Lockdown ചിന്തകൾ

Lockdown ഒരു ഒളിച്ചോട്ടം ആണ്. നമുക്ക് നേരിട്ട്  എതിർത്തു തോൽപ്പിക്കാൻ കഴിയാത്ത ഒരു ശത്രുവിൽ നിന്നൊരു ഒളിച്ചോട്ടം. ഭാവിയിൽ വാക്‌സിനുകൾ കണ്ടുപിടിച്ചേക്കാം. പക്ഷെ ഇപ്പോൾ ഇതല്ലാതെ വേറെ നിവർത്തി ഇല്ല. അങ്ങനെ നാടുനീളെ പരക്കം പാഞ്ഞു നടന്നിരുന്ന നാം ഇന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടിരിക്കുന്നു. ഒരു വിശ്രമം ഏതു മനുഷ്യന്റെ ജീവിതത്തിലും അനിവാര്യമാണ് എങ്കിലും ഇത്രയും നീണ്ട ഒരു വിശ്രമജീവിതം അല്പം വിഷമകരമാണ്. പ്രത്യേകിച്ച് ജീവിതത്തിന്റെ ഊർജമേറിയ കാലഘട്ടത്തിൽ ഉള്ള യുവ തലമുറയ്ക്ക്. അതിന്റെ അസഹിഷ്ണുത അവർക്ക് തീർച്ചയായും ഉണ്ടായിരിക്കും.  അത് അവർ പ്രധാനമായി പ്രകടിപ്പിക്കുന്ന ഒരിടം ആണ് സാമൂഹ്യ മാധ്യമങ്ങൾ. പല ആധുനിക സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുള്ള ഒരു സാങ്കൽപ്പിക സമരഭൂമി കൂടിയാണ് ഈ സാമൂഹ്യ മാധ്യമങ്ങൾ. ഇവ ഇന്നത്തെ തലമുറയുടെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ മൊബൈൽ ഫോൺ എന്ന ഉപകരണവും. ഒരുതരത്തിൽ വളരെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഈ മൊബൈൽ ഫോൺ. വളരെ വേഗത്തിൽ വിവരങ്ങൾ അറിയാനും വിവരങ്ങൾ പങ്കുവയ്ക്കുവാനും ഇന്ന് ഏറ്റവും നല്ല മാർഗം ഇതുതന്നെ ആണ്.
യഥാർത്ഥത്തിൽ പല കാര്യങ്ങളിലും നമ്മുടെ സമയം ലാഭിക്കാനാണ് മൊബൈൽ ഫോൺ കണ്ടുപിടിച്ചിട്ടുള്ളത്. പക്ഷെ ഒന്നാലോചിച്ചാൽ നമ്മുടെ ഓരോ ദിവസത്തിന്റെയും സിംഹഭാഗം മൊബൈൽ ഫോൺ കവർന്നിരിക്കുകയാണ്. ഞാൻ ആരെയും കുറ്റം പറയില്ല. കാരണം സാഹചര്യങ്ങൾ അങ്ങനെ ആണ്. എക്സ്ട്രാ ഓർഡിനറി ആയി ചിന്തിച്ചു lockdown ഫലപ്രദം ആക്കുന്ന മനുഷ്യരെ മാറ്റി നിർത്തിയാൽ ഈ ഞാനടക്കം ബാക്കി എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ ആണ്. എന്റെ ഒരു ഫോൺ ഉപയോഗ chart ആണിത്.



ഒരു ദിവസം ശരാശരി പത്തു മണിക്കൂർ ഞാൻ ഫോൺ ഉപയോഗിക്കുന്നു. അതായത് പത്തു മണിക്ക് എഴുന്നേറ്റ് പന്ത്രണ്ടു മണിക്ക് കിടക്കുന്ന എന്റെ ദിവസത്തിന്റെ എഴുപത് ശതമാനത്തോളം ഞാൻ ഫോണിലെ പല അപ്ലിക്കേഷനുകളിലും ആയി കഴിച്ചുകൂട്ടുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത് സ്വാഭാവികമായ കാര്യമാണ്. സാധാരണ ദിവസങ്ങളിലേത് വയ്ച്ചു നോക്കുമ്പോൾ കൂടുതൽ ആണെങ്കിലും lockdown ആയതുകൊണ്ട് ഇതിൽ ആരും അത്ര അത്ഭുതം പ്രകടിപ്പിക്കില്ല. അവിടെയാണ് വീഴ്ച സംഭവിക്കുന്നത്. രണ്ടു മാസത്തോളം നാം ഇങ്ങനെയാണ്. ഈ രണ്ടു മാസങ്ങൾ എന്തായാലും നമ്മിൽ പല മാറ്റങ്ങളും ഉരുവാക്കും. നാം നമ്മിലോട്ട് തന്നെ ചുരുങ്ങിയിരിക്കുന്ന ഒരു കാലഘട്ടം ആണ് ഇത്.  പക്ഷെ ഇത്രയും നാളത്തെ ഗൃഹവാസം കഴിഞ്ഞു ചെല്ലുമ്പോൾ നാം ഈ ചുരുങ്ങലിൽ തന്നെ തുടർന്ന് പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. സ്വാർത്ഥയുടെ ഒരു ലോകം ആണോ നമുക്ക് മുന്നിലുള്ളത്?. ഈ lockdown കഴിയുമ്പോൾ ഫോണിന്റെ ഉപയോഗം പഴയതുപോലെ കുറയ്ക്കുവാൻ നമുക്ക് സാധിക്കുമോ?. പലർക്കും അങ്ങനെ സാധിക്കാതെ വരാനുള്ള സാധ്യത ഞാൻ കാണുന്നു. റൺവേ സിനിമയിൽ ദിലീപേട്ടൻ പറയുന്നത് പോലെ "അത്ര പെട്ടെന്ന് നിർത്താൻ പറ്റില്ല... പല കമ്മിറ്റ്മെന്റ്സും ഉള്ളതാ...". ഇതായിരിക്കുമോ നമ്മുടെ ഭാവം.
എല്ലാവരും തങ്ങളുടെതായ ഒരു ലോകത്തിലേക്ക് ചുരുങ്ങി ജീവിക്കാൻ തുടങ്ങിയാൽ എന്താവും ഭാവി?..  ഇതെല്ലാം നാം നമ്മോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ആണ്. വീട്ടിൽ അച്ഛൻ ഉള്ളതുകൊണ്ട് നാളത്തെ അന്നത്തെക്കുറിച്ച് നമുക്ക് ചിന്തിക്കേണ്ടതില്ലായിരിക്കാം. പക്ഷെ നാളത്തെ ലോകത്തെ കുറിച്ച് ചിന്തിക്കാൻ നാം മാത്രമാണ് ഉള്ളത്. നമ്മുടെ മുഖ്യമന്ത്രിയുടെ ലൈനിൽ പറഞ്ഞാൽ.. ഭാവിയെക്കുറിച്ച് ഇങ്ങനെ ഒരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.. വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട