൽ വിവേകിനെ നോക്കി ഇരുന്നു. അറിയാതെ വിതുമ്പി പോയി. ടേബിളിൽ തല ചായ്ച്ച് ഇരുന്നു കരഞ്ഞു. എപ്പോഴോ മയങ്ങി പോയി. അടുക്കളയിൽ നിന്ന് എന്തോ ഭയങ്കരമായ ശബ്ദം കേട്ടാണ് വീണ ഉണർന്നത്. വീണ തിടുക്കത്തിൽ ചെന്നു. അടുക്കളയിൽ നിന്ന് ഒരു പൂച്ച ഇറങ്ങി ഓടി. വിവേക് ഉണ്ട് അടുക്കളയിൽ നിൽപ്. വീണ അമ്പരന്നു. ഭക്ഷണം അന്വേഷിച്ച് വന്നതായിരിക്കും എന്ന് അവൾ ഊഹിച്ചു. പൂച്ചയെ എറിഞ്ഞതാവണം ഒരു സ്റ്റീൽ പാത്രം നിലത്ത് കിടപ്പുണ്ട്. വീണയെ കണ്ടയുടൻ വിവേക് ഭക്ഷണം എടുക്കാൻ ആവശ്യപ്പെട്ടു. കറി എടുക്കാൻ പാനിലേക്ക് നോക്കുമ്പോൾ ആണ് കാണുന്നത്, അത് മുഴുവൻ ആ പൂച്ച തിന്ന് തീർത്തിരിക്കുന്നു. പാൻ മൂടിവയ്ക്കാൻ താൻ മറന്നുപോയി എന്ന് വീണക്ക് മനസ്സിലായി. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് വിവേക് അവളോട് ഭക്ഷണം എടുക്കാൻ പറഞ്ഞത്. "അത്.. വിവേകെട്ടാ.. ഞാൻ മറന്നുപോയി.." വീണയുടെ സ്വരം ഇടറി. അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. വിവേക് അവളുടെ മുഖത്ത് ആഞ്ഞടിച്ചു. വീണ ഒരു നിമിഷം സ്തബ്ദയായി നിന്നു. കണ്ണുനീർ ആ ചൂട് കവിളിലൂടെ ഒലിച്ചിറങ്ങി. വിവേക് മുറിയിലേക്ക് തിരിച്ച് പോയി. വാതിൽ സർവ്വശക്തിയോടും കൂടെ അടച്ചു. അന്ന് വീണ ഹാളിലെ സോഫയിൽ ആണ് ഉറങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിൽ ഇതുപോലെ പല സംഭവങ്ങളും ഉണ്ടായി.  ഇത്രയൊക്കെ സംഭവിച്ചിട്ടും വീണ ഇതൊന്നും തൻ്റെ വീട്ടുകാരെയോ വിവേകിൻ്റെ അച്ഛനമ്മമാരെയോ അറിയിച്ചില്ല. എല്ലാം നിശബ്ദമായി സഹിച്ചു.. ക്ഷമിച്ചു...

വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുൻപാണ് ഈ സംഭവവികാസങ്ങൾ എല്ലാം നടക്കുന്നത്. വീണയുടെ മനസ്സ് വല്ലാതെ തകർന്നു. ജോലിയിൽ ശ്രദ്ധിക്കാൻ വയ്യാതെ ആയി. ഉറക്കമില്ലാതെ ആയി. ജീവിതത്തിൽ സന്തോഷം അറിഞ്ഞ കാലം അവൾക്ക് ഏതോ വിദൂര സ്വപ്നം പോലെ തോന്നി. എന്തിനേറെ.. ഉള്ളുതുറന്നൊന്നു ചിരിച്ച കാലം അവളുടെ ഓർമ്മയിൽനിന്നുതന്നെ മാഞ്ഞിരിക്കുന്നു. ജീവിതം ഒരു സങ്കടക്കടലിന്റെ നടുക്ക് നിൽകുമ്പോൾ ആണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അത് വരുന്നത്. കൊറോണ.. ലോക്ക്ഡൌൺ.. പെട്ടെന്ന് ഒരു ദിവസം വീട്ടിൽ അടച്ചു പൂട്ടപ്പെടേണ്ടി വന്നു. കുറച്ചെങ്കിലും ഒരു സമാധാനം കിട്ടിയിരുന്നത് ജോലിക്ക് പോയിരുന്നപ്പോൾ ആണ്. അതും എടുത്തു കളയാൻമാത്രം എന്ത് അപരാധം ആണ് താൻ ചെയ്തതെന്ന് വീണ ഈശ്വരനോട് ചോദിച്ചുപോയി. സാധാരണ അവധി ദിവസങ്ങളിൽ വിവേക് വീട്ടിൽ ഇരിക്കാറില്ല. മിക്കവാറും ഫ്രണ്ട്സിന്റെ കൂടെയോ മറ്റെവിടെയെങ്കിലുമൊ ആയിരിക്കും. വീട്ടിലുണ്ടെങ്കിൽത്തന്നെ ഉറക്കമോ ടിവിയുടെ മുന്നിലോ ആയിരിക്കും. ഇതിപ്പോൾ പുറത്തുപോകാൻ പറ്റാത്ത അവസ്ഥ. ടിവി കാണുന്നതിനൊക്കെ ഒരു പരിധി ഉണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്തൊരു അവസ്ഥ. അത് വിവേകിനെ ആസ്വസ്ഥനാക്കി. ആ അസ്വസ്ഥത വിവേക് പ്രകടിപ്പിച്ചത് വീണയോടാണ്. എന്തിനും ഏതിനും അയാൾ വീണയോട് കയർത്തു. ദേഷ്യം കൂടുമ്പോൾ വീണയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വരെ അസഭ്യം പറയാൻ തുടങ്ങി. പക്ഷെ വീണയുടെ പ്രതികരണമില്ലായ്മ ഒരു പരിധി വരെ വിവേകിനെ അടക്കിനിർത്തി. വീണ പലപ്പോഴും ആലോചിക്കാറുണ്ട്, താൻ അനിയത്തിയെപ്പോലെ തന്റെടി ആയിരുന്നെങ്കിൽ പണ്ടേ വിവേകിനെ വല്ലതും പറഞ്ഞ് ഉപേക്ഷിച്ച് പോയേനെ. പക്ഷെ എത്രയായിട്ടും വീണക്ക് ആ മനുഷ്യനെ വെറുക്കാൻ സാധിക്കുന്നില്ല. സ്നേഹിക്കാൻ മാത്രം അയാൾ തനിക്ക് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പക്ഷെ തന്റെ കഴുത്തിൽ കിടക്കുന്ന താലി, അതിൽ വീണ വിശ്വസിച്ചിരുന്നു. എല്ലാം വിധി ആയിക്കണ്ട് സമാധാനിക്കുക എന്ന വഴിയാണ് വീണ തിരഞ്ഞെടുത്തത്. വിധി ആണെന്ന് വിശ്വസിക്കാം. പക്ഷെ സമാധാനം മാത്രം കിട്ടിയിരുന്നില്ല. ലോക്ക്ഡൗണിന്റെ ആദ്യത്തെ കുറച്ച് ദിവസങ്ങൾക്കൊണ്ട് തന്നെ വിവേകിൽ ഭ്രാന്തമായ അസ്വസ്ഥത വീണ കണ്ടു. വിവേകിനോടൊന്ന് സംസാരിക്കണമെന്ന് അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് ഉറക്കത്തിൽ വിവേക് പറഞ്ഞ അച്ചു ആരാണെന്നു ചോദിക്കണമെന്നുണ്ട്. ഒരു ഭാര്യയുടെ അവകാശം ആണത്. പക്ഷെ ധൈര്യമില്ലായിരുന്നു. തന്നെ ഒരു ഭാര്യ എന്നതിലുപരി ഒരു വീട്ടുജോലിക്കാരിയായി മാത്രം കാണുന്ന ഒരാളിൽനിന്ന് വീണ ഇതിൽകൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്.

ഓരോ ദിവസം കഴിയുംതോറും വിവേക് കൂടുതൽ ആസ്വസ്ഥനായി തുടങ്ങി. വീട്ടിൽ അടച്ചുപൂട്ടപ്പെട്ടതിന്റെ അസ്വസ്ഥത... ഒന്നും ചെയ്യാനില്ലാത്തതിന്റെ അസ്വസ്ഥത.. എല്ലാത്തിനും ഉപരി മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥത. ഒരു തുള്ളി മദ്യത്തിനുവേണ്ടി വിവേക് വല്ലാതെ കൊതിച്ചു. മദ്യം ഒരു ഒളിച്ചോട്ടമാണ്. യാഥാർഥ്യത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം. അതിൽ അഭയം കണ്ടെത്തിയവന് അത് ഇല്ലാതിരിക്കുക വളരെ ബുദ്ധിമുട്ടാണ്. ലോക്ക്ഡൗണിലെ ഒരു ദിവസം.. വീണ പതിവുപോലെ അതിരാവിലെ എണീറ്റ് വീട്ടിലെ ജോലികൾ തുടങ്ങി. പത്ത് മണിയായിട്ടും വിവേക് ഉറക്കം ഉണർന്നിട്ടില്ല. എത്ര വൈകി കിടന്നാലും ഏഴു മണി എന്നൊരു സമയം ഉണ്ടെങ്കിൽ വിവേക് ഉണർന്നിരിക്കും. ഇതെന്തു സംഭവിച്ചു എന്നറിയാൻ വീണ റൂമിൽ ചെന്ന് നോക്കി. നല്ല ഉറക്കമാണ്. അവൾ അടുത്ത് ചെന്ന് വിവേകിന്റെ അരികിൽ ഇരുന്നു. ഫാൻ ഓൺ ആണ്. എങ്കിലും വിവേക് നന്നായി വിയർക്കുന്നുണ്ട്. പനി ഉണ്ടോ എന്നറിയാൻ അവൾ നെറ്റിയിൽ തൊട്ടുനോക്കി. പനിക്കുന്നില്ല. പിന്നെ എന്താണാവോ ഇങ്ങനെ വിയർക്കാൻ. ധൈര്യം  നന്നേ കുറവായിരുന്നെങ്കിലും അവൾ വിവേകിനെ വിളിച്ചുണർത്തുവാൻ ശ്രമിച്ചു. ഇല്ല.. ഉണരുന്നില്ല.. വീണ്ടും ധൈര്യം സംഭരിച്ച് വിവേകിനെ തോളിൽ മെല്ലെ തട്ടി. വിവേകേട്ടാ.. അയാൾ ഞെട്ടിയുണർന്നു. എന്തോ കണ്ട് പേടിച്ചതുപോലെ വല്ലാതെ കിതച്ചു. നടുക്കത്തിൽ വീണ കട്ടിലിൽ നിന്നെഴുന്നേറ്റ് അല്പം മാറി നിന്നു. വിവേക് സ്ഥലകാല ബോധം ഇല്ലാത്തവനെപ്പോലെ ചുറ്റും നോക്കി. അൽപനേരം അങ്ങനെ ഇരുന്നു. പിന്നെ ദീർഘമായി പതിയെ ശ്വാസം എടുത്തു. നെഞ്ചിൽ എന്തോ തങ്ങി  നിൽക്കുന്നതുപോലെ വിവേകിനു തോന്നി. അയാൾ നെഞ്ച് തടവി. എന്തോ ഒരു വിമ്മിഷ്ടം. "കുറച്ചു വെള്ളം.." എന്ന് പറയാൻ നാവെടുത്തതും വിവേക് ഛർദിച്ചു. വീണക്ക് അപ്പോൾ പെട്ടെന്ന് എന്തുചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥയിൽ ആയിപ്പോയി. അവൾ പതിയെ അടുത്ത് ചെന്ന് വിവേകിന്റെ പുറം തടവി. അയാൾ വീണ്ടും വീണ്ടും ഛർദിച്ചു. വീണ അയാളെ താങ്ങി, പുറം തടവിക്കൊണ്ടിരുന്നു. "അതെ..നമുക്ക് ഹോസ്പിറ്റലിൽ പോകാം.." അവൾ പറഞ്ഞു. വിവേക് അത് വകവയ്ക്കാതെ എണീറ്റ് പോയി മുഖം കഴുകി. "അതെങ്ങനാ.. കൊള്ളാവുന്നത് വല്ലതും വേണ്ടേ കഴിക്കാൻ തരാൻ.. കണ്ട പൂച്ചേം പട്ടീം തിന്നേന്റെ ബാക്കി തിന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും. എന്നിട്ട് ഹോസ്പിറ്റലിൽ പോകാം പോലും.. അവിടുത്തെ ബില്ല് നിന്റെ അച്ഛൻ വന്ന് അടക്ക്യോ.." വിവേക് കയർത്തു. വീണ ഒന്നും മിണ്ടാതെ റൂം വൃത്തി ആക്കാൻ തുടങ്ങി. വിവേകിനു ശരീരം ആകെ ഒരു തളർച്ച അനുഭവപ്പെട്ടു. അയാൾ സോഫയിൽ ചെന്ന് ഇരുന്നു. തല ചായ്ച്ചു കിടന്നു. ഒന്ന് മയങ്ങി പോയി. പെട്ടെന്ന് ആരോ പിന്നാലെ വന്ന് തന്റെ കഴുത്തിൽ പിടിക്കുന്നത് പോലെ വിവേകിന് തോന്നി. അയാൾ ഞെട്ടിയേണീറ്റു. ചുറ്റും നോക്കി. ആരുമില്ല. തലക്ക് വല്ലാത്ത കനം പോലെ.. നല്ല തലവേദന. അയാൾ മുറിയിൽ ചെന്ന് ടേബിളിന്റെ ഡ്രോയറിൽ നിന്ന് ഒരു പാരസെറ്റമോൾ എടുത്തു. വെള്ളം അന്വേഷിച്ച് ഹാളിൽ വന്നു. ഡൈനിങ് ടേബിളിൽ ഒരു ജഗ്ഗിൽ വെള്ളം ഇരിപ്പുണ്ട്. അതെടുത്ത് ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോഴാണ് അയാൾ ശ്രദ്ധിക്കുന്നത്.. കൈ വിറക്കുന്നു. എത്ര ശ്രമിച്ചിട്ടും വിറയൽ ഇല്ലാതെ ഗ്ലാസ്‌ പിടിക്കാൻ കഴിയുന്നില്ല. എങ്ങനെയൊക്കെയോ മരുന്ന് കഴിച്ച് അയാൾ വീണ്ടും സോഫയിൽ വന്നിരുന്നു. കൈയിലേക്ക് നോക്കി. വിറയലാണ്. എന്താണ് സംഭവിക്കുന്നതെന്ന് വിവേകിന് ഒരെത്തും പിടികിട്ടുന്നില്ല. തല വേദന വല്ലാതെ അയാളെ ആസ്വസ്ഥനാക്കി. അയാൾ വീണ്ടും സോഫയിൽ തല ചായ്ച്ചു കിടന്നു. മയങ്ങി. എത്ര നേരം അങ്ങനെ കിടന്നുവെന്ന് അയാൾക്ക് അറിയില്ല. എപ്പോഴോ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. താൻ എവിടെയാണ് എന്ന് ബോധം വരാൻ അല്പം സമയം എടുത്തു. വീണ്ടും നല്ല തലവേദന. ദാഹിക്കുന്നുണ്ട്. അയാൾ വെള്ളം എടുക്കാൻ പതിയെ എണീറ്റു.  കാൽ നിലത്ത് ഉറയ്ക്കുന്നില്ല. ഭൂമി ഒന്നാകെ ചുറ്റിക്കറങ്ങുന്നപോലെ... കാൽ ചവിട്ടി നിൽക്കുന്ന നിലം തന്റെ നേരെ ഉയർന്നുവരുന്നതുപോലെ.. അയാൾ കുഴഞ്ഞുവീണു.

വീണ അടുക്കളയിൽ ആയിരുന്നു. എന്തോ വലിയ ശബ്ദം.. അവൾ നടുക്കത്തോടെ ഓടിവന്നു. ഹാളിൽ ബോധംകെട്ട് കിടക്കുന്ന വിവേകിനെയാണ് കണ്ടത്. വീണയുടെ ശരീരമാകെ ഒരു വിറയൽ. "വിവേകേട്ടാ.." എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അവൾ ഓടി അയാളുടെ അരികിൽ എത്തി. തോളിൽ കുലുക്കി വിളിച്ചു. ഉണരുന്നില്ല. വീണ ഓടിച്ചെന്ന് വെള്ളം എടുത്തു. വിവേകിന്റെ മുഖത്ത് തളിച്ചു. അനക്കമില്ല.. വീണ ഭയന്നുവിറച്ചു. തിടുക്കത്തിൽ ഫോൺ എടുത്തു. തൊട്ടടുത്ത വീട്ടുകാരെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ വന്നു. ഒരു ചെറുപ്പക്കാരനും അയാളുടെ അച്ഛനുമാണ്. പരിചയക്കാർ ആണ്. അവർ വന്ന് വിവേകിനെ എടുത്തു. വീണയോട് കാറിന്റെ താക്കോൽ എടുക്കാൻ ആവശ്യപ്പെട്ടു. അവർ വിവേകിനെ എടുത്ത് കാറിന്റെ അടുത്ത് കൊണ്ടുവന്നു. വീണയോട് ഡോർ തുറന്ന് പിൻസീറ്റിൽ കയറി ഇരിക്കാൻ പറഞ്ഞു. വിവേകിനെ വീണയുടെ മടിയിൽ തല വയ്ച്ചു കിടത്തി. ലോക്ക്ഡൌൺ  ആണ്. റോഡിൽ മറ്റു വണ്ടികൾ ഒന്നുംതന്നെ ഇല്ല. കാർ അതിവേഗം നീങ്ങി. വിതുമ്പിക്കൊണ്ട് വീണ വിവേകിനെ മുറുകെപ്പിടിച്ചു. ഹോസ്പിറ്റൽ എത്തി. വിവേകിനെ ആദ്യം ക്യാഷ്വാലിറ്റിയിലും പിന്നീട് ഐ.സി.യു യിലും പ്രവേശിപ്പിച്ചു. വീണ വിവരം അറിയിച്ചതനുസരിച്ച് വിവേകിന്റെ അച്ഛനും അമ്മയും വന്നു. അവർ വന്നപ്പോൾ ഐ.സി.യു ന്റെ മുന്നിൽ മുഖം പൊത്തിയിരുന്നു കരയുന്ന വീണയെ ആണ് കണ്ടത്. വിവേകിന്റെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് വീണയെ കെട്ടിപ്പിടിച്ചു. അച്ഛൻ ഐ.സി.യു വിൽ നിന്ന് പുറത്ത് വന്ന ഒരു നഴ്സിനോട് കാര്യം തിരക്കി. ഡോക്ടർ ഇപ്പോൾ വരുമെന്ന് അവർ പറഞ്ഞു.  അൽപ സമയം കഴിഞ്ഞ് ഡോക്ടർ വന്നു. അച്ഛൻ തിടുക്കത്തിൽ എണീറ്റ് ഡോക്ടറോട് വിവരം തിരക്കി. ഡോക്ടർ അവരെ അയാളുടെ റൂമിലേക്ക് ക്ഷണിച്ചു. ഡോക്ടറുടെ ടേബിളിന് മുന്നിലായി അവർ മൂന്നുപേരും ഇരുന്നു. ഡോക്ടർ സംസാരിച്ചു തുടങ്ങി. "പേടിക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല.. വിവേക് നന്നായി മദ്യപിക്കുമായിരുന്നു അല്ലെ..?". ഉത്തരം പറഞ്ഞത് വിവേകിന്റെ അമ്മയാണ്. അവർ മൂളി. വീണ അവരെ ഒന്ന് നോക്കി. ഡോക്ടർ തുടർന്നു..."ലോക്ക്ഡൌൺ തുടങ്ങിയതിൽപ്പിന്നെ മദ്യം കിട്ടിക്കാണില്ല അല്ലെ..?. ഈ ആഴ്ചയിൽ ഇത് മൂന്നാമത്തെ കേസ് ആണ്. സ്ഥിരമായി മദ്യപിച്ചിട്ട് പെട്ടെന്ന് ഒരു ദിവസം അത് കിട്ടാതെ വരുമ്പോൾ ഉള്ള ഒരവസ്ഥയാണിത്. ഞങ്ങളുടെ ഭാഷയിൽ Alcohol Withdrawal എന്ന് പറയും. ചിലർക്ക് ഇത് ചെറിയ വിറയലിലും തലച്ചുറ്റലിലും അവസാനിക്കും. ചിലർക്ക് ബ്ലഡ്‌ പ്രഷർ കൂടാൻ നല്ല സാധ്യത ഉണ്ട്. വിവേകിനിപ്പോൾ സംഭവിച്ചിരിക്കുന്നത് അതാണ്‌. ബിപി കൂടി. ഒരു മൈൽഡ് അറ്റാക്ക് എന്നുവേണമെങ്കിൽ പറയാം. പക്ഷെ പരിഭ്രമിക്കാൻ ഒന്നുമില്ല. ഞങ്ങൾ വേണ്ടത് ചെയ്യുന്നുണ്ട്. കൃത്യ സമയത്ത് എത്തിച്ചതുകൊണ്ട് അപകടം ഒന്നുമില്ല..". അവർ ആ റൂമിൽ നിന്ന് പുറത്തിറങ്ങി. ഐ.സി.യു ലേക്ക് നടക്കുമ്പോൾ വീണയുടെ മനസ്സിൽ ആകെ ചിന്തകൾ ആയിരുന്നു. വിവേക് നന്നായി മദ്യപിക്കുമെന്ന് അമ്മക്ക് അറിയാമായിരുന്നു. എന്നിട്ടും വിവാഹത്തിന് മുൻപ് അവരിത് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. അമ്മയോട് ചോദിക്കണമെന്നുണ്ട്. പക്ഷെ ഈ അവസ്ഥയിൽ എങ്ങനാ.. അവർ ഐ.സി.യു വിന്റെ മുന്നിൽ വന്നിരുന്നു. അപ്പോൾ ഒരു നേഴ്സ് വന്ന് എന്തോ വാങ്ങി വരാൻ ആവശ്യപ്പെട്ടു. അച്ഛനാണ് പോയത്. ഇരുൾവീണ ആ വരാന്തയിൽ ആ അമ്മയും മരുമകളും നിശബ്ദരായി ഇരുന്നു. വീണയ്ക്ക് മനസ്സിൽ ആയിരം ചോദ്യങ്ങൾ വന്നു. പക്ഷെ ഒന്നും പുറത്തു വന്നില്ല. അവൾ പിന്നിലേക്ക് തല ചായ്ച്ചു.. കണ്ണടച്ചു.. തന്റെ ഭർത്താവിനെ ഓർത്തു. കാറിൽ ഹോസ്പിറ്റലിലേക്ക് വന്നത് അവൾ വീണ്ടും മനസ്സിൽ കണ്ടു. വിവേക് തന്റെ മടിയിൽ തല ചായ്ച്ചു കിടക്കുന്നു. വിവേകിന്റെ മുഖത്ത് മുഖമമർത്തി താൻ വിതുമ്പി കരയുന്നു. വെറുക്കാൻ ആയിരം കാരണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടോ ആ മനുഷ്യനെ സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. അപ്രതീക്ഷിതമായി അമ്മ വീണയുടെ കൈ പിടിച്ചു. അവൾ കലങ്ങിയ കണ്ണുകളോടെ അമ്മയെ നോക്കി. "മോളെ.. ഞാൻ നിന്നെ ചതിക്കുകയായിരുന്നു  എന്ന് നിനക്ക് തോന്നുണ്ടോ.. ഒരു മദ്യപാനിയെ നിന്റെ തലയിൽ കെട്ടിവെച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ..?". അമ്മയുടെ ചോദ്യം വീണയെ അമ്പരപ്പിച്ചു. താൻ ചോദിക്കാൻ ആഗ്രഹിച്ച കാര്യം. വീണ ഇല്ല എന്ന മട്ടിൽ തലയാട്ടി. "വിവേക് മോളോട് ഒരടുപ്പവും കാണിക്കുന്നില്ല എന്നെനിക്കറിയാം.. മോൾ എന്നെങ്കിലും ഒരിക്കൽ അതിന്റെ കാരണം തിരക്കുമെന്ന് അമ്മ പ്രതീക്ഷിച്ചു. ഒരു പൊട്ടിത്തെറി ഞാൻ ഭയന്നിരുന്നു. പക്ഷെ... മോൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുൻപേ പറയേണ്ടതായിരുന്നു. പക്ഷെ കഴിഞ്ഞില്ല. എന്റെ സ്വാർത്ഥതയായി വേണമെങ്കിൽ മോൾക്കതിനെ കാണാം. വിവേകിന് ഒരു പ്രണയം ഉണ്ടായിരുന്നു. അശ്വതി. അവന്റെ അച്ചു..". അച്ചു.. വീണക്ക് ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങളുടെയും ചുരുൾ അഴിയുകയായിരുന്നു. "വളരെ കാലം ആ പ്രണയം നീണ്ടുനിന്നു. പക്ഷെ ഞങ്ങൾ ഇതറിയുന്നത് ആ കുട്ടിയുടെ വിവാഹത്തിന്റെ അന്നാണ്. അവർക്കിടയിൽ എന്ത് സംഭവിച്ചു എന്നറിയില്ല. പക്ഷെ അവൾ മറ്റൊരാളെ വിവാഹം കഴിച്ചു. അന്നാണ് വിവേക് ആദ്യമായി മദ്യപിച്ച് വരുന്നത്. പിന്നീട് അതൊരു പതിവായി. അച്ഛനും ഞാനും എത്ര പറഞ്ഞിട്ടും അവൻ കേൾക്കാതെ ആയി. അവൻ ഇങ്ങനെ കുടിച്ച് നശിക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് ആവുമായിരുന്നില്ല. ഒടുവിൽ ഞാൻ കണ്ടുപിടിച്ച വഴി ആയിരുന്നു വിവാഹം. മറ്റൊരാളുടെ സ്നേഹം കിട്ടുമ്പോൾ എങ്കിലും അവൻ ആ കുട്ടിയെ മറക്കുമെന്ന് ഞാൻ കരുതി. വിവാഹത്തിന് അവനെ സമ്മതിപ്പിക്കാൻ ഞാനും അച്ഛനും വല്ലാതെ കഷ്ട്ടപ്പെട്ടു. ഇഷ്ടം കൊണ്ട് ഒന്നുമല്ല അവൻ ഈ വിവാഹത്തിന് സമ്മതിച്ചത്. എന്റെ നിർബന്ധം മൂലം ആണ്. ഞാൻ അവന്റെ അമ്മ ആയതുകൊണ്ട് പറയുകയല്ല.. വിവേക് നല്ലൊരു മനുഷ്യനാണ്. പക്ഷെ അവന്റെ മനസ്സിൽ കിടന്നു പുകയുന്നത് അണക്കാൻ കഴിയാത്തതുകൊണ്ടാണ് അവൻ ഇങ്ങനെ ആയത്. ഞാൻ അവനെ ന്യായീകരിക്കുകയല്ല. മോൾ അവനെ വെറുക്കരുത്. എന്നെങ്കിലും ഒരിക്കൽ അവൻ മോളെ സ്നേഹിക്കുമെന്ന് എനിക്കുറപ്പാണ്". അമ്മയുടെ കണ്ണുകൾ നിറയുന്നത് വീണ കണ്ടു. അവൾ അമ്മയുടെ കൈ മുറുകെപ്പിടിച്ചു..

വിവേക് രണ്ടു ദിവസം ഐ.സി.യു വിൽ കിടന്നു. രണ്ടാം ദിവസം റൂമിലേക്ക് മാറ്റി. കോറോണയുടെ പ്രശ്നം ഉള്ളതുകൊണ്ട് ഒരാൾക്ക് മാത്രമേ രോഗിയുടെ ഒപ്പം നിൽക്കാൻ സാധിക്കുമായിരുന്നുള്ളു. വീണ നിർബന്ധം പിടിച്ച് അച്ഛനെയും അമ്മയെയും പറഞ്ഞയച്ചു. വിവേകിന് ബോധം തെളിഞ്ഞിരുന്നുന്നു. പക്ഷെ വീണയോട് എന്തെങ്കിലും സംസാരിക്കാൻ അയാൾ മുതിർന്നില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന്  ഡോക്ടർ പറഞ്ഞ് അയാൾ അറിഞ്ഞിരുന്നു.  ഒരു ദിവസംകൂടി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു. ഡിസ്ചാർജിന്റെ ദിവസം ഡോക്ടർ വീണയെ തനിച്ചു കണ്ടു. ഡോക്ടർ പറഞ്ഞു "ഈ മദ്യത്തിന്റെ ആസക്തി അത്രവേഗം വിട്ടുപോകില്ല. ഇനി കുടിച്ചാൽ സംഗതി കുഴപ്പമാകും എന്ന് ഞാൻ വിവേകിനെ പറഞ്ഞ്  മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും മനസ്സുകൊണ്ട് അതുപേക്ഷിക്കുക അത്ര എളുപ്പമല്ല. വിവേകിന് ഇനിയുള്ള ദിവസങ്ങളിൽ നല്ല വിശ്രമവും പരിചരണയും ആവശ്യമുണ്ട്. നല്ല ഭക്ഷണം കൊടുക്കുക.. നന്നായി വെള്ളം കുടിക്കാൻ പറയുക.. അധികം ആരോടും സന്ദർശിക്കാൻ വരരുത് എന്ന് പറയുക.. ഒരു നല്ല positive and supportive atmosphere കൊടുക്കുക. എല്ലാം ശെരിയാകും..".

വീട്ടിലെത്തി രണ്ടു മൂന്നു ദിവസം വിവേക് കിടപ്പുതന്നെ ആയിരുന്നു. വീണ വിവേകിന്റെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ പുലർത്തി. കൂടുതൽ നേരവും വിവേകിനെ ചുറ്റിപ്പറ്റി നിന്നു. പക്ഷെ ഡോക്ടർ പറഞ്ഞതുപോലെ ഒരു positive atmosphere എങ്ങനെ ഉണ്ടാക്കും എന്ന് മാത്രം വീണക്ക് അറിയില്ലായിരുന്നു. അതിന് ആദ്യം വിവേകിനോട് ഒന്ന് സംസാരിക്കണം. ധൈര്യമില്ല.. ഒരു തുടക്കവും കിട്ടുന്നില്ല. എങ്കിലും അയാളെ സ്നേഹിക്കുന്നതിൽ നിന്ന് അവൾ ഒരിക്കലും പിന്മാറിയില്ല. വിവേക് നിർവികാരനായി കിടന്നു. പലപ്പോഴും ഉറക്കം തന്നെ ആയിരുന്നു. രാത്രി വിവേക് ഉറങ്ങുമ്പോൾ വീണ വിവേകിന്റെ അരികിൽ വന്നിരിക്കും. ആ സംഭവം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് അപകടം ഒഴിവായി എന്ന് ഡോക്ടർ പറഞ്ഞത് വീണയുടെ മനസ്സിൽ തങ്ങി നിന്നു. വിവേക് കുഴഞ്ഞുവീണത് എങ്ങാനും താൻ അറിഞ്ഞില്ലായിരുന്നെങ്കിലോ... വീണക്ക് ആലോചിക്കാൻ കൂടി വയ്യ. അതുകൊണ്ട് വീണ എപ്പോഴും ഒരു കണ്ണ് വിവേകിന്റെ മേലെ വച്ചിരുന്നു. ഒരു രാത്രി വിവേക് ഉറങ്ങുകയായിരുന്നു. വീണ അരികിൽ വിവേകിനെ നോക്കി കുറേ നേരം ഇരുന്നു. ഇടക്ക് എപ്പോഴോ മയങ്ങി പോയി. വിവേക് പതിവുപോലെ എന്തോ ദുഃസ്വപ്നം കണ്ടു. അലറിവിളിച്ചുകൊണ്ടാണ് സ്വപ്നത്തിൽ നിന്ന് ഉണർന്നത്. പക്ഷെ ശബ്ദം പുറത്തുവന്നില്ല. കിടന്നുകൊണ്ട് തന്നെ വിവേക് ശക്തമായി കിതച്ചു. പിന്നെ പതിയെ ശാന്തനായി. സമാധാനം ആയി ഒന്നുറങ്ങാൻ കഴിഞ്ഞിട്ട് നാളുകൾ ആയി. എന്നും ഓരോരോ ദുഃസ്വപ്നങ്ങൾ ആയി അവൾ ഇപ്പോഴും തന്റെ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അയാൾ തന്റെ അരികിൽ കിടക്കുന്ന വീണയെ ഒന്ന് നോക്കി. അവൾ തന്റെ കൈ പിടിച്ച് ഉറങ്ങുകയാണ്. പെട്ടെന്ന് ആ കൈ മാറ്റാനാണ് അയാൾക്ക് തോന്നിയത്. പക്ഷെ എന്തോ അയാൾ അങ്ങനെ ചെയ്തില്ല. കുറച്ചു നേരം വീണയുടെ മുഖത്ത് നോക്കി കിടന്നു. അയാൾ ആദ്യമായി വീണയെക്കുറിച്ച് ഒന്ന് ചിന്തിച്ചു. തന്റെ ഭാര്യ ആകാൻ വിധിക്കപ്പെട്ടവൾ. അവൾ ഈ വീട്ടിൽ എങ്ങനെ ജീവിക്കുന്നു എന്ന് താൻ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ വീണ അയാളെ സ്നേഹിച്ചിരുന്നു എന്ന് അയാൾക്ക് അറിയാമായിരുന്നു. താൻ ഒന്ന് തിരിഞ്ഞ്നോക്കുക പോലും ചെയ്യാതിരിന്നിട്ടും നിഷ്കളങ്കമായ ആ സ്നേഹത്തിന്റെ ആഴം അയാളെ വീർപ്പുമുട്ടിച്ചു. വിവാഹം കഴിഞ്ഞ് ഇന്നുവരെ വീണയെ ഒന്ന് സ്നേഹത്തോടെ താൻ നോക്കിയിട്ടില്ല. ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല. എങ്കിലും വീണ ഇതുവരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. പരിഭവം പറഞ്ഞിട്ടില്ല. ഒടുവിൽ ഈ വയ്യാത്ത അവസ്ഥയിലും അവൾ തന്നെ പരിചരിക്കുന്നതിൽ നിന്ന് പിന്മാറിയിട്ടില്ല. താൻ എത്ര കണ്ട് വെറുപ്പ് നൽകിയിട്ടും ഇവൾക്ക് എങ്ങനെ ഇത്ര സ്നേഹിക്കാൻ കഴിയുന്നു. ഇത്രയധികം സ്നേഹിക്കാൻ എന്ത് പുണ്യമാണ് താൻ ചെയ്തതെന്ന് വിവേക് ഈശ്വരനോട് ചോദിച്ചു പോയി. കുറ്റബോധം വിവേകിന്റെ ഹൃദയത്തെ കുത്തിനോവിച്ചു. തന്റെ സ്വാർത്ഥത ഓർത്ത് വിവേകിനു തന്നോട് തന്നെ പുച്ഛം തോന്നി. തന്നെ വിട്ടുപോയ ഒരു പ്രണയത്തിന്റെ പേരിൽ ഇത്ര ആത്മാർഥമായ ഒരു സ്നേഹം കണ്ടില്ലെന്ന് നടിച്ചതിന് ആവണം ഈശ്വരൻ തനിക്ക് ഈ ശിക്ഷ തന്നത് എന്ന് വിവേകിന്റെ മനസ്സ് പറഞ്ഞു.

പിറ്റേന്ന് വിവേക് ഉണരുമ്പോൾ വീണ അടുത്തില്ല. നേരത്തെ തന്നെ എണീറ്റ് ജോലികൾ തീർക്കുന്നുണ്ടാവണം. അല്പം കഴിഞ്ഞ് വീണ വാതിൽക്കൽ വന്നൊന്നു നോക്കിയിട്ട് പോകുന്നത് കണ്ടു. വിവേക് കട്ടിലിൽ ഉണർന്ന് കിടക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് വീണ കാപ്പിയുമായി വന്നു. വിവേക് വീണയെ ഒന്ന് നോക്കി. ഒന്ന് ചിരിച്ചിരുന്നെങ്കിൽ.. അത്ര സുന്ദരമായിരുന്നു വീണയുടെ മുഖം. പക്ഷെ ചിരിക്കില്ല. ആ മുഖത്തെ ചിരി എടുത്തു കളഞ്ഞത് താനാണ്. ഇത്ര നീചനാണോ വിവേക്.. അയാൾ സ്വയം ചോദിച്ചു. വീണ കാപ്പി ടേബിളിൽ വെച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വിവേക് വീണയുടെ കൈ പിടിച്ചു. വീണ അമ്പരപ്പോടെ തിരിഞ്ഞുനോക്കി. "എന്തേ..?" അവൾ ചോദിച്ചു. "നീ ഒന്ന് ഇവിടെ ഇരിക്കുമോ..". ഒന്നും മനസ്സിലാക്കാതെ വീണ അയാളുടെ അരികിൽ ഇരുന്നു. "ഇയാൾക്ക് എന്നോട് വെറുപ്പാണോ..?". വീണയുടെ ചങ്കിടിപ്പ് കൂടി. വിവേക് എന്താണ് ഇപ്പോൾ ഇങ്ങനെ ഒക്കെ ചോദിക്കാൻ. "ഒരിക്കലുമില്ല വിവേകേട്ടാ..എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റില്ല..". അവൾ ശാന്തമായി മറുപടി പറഞ്ഞു. "ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും വെറുപ്പ് നൽകിയിട്ടും നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നു..". അപ്രതീക്ഷിതമായി വിവേകിന്റെ നാവിൽ നിന്ന് ആ ചോദ്യം കേട്ട് വീണയ്ക്ക് എന്താണ് പറയേണ്ടത് എന്ന് പിടികിട്ടാതെ ആയി. അവൾ ഒരു നിമിഷം അയാളുടെ മുഖത്ത് നോക്കി. എന്നിട്ട് കഴുത്തിൽ കിടക്കുന്ന താലി എടുത്ത് ചുംബിച്ചു. വിവേകിന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടു. താൻ സ്വപ്നം കണ്ട വിവേകിനെ തനിക്ക് തിരിച്ചു കിട്ടാൻ പോവുന്നു എന്ന് വീണയുടെ മനസ്സിൽ ഒരു തോന്നൽ. ആ തോന്നൽ സന്തോഷംകൊണ്ട് വീണയുടെയും കണ്ണ് നിറച്ചു. അവൾ വിവേകിന്റെ കൈ മുറുകെ പിടിച്ചു. വിവേകിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണക്ക് അത് കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല. അവൾ അയാളുടെ നെഞ്ചിലേക്ക് കിടന്നു. അയാൾ അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു. വീണ കണ്ണുകൾ അടച്ചു. നടക്കുന്നതെല്ലാം സ്വപ്നമാണോ എന്ന് വീണക്ക് തോന്നി പോയി. അത്ര സന്തോഷവതി ആയിരുന്നു അവൾ. നെഞ്ചിൽ കിടന്ന് വീണ വിവേകിന്റെ മുഖത്തേക്ക് നോക്കി. തന്റെ ഭാര്യയുടെ ചുണ്ടിൽ ആദ്യമായി പുഞ്ചിരി വിടരുന്നത് അയാൾ കണ്ടു. ആ പുഞ്ചിരിയുടെ മധുരം അയാൾ ആദ്യമായി നുകർന്നു. വീണ അയാളുടെ നെഞ്ചിൽ അൽപനേരം കണ്ണുകൾ അടച്ചു കിടന്നു. അയാളുടെ നെഞ്ചിടിപ്പ് അവൾ അറിഞ്ഞു. ഇപ്പോൾ തനിക്കുവേണ്ടി ആണ് ആ ഹൃദയമിടിപ്പ് എന്ന് അവൾക്ക് തോന്നി. അവൾ കണ്ണ് തുടച്ചുകൊണ്ട് എണീറ്റു. "വിവേകേട്ടൻ കാപ്പി കുടിക്ക്.. ഞാൻ അടുക്കളയിൽ പോട്ടെ.." വീണ എണീറ്റു. "പോവല്ലേ പെണ്ണെ.. നീ കുറച്ചുനേരം ഇവിടെ ഇരിക്കുന്നേ..". വിവേകിന്റെ സ്നേഹത്തോടെയുള്ള ഓരോ വാക്കും വീണയുടെ ഹൃദയത്തെയാണ് സ്പർശിച്ചത്. അവൾ അവിടെ ഇരുന്നു. വിവേക് അല്പം സീരിയസ് ആയി എന്തോ പറയാൻ തുടങ്ങി. "വീണേ.. എനിക്ക് നിന്നോട് ഒരു പഴയ കഥ പറയാൻ ഉണ്ട്.." ഇത്ര പറഞ്ഞപ്പോഴേക്കും വീണ വിവേകിന്റെ ചുണ്ടിൽ വിരൽ വെച്ചു. "വിവേകേട്ടൻ ഒന്നും പറയണ്ട.. എല്ലാം എനിക്കറിയാം.. വിവേകേട്ടൻ അതെല്ലാം പതിയെ മറന്നാൽ മതി. എന്നിട്ട് എന്റെ മാത്രം ആയാൽ മതി.." വിവേക് അമ്പരന്നു. തന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞിട്ടുവരെ ഇവൾ തന്നെ ഇത്രയാധികം സ്നേഹിക്കുന്നു. വിവേകിൽ കുറ്റബോധം അലയടിച്ചു. സ്വയം വല്ലാതെ വെറുപ്പ് തോന്നി. "വീണേ നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ..?". "എന്താ വിവേകേട്ടാ ഇത്.. എനിക്ക് വിവേകേട്ടനോട് സ്നേഹം മാത്രമേ ഉള്ളു...". അവൾ അയാളുടെ കവിളിൽ ചുംബിച്ചു. അവളുടെ ചിരിയിലെ കുസൃതി വിവേകിന്റെ ഹൃദയത്തെ സന്തോഷംകൊണ്ട് വീർപ്പുമുട്ടിച്ചു. അയാൾ പതിയെ എണീക്കാൻ ശ്രമിച്ചു.. "വേണ്ട വിവേകേട്ടാ.. കിടന്നോളു...". പെട്ടെന്ന് വിവേകിന്റെ മുഖം മാറി. "പിന്നെ കാപ്പി നിന്റെ അച്ഛൻ വന്നു കുടിക്യോ.." അയാൾ ദേഷ്യത്തോടെ ചോദിച്ചു. പെട്ടെന്ന് വീണയുടെ മുഖത്തെ ചിരി മാഞ്ഞു. "ഈശ്വരാ താൻ ഈ കണ്ടതെല്ലാം സ്വപ്നമായിരുന്നോ.. " അവൾ സ്വയം ചോദിച്ചു. വിവേകിന് അധിക നേരം പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നില്ല. അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ആണ് വീണയുടെ ശ്വാസം നേരെ വീണത്. വിവേക് തന്നെ പറ്റിച്ചതാണ്. "പോടാ വിവേകേട്ടാ.." വിവേകിന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തിട്ട് ഒരു കള്ളച്ചിരിയോടെ അവൾ അടുക്കളയിലേക്ക് പോയി. വിവേക് കട്ടിലിൽ ചാരി ഇരുന്നു. കണ്ണുകൾ അടച്ചു. ദീർഘമായി ഒന്ന് നിശ്വസിച്ചു. നെഞ്ചിൽനിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ. അയാൾ ടേബിളിൽ നിന്ന് കപ്പ്‌ എടുത്ത് കാപ്പി നുണഞ്ഞു. നല്ല മധുരം. വിവേക് ഒന്ന് പുഞ്ചിരിച്ചു. ജീവിതത്തിൽ മധുരം നിറഞ്ഞതിന്റെ പുഞ്ചിരി ആയിരുന്നു അത്...



©ഒരു വിശ്വാസി 



Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട