GCEK, ഒരു ഓർമ്മക്കുറിപ്പ്


ഈ ചുവരുകൾക്കിടയിൽ ഒരു ലോകമുണ്ട്.. ജീവനോളം ജീവനായൊരു ലോകം. ജീവനുള്ള കാലത്തോളം ഓർമ്മയിൽ നിന്ന് മായാത്തൊരു  ലോകം. അറിവിന്റെ ലോകം.. കലയുടെ ലോകം.. വിപ്ലവത്തിന്റെ ലോകം.. പ്രണയത്തിന്റെ ലോകം..  എല്ലാത്തിനും ഉപരി സൗഹൃദത്തിന്റെ ലോകം.... 

ഇന്നലെ എന്നോണം മനസ്സിൽ മിന്നിമറയുകയാണ് കോളേജിലെ ഓരോ നിമിഷങ്ങളും... ഒരു final year സ്റ്റുഡന്റിന്റെ ഡയലോഗ് പോലെ ഉണ്ടല്ലേ... സകല ആഘോഷങ്ങളും വെള്ളത്തിലായി farewell-ഉം കിട്ടാതെ എക്സാമും വീട്ടിൽ ഇരുന്ന് എഴുതി പാസ്സ് ഔട്ട്‌ ആയി പോകേണ്ടി വന്ന ആ ഹതഭാഗ്യരുടെ കൂട്ടത്തിൽ ഉള്ളവൻ അല്ല ഞാൻ. പക്ഷെ നിനചിരിക്കാത്ത നേരത്തുണ്ടാവുന്ന വേർപാടുകൾക്ക് അല്പം നോവുണ്ടാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചു ഡ്രെസ്സും കെട്ടി പെറുക്കി വണ്ടിയും എടുത്ത് 15 ദിവസത്തെ corona ലീവിന് വീട്ടിലോട്ട് പോന്നപ്പോൾ അറിഞ്ഞില്ല അതൊരു ഒന്നൊന്നര പോക്കായിരുന്നു എന്ന്‌.. 15 ദിവസം '5 months and counting' ആകുമെന്ന്.. 
വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാതെ ഇങ്ങനെ തുരുമ്പെടുത്ത് ഇരിക്കുമ്പോൾ ഇടക്ക്  കോളേജിന്റെ ചിത്രം മനസ്സിലോട്ട് വരും..   "വരൂ..  വസന്തം തീർക്കാം.. ".


അനിശ്ചിതത്വങ്ങളുടെ ഒരു കാലയളവിനൊടുവിലാണ് ഞാൻ GCEK എന്ന ഗവണ്മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് -ൽ  എത്തിപ്പെടുന്നത്.. അലോട്മെന്റ്.. അഡ്മിഷൻ.. ഹോസ്റ്റൽ അഡ്മിഷൻ..  അങ്ങനെ ആകെക്കൂടി ഒരു കോലാഹലമായിരുന്നു.. അഡ്മിഷൻ കിട്ടിയപ്പോൾ ഒരഭിമാനം ആയിരുന്നു. കേരളത്തിലെ പേരുകേട്ട എഞ്ചിനീയറിങ് കോളേജുകളിൽ ഒന്നിൽ ഞാൻ അഡ്മിഷൻ നേടിയിരിക്കുന്നു... ആ അഭിമാനത്തോടെയാണ് ഞാൻ കോളേജിലേക്ക് കടന്നുവന്നത്. 
 കോളേജിന്റെ ഗേറ്റ് കടന്ന്  ആദ്യം കാണുന്ന ദൃശ്യം തന്നെ വളരെ ഹൃദ്യമാണ്. ഇരുവശങ്ങളിലും മരങ്ങൾ തലയുയർത്തി നിൽക്കുന്ന ഒരു നടപ്പുവഴി. ആ വഴിയേ നടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്ന ഒരു കെട്ടിടം ഉണ്ട്. ഏതൊരു GCEKian -ന്റെയും ഓർമ്മയുടെ പുസ്തക താളുകളിൽ ഒന്നിലെങ്കിലും ഇടം പിടിച്ചിട്ടുള്ള സ്ഥലം...  കോളേജ് കാന്റീൻ.. ചൂടുള്ള ചായ ഗ്ലാസിന്റെ വക്കോളം സ്നേഹവും വൈകുന്നേരത്തെ  പഴംപൊരിയിൽ ഉള്ള എണ്ണയോളം സൗഹൃദവുമാണ് ഇവിടുത്തെ രുചിക്കൂട്ട്.. 
 കോളേജിലെ ആദ്യത്തെ കുറച്ചു നാളുകൾ നോളന്റെ സിനിമ പോലെ ആയിരുന്നു. സ്വന്തം ക്ലാസ്സ്‌ കണ്ടുപിടിക്കാനുള്ള യാത്ര ചിലപ്പോൾ പോർട്ടിക്കോയിൽ ആരംഭിച്ച് നാലോ അഞ്ചോ പടവുകൾ കയറിയിറങ്ങി കറങ്ങി തിരിഞ്ഞു പോർട്ടിക്കോയുടെ തൊട്ട് മുകളിൽ ഉള്ള ഓഫീസിന്റെ മുന്നിൽ അവസാനിക്കാറുണ്ടായിരുന്നു. പക്ഷെ ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ എല്ലാവരും കോളേജുമായി താദാത്മ്യപ്പെട്ടു. ആദ്യത്തെ ചെറിയ ആവേശം അടങ്ങിയതിൽപ്പിന്നെ first hour എടുക്കുന്ന മിസ്സിന്റെ അനുവാദവും രൂക്ഷമായൊരു നോട്ടവും സ്വീകരിച്ചിട്ടേ ഞാൻ ക്ലാസ്സിൽ ഇരിക്കാറുള്ളൂ എന്നൊരു അവസ്ഥയായി. ഇങ്ങനെ താമസിച്ചു വരുന്നതുകൊണ്ടാവാം കോളേജിൽനിന്ന് ഒരിക്കലും നേരത്തേ പോകാൻ തോന്നാറില്ലായിരുന്നു. അലൻ എന്ത്യേടാ എന്ന് ആരെങ്കിലും ചോദിച്ചാൽ "ഓ അവൻ കോളേജിൽ ഇരുന്നു വൈബിക്കുന്നുണ്ടാവും.." എന്ന്‌ എന്റെ ചങ്ങായിമാർ പറയുമായിരുന്നു. GCEK യിലെ വൈകുന്നേരങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു ഭംഗിയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു മായക്കാഴ്ച. പലരും ഹരിയേട്ടന്റെ ക്യാമറക്കണ്ണുകളിലൂടെ ആ കാഴ്ച കണ്ട് ആസ്വദിച്ചപ്പോൾ ഞാനത് ഒഴിഞ്ഞ ക്ലാസ്സ്മുറികളിലും തിരക്കൊഴിഞ്ഞ കാന്റീനിലും ഒക്കെ ഇരുന്നു കണ്ടു. 
 കോളേജിനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വലിയ അദ്ധ്യായം സൗഹൃദം തന്നെ ആയിരിക്കും. ബിരിയാണിയിലെ ചിക്കൻ പീസ് ചോദിച്ചാൽ തരില്ലെങ്കിലും..  ചോദിച്ചാൽ ചങ്കു പറിച്ചു തരുമെന്ന് പറയുന്ന ചങ്ങായിമാർ.. വീഡിയോ കോളിൽ നിന്റെയൊക്കെ മൊഞ്ച് കണ്ട് മടുത്തെടാ..  ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു.. 
കോളേജ് ഓർമ്മകളുടെ ഓരോ അധ്യായവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവിടെയാണ്.. ആ പുണ്യ പുരാതന ഭൂമിയിലാണ്..  MH അഥവാ Mens Hostel.. ഹോസ്റ്റൽ ലൈഫൊക്കെ എങ്ങനെ ഉണ്ടെടാ എന്ന്‌ നാട്ടിലെ ചങ്ങായിമാർ ചോദിക്കുമ്പോൾ ബിജുക്കുട്ടന്റെ ആ meme ആണ് മനസ്സിലോട്ട് വരിക.. "ഒന്നും പറയാനില്ല.. ". 

ഇതിനുമാത്രം നൊസ്റ്റു അടിക്കാൻ നീ കോളേജ് വിട്ട് പോയിട്ടൊന്നും ഇല്ലല്ലോടാ എന്ന്‌ ചോദിക്കരുത്. ആകെപ്പാടെ നാല് വർഷം ഉള്ള ഒരു കോളേജ് ലൈഫ് ആണ്. അതിലെ വിലപ്പെട്ട നാളുകൾ ഇങ്ങനെ നഷ്ട്ടപ്പെട്ടു പോകുന്നല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം. പറയാൻ അടുത്ത് ആരും ഇല്ലല്ലോ. അതുകൊണ്ട് ഒന്ന് കുറിച്ചിടാമെന്ന് വെച്ചു. ഈ കുറിച്ച വാക്കുകൾ ചിലപ്പോൾ മാഞ്ഞു പോയേക്കാം..  എങ്കിലും മനസ്സിൽ കുറിച്ചോരോർമ്മകൾ മായില്ലൊരിക്കലും.. 

©believer

Comments

  1. " കോളേജിലെ ആദ്യത്തെ കുറച്ചു നാളുകൾ നോളന്റെ സിനിമ പോലെ ആയിരുന്നു.... " Relatable💯

    ReplyDelete

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട