ഒരു ചായക്കഥ

 ഡാ..ഒരു ചായ കുടിച്ചിട്ട് വന്നാലോ...

വണ്ടീൽ പെട്രോൾ ഒണ്ടോ..

എത്തുവായിരിക്കും..

എന്നാ ബാ പോവ്വാ..

തളിപ്പറമ്പ് മിൽമ ഔട്ട്ലെറ്റിൽ രാത്രി കൃത്യം മൂന്ന് മണിക്ക് വട വരും. നല്ല ചൂട് ഉഴുന്നുവട. അമ്പത് രൂപയുടെ പെട്രോളും കളഞ്ഞ് പാതിരാത്രി മൂന്ന് മണിക്ക് ആ ഒരു ചായക്കും വടക്കും വേണ്ടി പോകണമെങ്കിൽ ആ പോക്കിന് ഒരു കഥ പറയാൻ ഉണ്ടാവില്ലേ. ഉണ്ട്.. ഒരു കഥ അല്ല.. ഒരായിരം കഥകൾ..


കോളേജ് ഹോസ്റ്റലിലെ പ്രധാന നേരംപോക്കായിരുന്നു ഫിഫ കളി. ഒരു ഗെമിംഗ് ലാപ്പിനെ എങ്ങനൊക്കെ പണി എടുപ്പിക്കാമോ അങ്ങനെല്ലാം പണി എടുപ്പിച്ചിട്ടേ ആ കളി അവസാനിക്കുമായിരുന്നുള്ളു. അത്താഴം കഴിയുമ്പോൾ തൊട്ട് തുടങ്ങുന്ന കളിയാണ്. ഒരു രണ്ട് മണി മൂന്ന് മണി ഒക്കെ വരെ എല്ലാവരും മാറി മാറി കളിക്കും. ഏകദേശം മൂന്ന് മണി ഒക്കെ ആവുമ്പളേക്ക്‌ മെസ്സിയും റൊണാൾഡോയും ഡിബ്രൂനെയും ഒക്കെ മെല്ലെ പുതപ്പിനടിയിൽ കയറും. പിന്നെ ബാക്കി ഉണ്ടാവുക ഉറക്കമില്ലാത്ത ചില പ്രാന്തൻമാർ ആണ്. കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരിക്കും. അപ്പോൾ ഏതേലും ഒരുത്തൻ പറയും.. "എന്നാപ്പിന്നെ ഇനി ഒരു ചായ കുടിച്ചിട്ട് ഉറങ്ങാല്ലേ..". പിന്നെ കൈയിൽ കിട്ടിയ ടീഷർട്ടും എടുത്തിട്ട് ഒരു പോക്കാണ്. പോർച്ചിൽ പോയി നോക്കും. ഏത് വണ്ടിയിലാണ് പെട്രോൾ ഉള്ളതെന്ന്. മിക്കവാറും ഒന്നിലും ഉണ്ടാവാറില്ല. ഉള്ളതിലാണേൽ കഷ്ടി ഓടാനുള്ളതേ ഉണ്ടാവു. പിന്നെ വഴിക്ക് വെച്ച് കാണാം എന്ന് വിചാരിച്ച് അങ്ങ് പോവ്വും. വിശപ്പുണ്ടേൽ വളപട്ടണം. അല്ലെങ്കിൽ തളിപ്പറമ്പ്.  ഒരു വണ്ടിയും മൂന്ന്പേരും ആണ് പതിവ്. ചില ദിവസങ്ങളിൽ അത് എഴും എട്ടും വരെ എത്തും. അപ്പോൾ ബൈക്ക് മാറി കാർ ഒക്കെ ആവും. കാർ ഒക്കെ എടുത്ത് പോകുന്ന ദിവസം മിക്കവാറും പോയി കഴിച്ചപാടെ തിരിച്ച് വന്ന് ചിലപ്പോൾ ഒരു രണ്ട് ഗെയിമും കൂടി കളിച്ച് ഉറങ്ങലാണ് പതിവ്. പക്ഷെ കൂടുതൽ കഥകൾ പറയാനുണ്ടാവുക ആ ഒരു വണ്ടിക്കും  മൂന്നാൾക്കും ആയിരിക്കും. എന്നും ഒരേ മൂന്നാൾ തന്നെ ആവണമെന്നില്ല. മനുഷ്യർ മാറും.. കഥകളും...


ഫുഡ്‌. അലഞ്ഞിട്ടുണ്ട് ഒരുപാട്.. രുചികൾ തേടി.. വെറൈറ്റികൾ തേടി.. ഒടുവിൽ വന്ന് പെട്ടത് ഒരു റഷീദ്ക്കാന്റെ തട്ടുകടേലാണ്. വളപട്ടണം പാലത്തിനടുത്ത് രാത്രി ഓടുന്ന ലോറിക്കാർ എല്ലാം കഴിക്കാൻ നിർത്തുന്ന ഒരു കൊച്ചു തട്ടുകട. ഞങ്ങൾ അവിടുത്തെ സ്ഥിരം കുറ്റികൾ ആണ്. അവിടെ സ്ഥിരമാക്കാൻ കാരണങ്ങൾ പലതാണ്. ഹോസ്റ്റലിന് ഏറ്റവും അടുത്ത് ഏത് പാതിരാത്രിക്ക് വേണേലും ഭക്ഷണം കിട്ടുന്ന ഒരു സ്ഥലം ഇത് മാത്രമേ ഉള്ളു. പിന്നെ നേരെ ഓപ്പോസിറ്റ് പെട്രോൾ പമ്പ് ആണ്. മിക്കവാറും അവിടെ വരെ എത്താനുള്ള പെട്രോളെ വണ്ടിയിൽ കാണു. പക്ഷെ പ്രധാന കാരണം അവിടുത്തെ ഒരു ഐറ്റം ആണ്. പത്തലും ബീഫും മിക്സ്‌. നല്ല ചൂട് നെയ്പത്തല് അടിപൊളി ഒരു ബീഫ് കറിയിൽ പീസ് പീസ് ആക്കി ഇട്ട് കുറച്ച് സവാള ഒക്കെ ഇട്ട് ചൂടാക്കി ഇങ്ങ് തരും. കൂടെ ഒരു സ്ട്രോങ്ങ്‌ ചായേം. മനസ്സ് നിറച്ച് കഴിക്കാം. ആദ്യമൊക്കെ നല്ല വിശപ്പുള്ളപ്പോൾ മാത്രമാണ്  വളപട്ടണം വന്നിരുന്നത്. അല്ലെങ്കിൽ നേരെ തളിപ്പറമ്പ് പോക്കാണ്. പക്ഷെ ഒരു ദിവസം വളപട്ടണം വന്ന് ഇരുന്നു ചായ കുടിക്കുമ്പോൾ ഉണ്ട് രണ്ട് ചങ്ങായിമാർ വരുന്നു. ഹോസ്റ്റലിൽ നിന്നല്ല വരവ്. അന്വേഷിച്ചപ്പോൾ അവിടെ അടുത്ത് ഒരു കിടിലൻ സ്പോട് ഉണ്ട് പോലും. പേര് മീൻകുന്ന് ക്ലിഫ്. സാധാരണ ചായ  കുടിച് കഴിയുമ്പോൾ ഒരു മൂഡ് വരും.. എവിടെയെങ്കിലും പോകാൻ.. ഒന്നെങ്കിൽ കൂടെ ഉള്ളവർ ഉറക്കം തൂങ്ങി തുടങ്ങീട്ടുണ്ടാവും അല്ലെങ്കിൽ പൈസ ഉണ്ടാവില്ല. അന്ന് പക്ഷെ ഒന്നും ചിന്തിച്ചില്ല. ഒരു സ്കൂട്ടി.. മൂന്നാൾ.. സമയം രാവിലെ അഞ്ചു മണി ആവുന്നു. നല്ല ഉടായിപ്പ് വഴി. ഗൂഗിൾ മാപ് ആണ് വഴികാട്ടി. പോണ വഴിക്ക് ഫുൾ വളവും തിരിവും കുണ്ടും കുഴിയും. അതിനിടക്ക് രണ്ട് മുള്ളൻ പന്നിയെ വരെ കണ്ടു. ഇതെല്ലാം താണ്ടി അങ്ങ് ചെല്ലുമ്പോൾ ഉണ്ട് ദൂരെ ഒരു ചെറിയ വെളിച്ചവും കടലിന്റെ ഇരമ്പലും.. കടൽ... എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിൽ ഒന്ന്..  എങ്ങനെ വിവരിക്കണമെന്ന് അറിയില്ല  ആ കാഴ്ചയെ.. പിന്നിൽ ഉദിക്കാനൊരുങ്ങുന്ന സൂര്യന്റെ രശ്മികൾ ചാലിച്ച കാർമേഘങ്ങൾ നിറഞ്ഞ ചുവന്ന ആകാശം. മുന്നിൽ ആ ചെറിയ വെളിച്ചത്തിൽ തിളങ്ങുന്ന കടൽ..

തണുത്ത കാറ്റ്... വണ്ടി റോഡ് സൈഡിൽ നിർത്തി. കുറച്ചു ഉള്ളിലോട്ടു നടന്ന് കഴിയുമ്പോൾ ഒരു സീൻ ഉണ്ട്. എത്ര അടിയുണ്ട് എന്നൊന്നും അറിയില്ല, നല്ല ഉയരത്തിലാണ് നമ്മൾ നിൽക്കുക. താഴെ കടൽ.. ഒരു ലൈറ്റ് ഹൌസിൽ നിന്നൊക്കെ കാണുന്നപോലെ. പക്ഷെ തൊട്ട് താഴെ കടൽ... പാറക്കെട്ടുകൾ ആണ്. അവിടെ ഇരിക്കാം. കണ്ണടച്ച് ഒരു ദീർഘ ശ്വാസം എടുക്കണം.. തണുത്ത ശ്വാസം ഉള്ളിൽ നിറയും.. കടലിന്റെ ഇരമ്പൽ ചെവിയിൽ മന്ത്രിക്കും.. വല്ലാത്ത ഒരു അനുഭവം ആണത്. ഇത്ര കാലം കണ്ണൂരിൽ ചുറ്റിക്കറങ്ങി നടന്നിട്ടും ഇങ്ങനൊരു സ്ഥലം അറിയാതെ പോയല്ലോ എന്നോർത്തു പോകും.. പിന്നെ അതൊരു പതിവായി.. തട്ടുകട.. ക്ലിഫ്.. ഇതെല്ലാം കഴിഞ്ഞ് ഹോസ്റ്റൽ എത്തുമ്പോൾ നേരം വെളുക്കും.. പിന്നെ ഒരു ഉറക്കംമുണ്ട്.. പകൽ ആയതുകൊണ്ട് ബഹളങ്ങൾ ഒന്നുമില്ല.. പിള്ളേരെല്ലാം കോളേജിൽ പോകുല്ലോ..  എണീക്കുക വൈകുന്നേരത്തെ ചായ കുടിക്കാനാണ്. അവസാനത്തെ സെമെസ്റ്ററിൽ ഒരു അഞ്ചിൽ കൂടുതൽ ക്ലാസ്സിൽ കയറിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ആകെ കേറുന്നത് പ്രൊജക്റ്റ്‌ പ്രസന്റേഷൻ വരുമ്പോൾ മാത്രമാണ്.



പറയത്തക്ക കാഴ്ചകളോ കഴിക്കാൻ വെറൈറ്റികളോ ഇല്ലെങ്കിലും തളിപ്പറമ്പിലെ ആ മിൽമ ഔട്ലെറ്റിനോട് എന്തോ വല്ലാത്തൊരു ഇഷ്ടമാണ്. അവിടെ വരെ പോയിട്ട് ഒരു ചായേലും ഒരു വടേലും നിർത്തിയത് ചുരുക്കമാണ്. ഒരാൾ ഒരു രണ്ടോ മൂന്നോ ചായ. നാലോ അഞ്ചോ വട... മറ്റെവിടെയും കിട്ടാത്ത ഒരു സ്വാദ് ആണ് ആ വടക്ക്. പക്ഷെ പകൽ പോയി കഴിച്ചാൽ ആ സ്വാദ് കിട്ടുകയുമില്ല. അതൊരു വല്ലാത്ത ജാതി വട തന്നെയാണ്. ചായക്കും വടക്കും അപ്പുറം അവിടുത്തെ ചില ഓർമ്മകൾ ആണ് ആ സ്ഥലത്തെ അത്ര പ്രിയപ്പെട്ടതാക്കുന്നത്. കടയ്ക്ക് തൊട്ടപ്പുറം ഒരു പടിക്കെട്ടുണ്ട്. അവിടെ ആണ് ഞങ്ങളുടെ ഇരിപ്പിടം. ലോകോത്തര ചർച്ചകൾ മുതൽ ചെറിയ ചെറിയ മനസ്സ് തുറക്കലുകൾ വരെ നടക്കുക അവിടെയാണ്. ആരോടും പറയാത്ത മനസ്സിലൊളിപ്പിച്ച കഥകൾ വരെ പുറത്ത് വരണമെങ്കിൽ ആ ചായയിലും ആ സ്ഥലത്തിനും സമയത്തിനും എന്തോ മായാജാലം ഉണ്ടാവണ്ടേ... അവിടെയാണ് ബന്ധങ്ങൾ വളർന്നത്... പലരെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയത്.. പല സത്യങ്ങളും അറിഞ്ഞത്.. കോളേജ് ജീവിതത്തിന്റെ അവസാന നാളുകളിൽ അവിടെ വന്നിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ ആയിരുന്നു.. ഇനി എന്ന്..?. ആ ചോദ്യം ഒരു വീർപ്പുമുട്ടലായിരുന്നു. പ്രകടിപ്പിച്ചില്ലെങ്കിലും പലരുടെയും മുഖത്ത് അത് കണ്ടിരുന്നു.


ആ ചായക്കടയോട് ചേർന്ന് മനസ്സിൽ പതിഞ്ഞ ഒരു കാഴ്ചയുണ്ട്.. കുറച്ച് മനുഷ്യർ. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപത്തെ കടത്തിണ്ണകൾ കിടപ്പാടം ആക്കിയവർ. മിക്കവരും വൃദ്ധരാണ്. ഞങ്ങൾ എത്തുന്ന സമയത്ത് അവരെല്ലാം ഉറക്കത്തിലായിരിക്കും. പെരും മഴയത്ത് തണുപ്പ് മാറ്റാൻ ഒരു പുതപ്പ് പോലും ഇല്ലാതെ ചുരുണ്ട്കൂടി കിടക്കുന്ന ആ മനുഷ്യക്കോലങ്ങളെ കാണുമ്പോൾ ചിലപ്പോഴൊക്കെ ഉള്ളിൽ ഒരു കുറ്റബോധം വരും. നമുക്കൊക്കെ എന്തിനാ കുറവുള്ളത്. നാല് നേരം ഭക്ഷണം.. വീട്.. ഇതിനെല്ലാം പുറമെ ഉറ്റവരും ഉടയവരും ആയി കൂടെ അനവധി മനുഷ്യർ. ഇങ്ങനെയും മനുഷ്യർ ചുറ്റുമുള്ളപ്പോൾ രാത്രി ഹോസ്റ്റലിൽ ചോറും മഞ്ഞക്കറിയും ആണ്, തിന്നാൻ ഒരു മൂഡില്ല, പുറത്ത് പോയി ഒരു ആൽഫഹം തട്ടിയേക്കാം എന്ന് വിചാരിച്ചിരുന്ന നമുക്കൊക്കെ അഹങ്കാരം അല്ലായിരുന്നോടാ...


ഈ ചിന്തയൊക്കെ ഇപ്പോഴാണ് വരുന്നത്. അന്ന് എല്ലാം ഒരു ഓട്ടപ്പാച്ചിൽ ആയിരുന്നു. സന്തോഷങ്ങൾക്ക്‌ പിന്നാലെയുള്ള ഓട്ടം. ചില ദിവസങ്ങളിൽ ആ ചായകുടിക്കാൻ പോക്ക് തളിപ്പറമ്പിലോ വളപട്ടണത്തോ നിന്നിരുന്നില്ല. ചിലപ്പോൾ വളപട്ടണത്തിരിക്കുമ്പോൾ കടല് കാണാൻ മോഹം വരും. അപ്പോൾ നേരെ വെച്ച് പിടിക്കും.. പയ്യാമ്പലം ബീച്. പാതിരാത്രി വിജനമായി കിടക്കുന്ന ബീച്ചിൽ തേരാ പാര നടക്കും. കടല് കണ്ടിരിക്കും.. കഥ പറയും.. ചിലപ്പോൾ മണലിൽ കിടന്ന് കടൽകാറ്റ് കൊണ്ട് ചെറുതായി ഒന്ന് മയങ്ങും..  വേറെ ചില ദിവസങ്ങളിൽ തളിപ്പറമ്പ് ചായ കുടിച്ച് ഇരിക്കുമ്പോൾ മല കാണാൻ ഒരു മോഹം വരും. വണ്ടിയെടുക്കും.. പാലക്കയംതട്ട്.. മിക്കവാറും അവിടെ എത്തുമ്പോഴേക്ക് നേരം വെളുക്കും. ആ സമയത്ത് പാലക്കയംതട്ട് കാണണ്ട ഒരു കാഴ്ച തന്നെയാണ്. മലകളെ പൊതിഞ്ഞ് മഞ്ഞും., അങ്ങ് ദൂരെ മഞ്ഞണിഞ്ഞ മലനിരകൾക്കിടയിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യനും., രാവിലത്തെ തണുപ്പും.... അനാവശ്യമായ പല പരിഷ്കാരങ്ങളും നടത്തി പാലക്കയംതട്ടിന്റെ പ്രകൃത്യാ ഉള്ള ആ ഭംഗി നഷ്ടപ്പെട്ടുവെങ്കിലും അതിന്റെ ഒരംശമെങ്കിലും നേരിട്ട് അനുഭവിക്കണമെങ്കിൽ അതിരാവിലെ ആ മല കയറണം..


കണ്ണടച്ച് തുറക്കും മുന്നേ കോളേജ് കാലഘട്ടം ഒക്കെ കടന്നു പോയി. ജീവിതം വഴിത്തിരിഞ്ഞ് മറ്റൊരു പാതയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ ചായ ഇന്നും ഒരു വീക്നെസ് തന്നെ ആണ്. ഉറക്കമില്ലാത്ത ചില രാത്രികളിൽ എറണാകുളത്തെ തട്ടുകടകളിൽ രുചികൾ തേടി പോകാറുണ്ട്. കണ്ണൂര് കിട്ടുന്നതിനേക്കാൾ വെറൈറ്റികളും ഇവിടെ കിട്ടാറുണ്ട്. വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ വളപട്ടണത്തെ ആ തട്ടുകടയിലും തളിപ്പറമ്പിലെ ആ ചായ കടയിലും ഒക്കെ കേറാറുണ്ട്. പക്ഷെ.. എവിടെയോ എന്തോ ഒരു കുറവുപോലെ... ചായയ്ക്ക് ഇന്നും അതെ കടുപ്പവും മധുരവും കിട്ടാറുണ്ട്.. പക്ഷെ മനസ്സിന് ആ തൃപ്തി കിട്ടുന്നില്ല.. ചായയുടെ സ്വാദോ കുടിക്കുന്ന കടയോ അല്ല, ചില മനുഷ്യരും ചില സന്ദർഭങ്ങളുമായിരുന്നു ആ ചായയെ ഇത്ര പ്രിയപ്പെട്ടതാക്കി മാറ്റിയിരുന്നത്..




©ഒരു_വിശ്വാസി




Comments

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട