ആദ്യ പ്രണയം

ആദ്യ പ്രണയം... ആലോചിക്കുമ്പോൾ ഇപ്പോൾ മനസ്സിൽ സങ്കടമോ വിഷമമോ ഒന്നുമല്ല... ഒരുതരം ചമ്മൽ ആണ്. അന്ന് അതൊക്കെ വല്യ കാര്യം ആയിരുന്നു.  പക്ഷെ ഇന്ന് ആലോചിക്കുമ്പോൾ ചിരി ആണ് വരണത്. ഒരു എട്ടാം ക്ലാസ്സ്‌കാരന് കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഒരു ആകർഷണം. അത് പ്രണയം ആയിരുന്നോ വെറും ആകർഷണം ആയിരുന്നോ എന്നൊന്നും  എനിക്ക് ഇന്നും അറിയില്ല. പ്രണയം എന്തെന്ന് അറിയാത്ത ഒരു കാലത്ത് തോന്നിയ ഒരു വികാരം. പക്ഷെ ആദ്യ പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ ഇന്നും ആ കൊച്ചിന്റെ പേരാണ് ഓർമ വരണത്.


എങ്ങനെ ആണ് ആ ഒരിഷ്ടം എന്നിൽ ഉളവായത് എന്ന് ഇന്നും അറിയില്ല. കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉള്ള ഒരു കുട്ടി. എല്ലാവരോടും ഇടപഴകുന്ന ഒരു പ്രകൃതക്കാരി. ഒരു 'smart good looking girl'. പക്ഷെ ഞാൻ അവളോട്‌  സംസാരിക്കൽ ഇല്ലായിരുന്നു. പൊതുവെ പെൺകുട്ടികളോട് സംസാരിക്കുന്ന കാര്യത്തിൽ പണ്ടേ മടി ആയിരുന്നു എനിക്ക്. പിന്നെ ഇങ്ങനൊരു കാര്യം കൂടി മനസ്സിൽ ഉണ്ടായപ്പോൾ മുഖത്ത് നോക്കാൻ വരെ മടി ആയിരുന്നു. പക്ഷെ നോക്കിയിരുന്നു...  അവളറിയാതെ..  ക്ലാസ്സിന്റെ ബാക്ക് ബെഞ്ചിൽ ഇരുന്നു ഒളികണ്ണിട്ട് നോക്കിയിരുന്നു. ബാക്ക് ബെഞ്ചിൽ കൂടെ ഒരു തെണ്ടിയും ഉണ്ടായിരുന്നു.  ഉറ്റ ചങ്ങായി. ആദ്യം അവനോട് ആണ് കാര്യം പറഞ്ഞത്. പിന്നെ 10 ആണ്പിള്ളേര് ഉള്ള ഞങ്ങടെ ക്ലാസ്സിലെ 10 പേരും അറിഞ്ഞു അത്. എല്ലാവരും കട്ട സപ്പോർട്ട് ആയിരുന്നു. ഏറ്റവും കൂടുതൽ സപ്പോർട്ട് ഉറ്റ ചങ്ങായി തന്നെ ആയിരുന്നു. ക്ലാസ്സു വിട്ടു കഴിഞ്ഞ് ആ റബ്ബർ തോട്ടത്തിലൂടെ ഒരു ഓട്ടം ഉണ്ട്. മെയിൻ റോഡ് പിടിക്കാൻ. ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്നു പോകുന്ന അവളെ ഒരു നോക്ക് കാണാൻ. ചിലപ്പോൾ ഒക്കെ അവളും നോക്കി ഒരു ചിരി പാസ്സ് ആക്കിയിരുന്നു. ന്റെ സാറേ... വല്ലാത്ത ഒരു ചിരി തന്നെ ആയിരുന്നു അത്.  അതുമതി പിന്നെ കൂടെ ഉള്ളോന്മാർക്ക്.. "ടാ... അവള് നോക്കി ചിരിച്ചത് കണ്ടില്ലേ... അവൾക്ക് നിന്നെ ഇഷ്ടാടാ... ". അവന്മാർ ആണ് എന്നെകൊണ്ട് അത്രയും സ്വപ്നം കാണിച്ചത്. ബ്ലഡി ഗ്രാമവാസീസ്.  മോട്ടിവേഷന് ഒരു കുറവും വരുത്തിയിരുന്നില്ല ചങ്ങായിമാർ. അങ്ങനെ അവസാനം എനിക്കും സംശയം തോന്നി തുടങ്ങി... ഇനി ശെരിക്കും അവൾക്ക് എന്നെ ഇഷ്ടായിരിക്കുവോ..?.  എങ്ങനെ അറിയും.. നേരെ ചെന്ന് ചങ്ങായിയോട് കാര്യം പറഞ്ഞു. അവന്റെ ഉപദേശം ആയിരുന്നു അവളോട്‌ കാര്യം തുറന്നു പറയാൻ. ഇഷ്ടമാണെന്ന് പറയാൻ പോയിട്ട് മുഖത്ത് നോക്കാൻ മടി ഉള്ള എന്നോട് നേരിട്ട് ചെന്ന് പ്രൊപ്പോസ് ചെയ്യാൻ...  ഒന്ന് പോയെടാ അവിടുന്ന് എന്നായിരുന്നു എന്റെ പക്ഷം. പിന്നെ അങ്ങോട്ട്‌ മോട്ടിവേഷൻന്റെ കുത്തൊഴുക്ക് ആയിരുന്നു. അങ്ങനെ അവസാനം ഞാൻ അത് പറയാൻ തന്നെ തീരുമാനിച്ചു. ഒരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. ഒൻപതാം ക്ലാസ്സിന്റെ അവസാന മാസങ്ങൾ ആയിരുന്നു അത്. ഒരു ബുധനാഴ്ച.. എല്ലാവരും വെള്ളയും-വെള്ളയും യൂണിഫോം ഒക്കെ ഇട്ടു വന്ന ദിവസം. മലയാളത്തിന്റെ മോഡൽ പരീക്ഷ ആയിരുന്നു അന്ന്. Valentines day  ക്ക് കൃത്യം ഒൻപതു ദിവസങ്ങൾ കൂടി ഉണ്ടായിരുന്നു. തലേദിവസം തന്നെ പ്ലാൻ ഒക്കെ ഇട്ടു വെച്ചിരുന്നു. രാവിലെ തന്നെ എങ്ങനെയോ അവളോട് സ്കൂളിന്റെ പിന്നിലേക്ക് ഒന്ന് വരാമോ എന്ന് ചോദിച്ചു. അത് ചോദിച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ പകുതി ധൈര്യം ചോർന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു കൂട്ടുകാരിയെയും കൂട്ടി സ്കൂളിന്റെ പിന്നിലേക്ക് പോയി. പോകും വഴി എന്നെ ഒന്ന് നോക്കി. എനിക്ക് കാര്യം മനസ്സിലായി. പക്ഷെ ഒറ്റയ്ക്ക് അങ്ങോട്ട് ചെല്ലാൻ ധൈര്യം വന്നില്ല. കൂടെ ചങ്ങായിയേം കൂട്ടി. ആ ഇടവഴിയിലൂടെ സ്കൂളിന്റെ പിന്നിലേക്ക് നടക്കുമ്പോൾ എന്റെ നെഞ്ചിലെ  നാസിക് ധോൽ ചങ്ങായി കേട്ടു. അവൻ വഴിക്ക് വെച്ച് പറഞ്ഞു.. "ഒന്നൂല്ലെടാ... സിമ്പിൾ...  കാര്യം പറയുക...  ആലോചിച്ചു റിപ്ലൈ തരാൻ പറയുക... " അവൻ തന്ന ധൈര്യത്തിൽ ഞാൻ അവളുടെ മുന്നിൽ ചെന്ന് നിന്നു.  അവളെ ഒന്ന് നോക്കി. അവൾക്ക് കാര്യം പിടികിട്ടിയിരിക്കണം.. ഒരു വല്ലാത്ത പുഞ്ചിരിയോടെ അവളും എന്നെ നോക്കി. എന്റെ തൊണ്ട വരണ്ടു. ആകെ മൊത്തം വിറയൽ ആയിരുന്നു. ഹൃദയം കൂടു പൊട്ടിച്ചു പുറത്തു ചാടുമെന്നായി... ഒടുക്കം ഇടറിയ സ്വരത്തിൽ ഞാൻ അത് പറഞ്ഞു...  " _____ i love you... ".  അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടില്ല. എന്റെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് അവൾ ഒരു മറുപടിയും പറഞ്ഞു. "റിപ്ലൈ വേണ്ടേ...?.  No...  sorry.. ".  എന്നിട്ട് കൂട്ടുകാരിയെയും വിളിച്ചുകൊണ്ടു ഒരു പോക്ക്. മുഖത്ത് അടിയേറ്റതുപോലെ ഞാൻ അവിടെ നിന്നു. ഒന്നൊന്നര വർഷത്തെ സ്വപ്‌നങ്ങൾ.. ചങ്ങായിമാരുടെ വാക്ക് കേട്ടു കെട്ടിപ്പടുത്ത പ്രതീക്ഷകൾ. എല്ലാം ഒരു ചീട്ട്കൊട്ടാരം പോലെ വീണടിഞ്ഞു. ചങ്ങായിയോട്  പിന്നെ ഒന്നും പറഞ്ഞില്ല.  ഞാൻ ആകെ വല്ലാണ്ടായി. എക്സാമിനു സമയം ആയിരുന്നു. ഞാൻ നേരെ ക്ലാസ്സിലോട്ട് ചെന്നു. ക്ലാസ്സിന്റെ ഇടതുവശത്തെ വരിയിലെ ആദ്യത്തെ ബെഞ്ചിൽ ഇരുന്നു ഡെസ്കിൽ തല ചായ്ച്ചു കിടക്കുന്ന അവളെ ഞാൻ കണ്ടു. ഞാൻ എന്റെ ബാക്ക് ബെഞ്ചിൽ പോയി ഇരുന്നു. മറ്റു  ചങ്ങായിമാർ എല്ലാം ആകാംഷയോടെ എന്നെ നോക്കുന്നു. എനിക്ക് ആകെപ്പാടെ ഒരു നാണക്കേടും സങ്കടവും എല്ലാമായി..  ഞാനും ഡെസ്കിൽ തല വെച്ച് കിടന്നു.

എന്റെ പൊട്ടാത്തരത്തിന് കൊറേ പ്രതീക്ഷിച്ചതുകൊണ്ടും സ്വപ്നം കണ്ടതുകൊണ്ടും ആവാം അന്ന് നല്ല സങ്കടം ഉണ്ടായിരുന്നു. പക്ഷെ ഇന്നൊരു ജാള്യതയോടെ അല്ലാതെ അതൊന്നും ഓർക്കാൻ കഴിയുന്നില്ല. ഇന്നും കാണുമ്പോൾ ചില ചങ്ങായിമാർ പറഞ്ഞു കളിയാക്കും. ഇന്നും ആ കുട്ടിയെ കാണുമ്പോൾ ഒരു ചമ്മൽ ആണ്.. ഓരോരോ മണ്ടത്തരങ്ങൾ...

ചിലനേരം ചിന്തിക്കും...  ഇന്ന് എനിക്കുള്ള വിഷമങ്ങളും സങ്കടങ്ങളും ഒക്കെ ചിലപ്പോൾ ഇതുപോലെ ആയിരിക്കും... ഭാവിയിൽ ഓർത്തു ചിരിക്കാനുള്ള ചില മണ്ടത്തരങ്ങൾ.


©believer


Comments

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട