നവയുഗ നീറോ

നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടില്ലേ . റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ചു രസിച്ച ചക്രവർത്തി. എന്ത് ക്രൂരൻ ആണല്ലേ.. പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ അയാൾ അത്ര ക്രൂരൻ അല്ല എന്ന് തോന്നിപ്പോകുന്നു. അങ്ങേര് ഇരുന്നു വീണ വായിച്ചല്ലേ ഉള്ളൂ..  ഇവിടെ ചിലര് രാജ്യം കത്തി എരിയുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്ക്യാണ്. വിഷയം അതുതന്നെ.. EIA.. 
ചെലോരു ചോദിക്കണ കേട്ടു.. അതിനെന്നാടാ ഒരു കുഴപ്പം, രാജ്യം വികസിക്കട്ടേന്ന്.. 
ഉവ്വാ.. വല്ലാണ്ട് അങ്ങ് വികസിക്കും..  അതിരിക്കട്ടെ, എന്താണ് ഈ വികസനം. ചുമ്മാ ഒന്ന് google ചെയ്ത് നോക്കണം.. ദാ ദിങ്ങനെ വരും.. 

"What is development? 
Development is a process that creates growth, progress, positive change or the addition of physical, economic, environmental, social and demographic components.  The purpose of development is a rise in the level and quality of life of the population, and the creation or expansion of local regional income and employment opportunities, without damaging the resources of the environment."

ആ അവസാന വാചകം ശ്രദ്ധിച്ചോ..  "without damaging the resources of the environment"..  അതെങ്ങനാ വിവരോം വിദ്യാഭാസോം ഉണ്ടെങ്കിൽ അല്ലെ ശരിയായ വികസനം എന്താണെന്നു അറിവുണ്ടാവുകയുള്ളൂ.. രാമക്ഷേത്രം പണിതാൽ കൊറോണ പോവുമെന്ന് പറഞ്ഞ ടീംസ് ആണ്.. (Nb: മത വികാരം വൃണപ്പെട്ടെങ്കിൽ ക്ഷമിക്കണം).
എരിതീയിൽ എണ്ണ ഒഴിക്കുന്നു എന്ന് വെറുതെ പറഞ്ഞതല്ല. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെ പരിതാപകരം ആണ്. Environmental Performance Index എന്നൊരു സംഗതി കേട്ടിട്ടുണ്ടോ. പരിസ്ഥിതി പ്രവർത്തന സൂചിക. 180 രാജ്യങ്ങൾ ഉള്ള പട്ടികയിൽ നമ്മുടെ രാജ്യം 168-ആം സ്ഥാനത്താണ്. അതായത് പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും പദ്ധതികളും നിയമങ്ങളും കൊണ്ടുവരണം എന്നർത്ഥം. ഇത്തരം ഒരു സാഹചര്യത്തിൽ ആണ് പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അയച്ചുകൊണ്ട് പുതുക്കിയ EIA draft വരുന്നത്. 
 1986-ലെ bhopal ഗ്യാസ് ദുരന്തത്തിന്റെ ബാക്കി പത്രമായിട്ടാണ് 1994-ൽ EIA നിലവിൽ വരുന്നത്. ബിസിനസ്‌ ക്ലാസിനും കോർപ്പറേറ്റ്കൾക്കും സാമാന്യം വലിയൊരു തിരിച്ചടി ആയിരുന്നു അത്. അങ്ങനെ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി 2006-ൽ EIA ഭേദഗതി വന്നു. പിന്നീട് മറ്റു പല നിയമ ഭേദഗതികളുടെയും ഭാഗമായി Ease of Doing Business റാങ്കിങ്ങിൽ ഇന്ത്യ 116-ൽ(2006) നിന്ന് 63-ൽ(2020) എത്തി. നല്ല കാര്യം. പക്ഷെ അവിടെ ഒരു കാര്യം ശ്രദ്ധിക്കണം ഇതേ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള New Zealand മുകളിൽ പ്രതിപാദിച്ച പരിസ്ഥിതി പ്രവർത്തന സൂചികയിൽ ആദ്യ ഇരുപതിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. പ്രസ്തുത പട്ടികയിൽ ഇന്ത്യയെ കണ്ടെത്താൻ സ്ക്രോൾ  ബാർ കുറച്ചധികം ഉരുട്ടേണ്ടി വരും.   നിയമങ്ങൾ അയച്ചതിന്റെ ഒരു അനന്തര ഫലം ഈ വർഷം കൂടി നമ്മൾ കണ്ടതാണ്. വിശാഖപട്ടണം ഗ്യാസ് ലീക് (May 2020). ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. 2011-ൽ ഗാഡ്ഗിൽ റിപ്പോർട്ട്‌ വന്നപ്പോൾ നമ്മൾ നെറ്റി ചുളിച്ചു. പക്ഷെ ഇന്ന് നാം അനുഭവിക്കുന്നു. മലയാളിയുടെ ഓണം വെള്ളത്തിൽ ആയിട്ട് ഇത് മൂന്നാം വർഷമാണ്. എത്രയെത്ര ജീവനുകൾ ആണ് ഇനിയും കണ്ടുപിടിക്കപ്പെടാനാവാതെ മണ്ണിനടിയിൽ പെട്ടുപോയത്. ഇനിയും എത്രയെത്ര ജീവനുകൾ ബലികൊടുക്കണം അധികാരികളുടെ കണ്ണ് തുറക്കാൻ?.. 
വികസനത്തിനു വിലങ്ങുതടിയായി നിൽക്കുന്ന മൂരാച്ചി ഒന്നും അല്ല ഞാൻ. പക്ഷെ മനുഷ്യനില്ലാതെ മനുഷ്യന് വേണ്ടി അല്ലാതെ എന്തിനാണ് വികസനം. 
എന്ത് അടിയന്തര സാഹചര്യത്തിലാണ് ഇപ്പോൾ ഒരു നിയമ ഭേദഗതി എന്നാണ് എന്റെ ചോദ്യം. 1994-ലെ കർശന നിയമങ്ങൾ 2006-ൽ തിരുത്തപ്പെട്ട് പരിസ്ഥിതിക്കും സാമ്പത്തിക വ്യവസ്ഥിതിക്കും അധികം കേടുപാടുകൾ കൂടാതെയുള്ള രീതിയിലായി. പക്ഷെ ഇനിയും നിയമങ്ങൾ ഇളയ്ക്കുക എന്ന്‌വെച്ചാൽ അത് ആരുടെ താല്പര്യപ്രകാരം ആയിരിക്കുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ. എന്ത് മനോഹരമായി പൊതുജനത്തെ കബളിപ്പിച്ച് പരിസ്ഥിതിയെ നശിപ്പിക്കാനുള്ള പദ്ധതികളാണ് ഇവർ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നു  കാണുക. അബ്ദുറബ്ബിന്റെ കാലത്ത് പിള്ളേർ പത്താം ക്ലാസ്സ്‌ പാസ്സായതുപോലെ പുതിയ പ്രോജെക്റ്റുകൾ പാസ്സാക്കി വിടണം പോലും. കൂടാതെ ഒരു പുതിയ പ്രൊജക്റ്റ്‌ നടപ്പാക്കുമ്പോൾ പൊതുജനത്തിന് അതിൽ അഭിപ്രായം പറയാനുള്ള കാലാവധി അതായത് Public consultation period മുപ്പതിൽ നിന്ന് ഇരുപതു ദിവസമായി ചുരുക്കി. പൊതുജന അഭിപ്രായം മാനിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എന്ത് ജനാധിപത്യം.. മറ്റൊരു വലിയ സംഗതി ശ്രദ്ധിക്കണം. സ്ട്രാറ്റജിക് പ്രൊജെക്ടുകൾക്ക് environmental clearance -ന്റെ ആവശ്യം ഇല്ല പോലും. പക്ഷെ ഏതൊക്കെയാണ് ഈ സ്ട്രാറ്റജിക് പ്രോജെക്റ്റുകൾ എന്ന്‌ ഗവണ്മെന്റ് നിശ്ചയിക്കും. അതായത് നല്ല അന്തസ്സുള്ള തോന്ന്യവാസം. സ്ട്രാറ്റജിക് പ്രൊജക്റ്റ്‌ ഏതാണെന്നു നിശ്ചയിക്കാൻ പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് ഗവർന്മെന്റിന്റെ ഇഷ്ടക്കാർക്കും സ്വാധീനമുള്ളവർക്കും ചോദിക്കാതെയും പറയാതെയും ഇവിടെ എന്തും ആകാം എന്നൊരവസ്ഥ. ഇനിയും ഉണ്ട് ചാണക്യ (Nb: "ചാണക" എന്ന്‌ വായിച്ചാലും തെറ്റില്ല.. ) തന്ത്രങ്ങൾ. മുൻപുള്ള പോളിസി പ്രകാരം 20,000 sq.mtrs -ഇൽ താഴെ ഉള്ള പ്രോജെക്റ്റുകൾ ചെറിയ പ്രോജെക്റ്റുകൾ എന്ന വിഭാഗത്തിൽ പെടുത്തുകയും അവയ്ക്കു environmental clearance-ന്റെ  ആവശ്യം ഇല്ല എന്നൊരു സ്ഥിതിഗതി നിലവിൽ ഉണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് 1.5 lakh sq.mtrs ആക്കിയിരിക്കുന്നു. അതായതു സാമാന്യം എല്ലാ പ്രൊജെക്ടുകൾക്കും ഇനി detailed scrutiny ആവശ്യമില്ല. എന്താ കഥ.. ഇങ്ങനെ ആണെങ്കിൽ Environmental Impact Assessment എന്ന ആ പേര് അങ്ങ് മാറ്റി വേറെ വല്ലതും ആക്കിക്കോളു.. ആ പേരിനോട് ഒരു ശതമാനം എങ്കിലും സത്യസന്ധത പുലർത്തുന്ന എന്തെങ്കിലും ഈ പുതിയ ഭേദഗതിയിൽ ഉണ്ടോ..? 
ഒരു കാര്യം മനസ്സിൽഇരിക്കട്ടെ.. തോന്നിയപോലെ പ്രവൃത്തിക്കാൻ ഇത് നീറോയുടെ റോം അല്ല. രാജഭരണമോ ഏകാധിപത്യമോ അല്ല. മഹത്തായ ജനാധിപത്യമാണ്.. ഇവിടെ ജനങ്ങൾ തീരുമാനിക്കും. ജനങ്ങൾ എതിർക്കും. ജനങ്ങൾ ശബ്ദം ഉയർത്തും. 

©believer


Comments

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട